കൊടുമുടികൾ കയറി സൂചികകൾ; ലാഭം കണ്ടെടുക്കാനാവാതെ നിക്ഷേപകർ

  • അമേരിക്കന്‍ വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്; ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (-497.57) നസ്‌ഡേക് കോമ്പസിറ്റും (-176.86) എസ് ആൻഡ് പി 500 (-62.18) ഉം കിതച്ചു നിന്നു.
  • സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്നും തുടക്കം; രാവിലെ 7.30-നു -75.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.

Update: 2022-11-29 02:19 GMT

കൊച്ചി: ഇന്നലെയും വിപണി ഉയരത്തിൽ തന്നെയായിരുന്നു. പക്ഷെ നിക്ഷേപകർ നിരാശയിലാണ്. ഇൻട്രാഡെയുടെ ഹരമൊന്നും പലരിലും കാണാനില്ല. എങ്ങോട്ട്, എവിടെയ്ക്ക് എന്നൊന്നും ആർക്കും നിർവചിക്കാനാവുന്നില്ല എന്നതാണ് കാരണം. ഇന്നലെ സെന്‍സെക്‌സ്, 211.16 പോയിന്റ് വര്‍ധിച്ച് 62,504.80 ല്‍ വ്യാപാരം അവസാനിച്ചപ്പോള്‍ നിഫ്റ്റി 50 പോയിന്റ് നേട്ടത്തില്‍ 18,562.75 ലും ക്ളോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് ആജീവനാന്ത ഉയരമായ 62,701.40 ലെത്തിയിരുന്നു; നിഫ്റ്റിയാകട്ടെ 18,613.20 എന്ന ആജീവനാന്ത ഉയരത്തിലും. വിദേശ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി പറയുന്നത് 2023 ഡിസംബറോടെ സെൻസെക്‌സ് 80,000-ൽ എത്തുമെന്നാണ്.

ആഗോള സൂചികകൾ സൂചനകളല്ലാതായി; താഴ്ന്നും ഉയർന്നും ഓരോ ദിവസവും അവ നീങ്ങുന്നു. ശക്തമായ ഓഹരികൾ വാങ്ങുക എന്ന ഉപദേശം മാത്രമെ പല വിദഗ്ധന്മാർക്കും നൽകാനുള്ളൂ.

എങ്കിലും, കാര്യങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ട്. ഫെഡ് മീറ്റിംഗാണ് അടുത്ത ആഴ്ച; ബുധനാഴ്ച യുഎസ് ഫെഡ് ചെയർമാന്റെ നയനിലപാടുകള്‍ പുറത്തു വരും. ഡിസംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ ആർബിഐ-യുടെ പണനയ മീറ്റിംഗമുണ്ട്: നേരിയ കുറവുണ്ടെങ്കിലും പണപ്പെരുപ്പം ഇപ്പോഴും തുടരുന്നതിനാൽ നിരക്കുയര്‍ത്തല്‍ തുടര്‍ന്നേക്കുമെന്ന് സൂചന. ഒക്ടോബറില്‍ രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം മുന്‍ മാസത്തെ 7.41 ശതമാനത്തില്‍ നിന്നും 6.77 ശതമാനത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍, ആര്‍ബിഐയുടെ സഹന പരിധിയായ ആറ് ശതമാനത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പലിശ നിരക്ക് വീണ്ടും 25-35 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കാമെന്നുള്ള റിപ്പോര്‍ട്ടുകള്‍. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ നാളെ (ബുധനാ)ഴ്ച പ്രഖ്യാപിക്കും, അതേസമയം നിർമ്മാണ മേഖലയിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) വ്യാഴാഴ്ച പ്രസിദ്ധീകരിക്കും. വാഹന വിപണിയിലെ കണക്കുകളും ആഴ്ചയുടെ അന്ത്യത്തോടെ പുറത്തുവരും.

