വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിറ്റഴിക്കലും, ബാങ്കിങ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലുള്ള വില്പന സമ്മർദ്ദവും വിപണിയെ ദുർബലമാക്കി. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 578.19 പോയിന്റ് ഇടിഞ്ഞ് 59626 .87 ലെത്തി. നിഫ്റ്റി 144 .7 പോയിന്റ് നഷ്ടത്തിൽ 17,747.25 ലുമെത്തി. 10.31 ന് സെൻസെക്സ്, 674.99 പോയിന്റ് ഇടിഞ്ഞ് 59,530.07 ലും നിഫ്റ്റി 188.05 പോയിന്റ് നഷ്ടത്തിൽ 17,703.90 ലുമാണ് വ്യാപാരം ചെയുന്നത്
സെൻസെക്സിൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ് സി , ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലാണ്. ടാറ്റ മോട്ടോഴ്‌സ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ എന്നിവ ലാഭത്തിലാണ്.
ഏഷ്യൻ വിപണിയിൽ സിയോൾ, ഷാങ്ഹായ്, എന്നിവ നേട്ടത്തിലും, ഹോങ്കോങ് നഷ്ടത്തിലുമാണ്. വ്യാഴാഴ്ച യു എസ് വിപണി നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച ആഭ്യന്തര വിപണി അവധിയായിരുന്നു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.38 ശതമാനം ഉയർന്ന് ബാരലിന് 87 .80 ഡോളറായി. വിദേശ നിക്ഷേപകർ ബുധനാഴ്ച 2,393.94 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
"ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന ഫെഡറൽ റിസേർവിന്റെ പലിശ നിരക്കുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രഖ്യാപനവും, കേന്ദ്ര ബഡ്ജറ്റും വിപണിക്ക് നിർണായകമാകും," മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ റീസേർച്ച് അനലിസ്റ്റ് പ്രശാന്ത് താപ്സെ പറഞ്ഞു. ബുധനാഴ്ച സെൻസെക്സ് 773.69 പോയിന്റ് ഇടിഞ്ഞ് 60,205.06 ലും 226.35 പോയിന്റ് താഴ്ന്ന് 17,891.95 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്.
