ഐടി ഓഹരികളില്‍ തകര്‍ച്ച, നഷ്ടത്തില്‍ അവസാനിച്ച് വിപണി

Update: 2023-01-06 11:03 GMT


തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും നഷ്ടത്തില്‍ അവസാനിച്ച് വിപണി. ഐടി ഓഹരികളില്‍ തകര്‍ച്ചയാണ് വിപണിക്ക് പ്രതികൂലമായത്. സെന്‍സെക്‌സ് 452.90 പോയിന്റ് നഷ്ടത്തില്‍ 59,900 .37 ലും നിഫ്റ്റി 132.70 പോയിന്റ് ഇടിഞ്ഞ് 17,859.45 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 683.36 പോയിന്റ് താഴ്ന്ന് 59,669.91 ല്‍ എത്തിയിരുന്നു.

സെന്‍സെക്‌സില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ബജാജ് ഫിന്‍സേര്‍വ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, കൊട്ടക് മാഹിന്റെ ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ് എന്നിവ നഷ്ടത്തിലായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ, ഐടിസി, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ എന്നിവ ലാഭത്തിലായിരുന്നു.

ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ എന്നിവ ലാഭത്തിലും ഹോങ്കോങ് നഷ്ടത്തിലും അവസാനിച്ചു. യൂറോപ്യന്‍ വിപണികള്‍ ഉച്ച കഴിഞ്ഞുള്ള സെഷനില്‍ സമ്മിശ്രമായാണ് വ്യാപാരം ചെയ്തിരുന്നത്. വ്യാഴാഴ്ച യു എസ് വിപണി നഷ്ടത്തിലായിരുന്നു.

'ആഗോള വിപണികളില്‍ ഡിസംബറില്‍ പ്രകടമായ ട്രെന്‍ഡ് തുടരുമ്പോള്‍ അതിനെ അനുകരിച്ച് ഇന്ത്യന്‍ വിപണിയിലും അല്പം ജാഗ്രതയോടെയാണ് പുതുവര്‍ഷത്തില്‍ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. പ്രധാന കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനയില്‍ തുടരുന്ന കടും പിടിത്തത്തില്‍ അയവു വരുത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും പണപ്പെരുപ്പത്തിന്റെയും , നിരക്ക് വര്‍ധനയുടെയും ആശങ്കകള്‍ നില നില്‍ക്കുന്നുണ്ട്,' ജൂലിയസ് ബെയര്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിലിന്ദ് മുച്ചാല പറഞ്ഞു. 

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 0.15 ശതമാനം വര്‍ധിച്ച് ബാരലിന് 78.81 ഡോളറായി. വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച 1,449.45 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.


Tags:    

Similar News