വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും, ആഗോള വിപണികളിലെ ദൗര്‍ബല്യവും ആഭ്യന്തര വിപണി ഗാപ് ഡൗണില്‍ ആരംഭിക്കുന്നതിനു കാരണമായി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 495.53 പോയിന്റ് താഴ്ന്ന് 61,686.14 ലും നിഫ്റ്റി 147.15 പോയിന്റ് തകര്‍ച്ചയില്‍ 18,349.45 ലുമെത്തി. 10 .15 നു സെന്‍സെക്‌സ് 79 .37 പോയിന്റ് നഷ്ടത്തില്‍ 62,102.30 ലും നിഫ്റ്റി 21.75 പോയിന്റ് നഷ്ടത്തില്‍ 18,474.85 ലുമാണ് വ്യാപാരം ചെയുന്നത്.
സെന്‍സെക്‌സില്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സേര്‍വ്, അള്‍ട്രാ ടെക്ക് സിമന്റ് എന്നിവ നഷ്ടത്തിലാണ്. ഐടിസി, ഡോ റെഡ്ഢി എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ദുര്‍ബലമായാണ് വ്യാപാരം ചെയ്യുന്നത്. വെള്ളിയാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
'യു എസ് ഫെഡിന്റെയും യൂറോപ്യന്‍ കേന്ദ്രബാങ്കുകളുടെയും നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി പ്രതീക്ഷിച്ചിരിക്കുന്നതിനാല്‍ ഡോളര്‍ മൂല്യം ഇന്ന് ഉയര്‍ന്നിട്ടുണ്ട്, എന്നാല്‍ ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്,' ഹേം സെക്യുരിറ്റീസിന്റെ ഹെഡ് മോഹിത് നിഗം പറഞ്ഞു.
വെള്ളിയാഴ്ച സെന്‍സെക്‌സ് 389.01 പോയിന്റ് നഷ്ടത്തില്‍ 62,181.67 ലും നിഫ്റ്റി 112.75 പോയിന്റ് താഴ്ന്നു 18,469.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.71 ശതമാനം വര്‍ധിച്ച് ബാരലിന് 76.64 ഡോളറായി. വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ 158.01 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
