ഐടിസി മൂല്യമേറിയ FMCG ഓഹരിയായി; മറികടന്നത് ഹിന്ദുസ്ഥാന്‍ യൂണിലിവറിനെ

  • ഐടിസിയുടെ വിപണി മൂല്യം 6.14 ട്രില്യണ്‍ രൂപയാണ്
  • 6.09 ട്രില്യണ്‍ രൂപ വിപണി മൂല്യമുള്ള എച്ച്‌യുഎല്ലിന് ഇപ്പോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനമാണ്
  • സിഗരറ്റ് വിപണിയില്‍ ഐടിസിയുടെ വിഹിതം 80 ശതമാനമാണ്

Update: 2023-07-25 05:43 GMT

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്തെ ഏറ്റവും മൂല്യമുള്ള ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (FMCG) ഓഹരിയായി ഐടിസി ജുലൈ 24ന് മാറി.

ഏഷ്യയിലെ ഏറ്റവും വലിയ സിഗരറ്റ് നിര്‍മാതാക്കളെന്ന ഖ്യാതിയുള്ള കമ്പനിയായ ഐടിസിക്ക് ഹോട്ടല്‍, പേപ്പര്‍ തുടങ്ങിയ ബിസിനസ്സുകളുമുണ്ട്.

ഹിന്ദുസ്ഥാന്‍ യൂണിലിവറിനെയാണ് (Hindustan Unilever limited -HUL) ഐടിസി മറികടന്നത്.

കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 70 ശതമാനത്തിലധികം റാലി നടത്തിയ ഐടിസി മറ്റെല്ലാ നിഫ്റ്റി 50 ഓഹരികളെയും മറികടന്നു.

ഐടിസിയുടെ വൈവിധ്യമാര്‍ന്ന ബിസിനസ്സ് താല്‍പര്യങ്ങള്‍ കാരണം 2023 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഓരോ ഓഹരിക്കും വരുമാനം ഏകദേശം 30 ശതമാനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു.

6 ട്രില്യണ്‍ രൂപയില്‍ കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനികളുടെ എലൈറ്റ് ഗ്രൂപ്പില്‍ ഐടിസി കഴിഞ്ഞ ആഴ്ച ചേര്‍ന്നു. ഇപ്പോള്‍ ഐടിസിയുടെ വിപണി മൂല്യം 6.14 ട്രില്യണ്‍ രൂപയാണ്. വിപണി മൂല്യത്തില്‍

HULനെ മറികടക്കുകയും ചെയ്തു.

6.09 ട്രില്യണ്‍ രൂപ വിപണി മൂല്യമുള്ള എച്ച്‌യുഎല്ലിന് ഇപ്പോള്‍ റാങ്കിംഗില്‍ ആറാം സ്ഥാനമാണ്.

ഇന്ത്യയില്‍ സിഗരറ്റ് വിപണിയില്‍ ഐടിസിയുടെ വിഹിതം 80 ശതമാനമാണ്. ഇതിനു പുറമെ ബിസ്‌ക്കറ്റ്, നൂഡില്‍സ്, സ്‌നാക്ക്‌സ്, ചോക്കളേറ്റ്, ഡയറി പ്രൊഡക്റ്റ്‌സ്, പേഴ്‌സണല്‍ കെയര്‍ പ്രൊഡക്റ്റ്‌സ്, പേപ്പര്‍ ബോര്‍ഡ്, പ്രിന്റിംഗ് ആന്‍ഡ് പാക്കേജിംഗ് ബിസിനസ്, അഗ്രി ആന്‍ഡ് ഹോട്ടല്‍ തുടങ്ങിയ മേഖലകളിലും ഐടിസിയുടെ സാന്നിധ്യമുണ്ട്.

കോവിഡ്19 മഹാമാരി വിതച്ച മാന്ദ്യത്തിനു ശേഷം യാത്ര, വിവാഹം, കോര്‍പ്പറേറ്റ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമീപകാലത്ത് തിരിച്ചുവന്നു. ഇതാകട്ടെ ഹോട്ടലുകളുടെ വളര്‍ച്ചയ്ക്കു സഹായകരമായി. ഇതിനൊപ്പം ഹോട്ടല്‍ ബിസിനസ്സിനെ വിഭജിച്ച് ഐടിസി ഹോട്ടല്‍സ് എന്ന പേരില്‍ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു ഉപകമ്പനിയാക്കി മാറ്റുന്നതിന് ഐടിസി ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് തത്വത്തില്‍ അനുമതി നല്‍കിയത് ഐടിസിയുടെ ലാഭം വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

2023 ഓഗസ്റ്റ് 14ന് ചേരുന്ന ഐടിസി ബോര്‍ഡ് യോഗം വിഭജനത്തിനായുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

30 ലക്ഷത്തോളം വരുന്ന ഓഹരിയുടമകള്‍ക്ക് വിഭജനത്തിലൂടെ മികച്ച മൂല്യം നേടികൊടുക്കുക എന്നതാണ് ലക്ഷ്യം.

വിഭജനത്തിനു ശേഷം പുതിയ സ്ഥാപനത്തിന്റെ 40 ശതമാനം ഓഹരികള്‍ കമ്പനിയുടെ കൈവശമായിരിക്കും. 60 ശതമാനം നിലവിലെ ഓഹരിയുടമകള്‍ക്ക് അവര്‍ കൈവശം വച്ചിരിക്കുന്ന ഐടിസിയുടെ ഓഹരിക്ക് ആനുപാതികമായി നല്‍കും.

ഐടിസി ഹോട്ടല്‍സ് ഗ്രൂപ്പിനു കീഴില്‍ 120-ലധികം ഹോട്ടലുകളും 11,600 റൂമുകളും, 70-ലധികം ലൊക്കേഷനുകളിലായി ഉണ്ട്. 2,700 കോടി രൂപയാണ് ഐടിസി ഹോട്ടല്‍സിന്റെ വരുമാനമായി കണക്കാക്കുന്നത്.

18,300 കോടി രൂപയാണ് ഐടിസി ഹോട്ടല്‍സിന്റെ വിപണി മൂല്യമായി കണക്കാക്കുന്നത്.

ഐടിസിയുടെ ഓഹരി വില ഈ വര്‍ഷം കുത്തനെയുള്ള ഉയര്‍ച്ചയാണ് പ്രകടമാക്കുന്നത്. ഐടിസി ഓഹരി വില 2023-ല്‍ ഇതുവരെ 42 ശതമാനത്തിലധികം ഉയര്‍ന്നു.

ഐടിസി ഹോട്ടല്‍സിന്റെ വിഭജന വാര്‍ത്തയെ തുടര്‍ന്ന് ജുലൈ 24ന് ഐടിസി ഓഹരികള്‍ ബിഎസ്ഇയില്‍ നാല് ശതമാനം ഇടിഞ്ഞ് 468 രൂപയിലെത്തി.

Tags:    

Similar News