ഇതിനിടയിൽ, നടപ്പ് സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ് തിങ്കളാഴ്ച 7 ശതമാനമായി കുറച്ചു, എന്നാൽ ആഭ്യന്തര ഡിമാൻഡ് ശക്തമായതിനാൽ സമ്പദ്‌വ്യവസ്ഥയെ ആഗോള മാന്ദ്യം ബാധിക്കില്ലെന്ന് അവർ പറയുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2022-23ൽ 7.3 ശതമാനവും അടുത്ത സാമ്പത്തിക വർഷം (2023-24) 6.5 ശതമാനവും വളർച്ച കൈവരിക്കുമെന്ന് സെപ്തംബറിൽ എസ് ആൻഡ് പി പ്രവചിച്ചിരുന്നു.

എന്നാൽ, ആഭ്യന്തര കണക്കുകൾ ആവേശം പകരുന്നു. ശീതകാലം തുടങ്ങുന്നതിനു മുന്‍പ് മുന്‍നിര എഫ്എംസിജി കമ്പനികള്‍ക്ക് ശൈത്യകാല ഉത്പന്നങ്ങളുടെ വില്‍പനയില്‍ മികവെന്ന് ഒരു റിപ്പോർട്ട്; ഡാബര്‍ , മാരിക്കോ, ഇമാമി മുതലായ പ്രമുഖ കമ്പനികളുടെയെല്ലാം ശൈത്യ കാല ഉത്പന്നങ്ങളുടെ ഡിമാന്റ് വര്‍ധിക്കുന്നുണ്ട്.

എൻഎസ്ഇയിൽ ലഭ്യമായ താൽക്കാലിക ഡാറ്റ പ്രകാരം നവംബർ 28 ന് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 935.88 കോടി രൂപയുടെ ഓഹരികൾ അധികം വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ 87.93 കോടി രൂപയുടെ ഓഹരികൾ അധികം വിറ്റു.

സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി താഴ്ചയിലാണ് ഇന്നും തുടക്കം; രാവിലെ 7.30-നു -75.00 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.

വിദഗ്ധാഭിപ്രായം

രൂപക് ദേ, എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്: "ബുള്ളിഷ് ക്രോസ്‌ഓവറിലും റൈസിംഗിലും നിഫ്റ്റി നിലവിലുള്ള ബുള്ളിഷ് പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി കാണപ്പെടുന്നു. താഴ്ചയിൽ പിന്തുണ 18,400 ലും ഉയർന്ന തലത്തിൽ പ്രതിരോധം 18,616/18,800 ലും ഉണ്ട്.

ബാങ്ക് നിഫ്റ്റിയെക്കുറിച്ച് എൽകെപി സെക്യൂരിറ്റീസിലെ തന്നെ മറ്റൊരു മുതിർന്ന ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ: "ബാങ്ക് നിഫ്റ്റി സൂചിക വ്യക്തമായ ദിശാസൂചനകളില്ലാതെ ഒരു ഫ്ലാറ്റ് നോട്ടിലാണ് അവസാനിച്ചത്, എന്നിരുന്നാലും, ട്രെൻഡ് പോസിറ്റീവ് ആയി തുടരുന്നു. സൂചിക 42,500-43,500 ന് ഇടയിലുള്ള ഒരു പരിധിയിൽ കുടുങ്ങി, ഇരുവശത്തുമുള്ള ബ്രേക്ക്ഔട്ട് ഒരു ദിശാസൂചനയിലേക്ക് നയിക്കും. ബുള്ളിഷ് പ്രവണത തുടരുമെന്നാണ് ഇത് അടിവരയിടുന്നത്. 42800 ലെവലിൽ ഉടനടി പിന്തുണയുള്ള താഴുമ്പോൾ വാങ്ങുക (ബൈ-ഓൺ-ഡിപ്പ്) എന്ന സമീപനം ഉണ്ടായിരിക്കണം."

ലോക വിപണി

ഇന്ന് രാവിലെ ഏഷ്യൻ വിപണികൾ പൊതുവെ താഴ്ചയിലാണ് തുടക്കം. ടോക്കിയോ നിക്കെ (-131.16), തായ്‌വാൻ (-30.83), ജക്കാർത്ത കോമ്പസിറ്റ് (-35.79), എന്നിവ ചുവപ്പിൽ തുടരുമ്പോൾ ഹാങ്‌സെങ് (281.70), സൗത്ത് കൊറിയൻ കോസ്‌പി (8.03) ഷാങ്ഹായ് (27.30) എന്നിവ പച്ചയിലാണ്.

