stock market updates
മുംബൈ : ഏഷ്യന്‍ വിപണികള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയിലും ആദ്യഘട്ടത്തില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 463.1 പോയിന്റ് ഇടിഞ്ഞ് 61,200.38 ലും നിഫ്റ്റി 129.25 പോയിന്റ് ഇടിഞ്ഞ് 18,178.40 ലുമെത്തി. സെന്‍സെക്‌സില്‍ ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക്ക് മഹീന്ദ്ര,എച്ച് ഡിഎഫ് സി, ഇന്‍ഫോസിസ്, ടാറ്റ കണ്‍സണ്‍ട്ടന്‍സി സര്‍വീസ്,നെസ്ലെ എന്നിവ നഷ്ടത്തിലാണ്.
ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ എന്നിവ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ങ്ഹായ്, ഹോംഗ്കോങ് എന്നിവ ദുര്‍ബലമായി വെള്ളിയാഴ്ച യു എസ് വിപണി മുന്നേറ്റത്തിലായിരുന്നു.
'വിപണിയില്‍ ഇപ്പോള്‍ ഒരേ പോലെ അനുകൂലമായും പ്രതികൂലമായുമുള്ള അവസ്ഥകള്‍ സ്വാധീനിച്ചേക്കാം. ബ്രെന്റ് ക്രൂഡ് വില ബാരലിന് 86.75 ഡോളറായി കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണകരമാണ്. എന്നാല്‍ സമീപകാല വിപണിയുടെ മുന്നേറ്റം ക്രമാനുഗതമായി കുറയുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കും,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.
യു എസ് പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവ് വിപണിയില്‍ പ്രതിഫലിച്ചുവെങ്കിലും പണപ്പെരുപ്പത്തിന്റെയും, പലിശ നിരക്കിന്റെയും ഗതി മനസിലാവുന്നതിനു കൂടുതല്‍ ഡാറ്റകള്‍ പുറത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച സെന്‍സെക്‌സ് 87.12 പോയിന്റ് താഴ്ന്ന് 61,663.48 ലും നിഫ്റ്റി 36.25 പോയിന്റ് കുറഞ്ഞ് 18,307.65 ലുമാണ് അവസാനിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില 1.22 ശതമാനം താഴ്ന്ന് ബാരലിന് 86.55 ഡോളറായി.വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 751.20 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.