ഇന്നലെ യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-158.02) പാരീസ് യുറോനെക്സ്റ്റും (-47.28) ലണ്ടൻ ഫുട്‍സീയും (-12.65) ഇടിഞ്ഞു.

അമേരിക്കന്‍ വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്; ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (-497.57) നസ്‌ഡേക് കോമ്പസിറ്റും (-176.86) എസ് ആൻഡ് പി 500 (-62.18) ഉം കിതച്ചു നിന്നു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി എച്ച്എസ്ബിസി അസെറ്റ് മാനേജ്മെന്റ് (ഇന്ത്യ). ഏകദേശം 3,500 കോടി രൂപയ്ക്കാണ് എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റിനെ എച്ച്എസ്ബിസി ഏറ്റെടുത്തത്. എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോള്‍ഡിംഗ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ്.

ഇന്റഗ്രേറ്റഡ് ഇന്റർ-മോഡൽ ലോജിസ്റ്റിക്സ് ഓപ്പറേറ്ററായ ഗേറ്റ്‌വേ ഡിസ്‌ട്രിപാർക്ക്‌സ് 2025 സാമ്പത്തിക വർഷത്തോടെ കുറഞ്ഞത് 500 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ജയ്പൂരിൽ ഗ്രീൻഫീൽഡ് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോ വരുകയും കാശിപൂരിൽ ഒരു ഐസിഡി ടെർമിനൽ ഏറ്റെടുക്കുകയും ചെയ്യും.

എൻ‌ഡി‌ടി‌വി പ്രൊമോട്ടർ സ്ഥാപനമായ ആർ‌ആർ‌പി‌ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ ഇക്വിറ്റി മൂലധനത്തിന്റെ 99.5 ശതമാനവും എ‌എം‌ജി മീഡിയ നെറ്റ്‌വർക്കിന്റെ (എഎംഎൻഎൽ) ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് (വി‌സി‌പി‌എൽ) കൈമാറിയതായി നവംബർ 28 ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. എഎംഎൻഎൽ അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗമാണ്.

നോർജസ് ബാങ്ക് അമി ഓർഗാനിക്‌സിലെ 10.92 ലക്ഷം ഓഹരികൾ ഷെയറൊന്നിന് ശരാശരി 920 രൂപ നിരക്കിൽ വാങ്ങി. സ്മോൾ ക്യാപ് വേൾഡ് ഫണ്ട് ഇങ്ക് 12.72 ലക്ഷം ഓഹരികൾ അതേ വിലയിൽ വിറ്റു.

ഐനോക്‌സ് ഗ്രീൻ എനർജിയുടെ 18 ലക്ഷം ഓഹരികൾ ഒരു ഷെയറിന് ശരാശരി 61.69 രൂപ നിരക്കിൽ ഡോവ്ടൈൽ ഇന്ത്യ ഫണ്ട് വിറ്റു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,855 രൂപ.

യുഎസ് ഡോളർ = 81.65 രൂപ (-0.35 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 83.19 ഡോളർ (+0.74%)

ബിറ്റ് കോയിൻ = 14,09,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.19 ശതമാനം താഴ്ന്നു 106.43 ആയി.

ഐപിഒ

അഹമ്മദാബാദ് ആസ്ഥാനമായുള്ള അഗ്രോകെമിക്കൽ കമ്പനിയായ ധർമജ് ക്രോപ്പ് ഗാർഡിന്റെ 251 കോടി രൂപയുടെ പ്രാഥമിക ഓഹരി വിൽപന ചില്ലറ നിക്ഷേപകരിൽ നിന്നുള്ള ശക്തമായ പ്രതികരണത്തെത്തുടർന്ന് ആദ്യദിവസം 1.79 മടങ്ങ് സബ്‌സ്‌ക്രൈബു ചെയ്‌തു. ഓഹരിയൊന്നിന് 216-237 രൂപ വില നിശ്ചയിച്ച ഐപിഒ നവംബർ 30 ന് അവസാനിക്കും. 

Tags:    

Similar News