ബാങ്കിംഗിലേക്ക് തിരിയാനൊരുങ്ങി ബുള്ളുകള്‍; ഫെഡ് പ്രഖ്യാപനത്തിന് കാതോര്‍ത്ത് വിപണി

  • വാരാന്ത്യത്തില്‍ പ്രഖ്യാപിക്കപ്പെട്ട റിസള്‍ട്ടുകള്‍ വിപണിയെ സ്വാധീനിക്കും
  • ഈ വാരത്തില്‍ 380ഓളം കമ്പനികള്‍ റിസള്‍ട്ട് പ്രഖ്യാപിക്കും

Update: 2023-07-24 03:18 GMT

തുടര്‍ച്ചയായ നാലാം വാരത്തിലും നേട്ടം രേഖപ്പെടുത്തിക്കൊണ്ടാണ് ആഭ്യന്തര ഓഹരി വിപണികള്‍ കഴിഞ്ഞ വാരത്തെ  വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളിലെ റാലിക്കു ശേഷം പക്ഷേ, ജൂലൈ 21 വെള്ളിയാഴ്ച വിപണികള്‍ നഷ്ടത്തിലേക്ക് നീങ്ങി. ഇന്‍ഫോസിസ്, എച്ച്‍യുഎല്‍ തുടങ്ങിയ കമ്പനികളുടെ റിസള്‍ട്ടുകള്‍ പ്രതീക്ഷയ്ക്കൊക്ക് ഉയരാതിരുന്നതും  ഐടി മേഖലയിലെ വരുമാനം സംബന്ധിച്ച് ഉയര്‍ന്നുവന്ന നെഗറ്റിവ് കാഴ്ചപ്പാടുമാണ് പ്രധാനമായും ഇതിന് കളമൊരുക്കിയത്. 

ശ്രദ്ധ ബാങ്കിംഗ് ഓഹരികളിലേക്ക്

ഇന്ന് പ്രധാനമായും നിക്ഷേപകര്‍ ഉറ്റുനോക്കുന്ന ഒരു മേഖല ബാങ്കിംഗ് ഓഹരികളുടേതായിരിക്കും എന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. വാരാന്ത്യത്തിലും അതിനും മുമ്പുമായി വിവിധ ബാങ്കിംഗ് കമ്പനികളുടെ ആദ്യ പാദ ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിപണിയിലെ പ്രമുഖമായ ഐസിഐസിഐ ബാങ്ക് തങ്ങളുടെ അറ്റാദായത്തില്‍ 40 ശതമാനം എന്ന മികച്ച വാര്‍ഷിക വളര്‍ച്ചയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 9,648 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയത്. അറ്റ പലിശ വരുമാനത്തില്‍ 38 ശതമാനത്തിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ മുന്‍ വര്‍ഷം സമാന കാലയളവിലെ 4.01 ശതമാനത്തില്‍ നിന്ന് 4.78 ശതമാനമായും മാറി. മൊത്തം നിഷ്ക്രിയാസ്തി 3.4 ശതമാനത്തില്‍ നിന്ന് 2.76 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. മൊത്തം പ്രവര്‍ത്തന  വരുമാനത്തില്‍ 35 .2 ശതമാനത്തിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ സംയോജിത ലാഭം 50.62 ശതമാനം വാര്‍ഷിക വര്‍ധനയോടെ 4,150.19 കോടി രൂപയില്‍ എത്തി. സ്റ്റാന്‍റ് എലോണ്‍ അടിസ്ഥാനത്തില്‍ അറ്റാദായം 66 .7 ശതമാനം വളര്‍ച്ചയോടെ 3,452.30 കോടി രൂപയായി. അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്കു മുകളില്‍ നില്‍ക്കുന്ന പ്രകടനമായിരുന്നു ഇത്. ആസ്തി ഗുണനിലവാരത്തിന്‍റെ കാര്യമെടുത്താലും ബാങ്ക് കാര്യങ്ങള്‍‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. മൊത്ത നിഷ്ക്രിയാസ്തി അനുപാതം 2.27 ശതമാനത്തില്‍  നിന്ന് 1.75 ശതമാനത്തിലേക്ക് ഇടിഞ്ഞു. 

ആദ്യപാദത്തില്‍ ആര്‍ബിഎല്‍ ബാങ്കിന്‍റെ അറ്റാദായത്തില്‍ 43 ശതമാനം വളര്‍ച്ചയും യെസ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 10.26 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. യെസ് ബാങ്കിന്‍റെ ആസ്തി ഗുണ നിലവാരം ഗണ്യമായി മെച്ചപ്പെട്ടു. ഒരു വര്‍ഷം മുമ്പ് സമാന പാദത്തില്‍ ഉണ്ടായിരുന്ന 13.4 ശതമാനത്തില്‍ നിന്ന് മൊത്ത നിഷ്ക്രിയാസ്തി അനുപാതം 2 ശതമാനത്തിലേക്ക് താഴ്ന്നു. എയു സ്മാള്‍ ഫിനാന്‍സ് ബാങ്കിന്‍റെ അറ്റാദായം 44 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 

കൊട്ടക്ക് മഹീന്ദ്ര ബാങ്ക് 50.62% വളര്‍ച്ചയാണ് ആദ്യ പാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ നേടിയിട്ടുള്ളത്. സ്റ്റാന്‍റ് എലോണ്‍ അടിസ്ഥാനത്തില്‍ 66.7 ശതമാനം വളര്‍ച്ചയാണ് നേടിയത്. വിശകലന വിദഗ്ധര്‍ കണക്കുകൂട്ടിയതിനും മേലേയാണിത്. മൊത്ത നിഷ്ക്രിയാസ്തി അനുപാതം 2.27 ശതമാനത്തില്‍ നിന്ന് 1.75 ശതമാനത്തിലേക്ക് ഇടിഞ്ഞു.

 ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (ഐഎഫ്‌സി), ഐഎഫ്‌സി ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഗ്രോത്ത് ഫണ്ട് (എഫ്‌ഐജി), ഐഎഫ്‌സി എമർജിംഗ് ഏഷ്യ ഫണ്ട് (ഇഎഎഫ്) എന്നിവയ്‌ക്ക് 7.27 കോടി പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 958.75 കോടി രൂപ സമാഹരിക്കുന്നതിനുള്ള ഫെഡറൽ ബാങ്കിന്‍റെ തീരുമാനവും ഇന്ന് നിക്ഷേപകരെ സ്വാധീനിക്കും.  ഇതോടെ ഫെഡറൽ ബാങ്കിന്റെ പെയ്ഡ് അപ്പ് മൂലധനം നിലവിലെ 423.55 കോടി രൂപയിൽ നിന്ന് 438.09 കോടി രൂപയായി ഉയരും.  ആദ്യപാദത്തിലെ അറ്റാദായം 42 ശതമാനം വാര്‍ഷിക വര്‍ധനയോടെ 854 കോടി രൂപയിൽ എത്തിക്കാന്‍ ഫെഡറല്‍ ബാങ്കിനായിട്ടുണ്ട്. ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടു. 

എച്ച്ഡിഎഫ്‍സി ലൈഫ് 17 ശതമാനം വളര്‍ച്ച വാര്‍ഷിക അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പ്രീമിയം വരുമാനത്തില്‍ 17 ശതമാനം വളര്‍ച്ച നേടാനും ഈ ഇന്‍ഷുറന്‍സ് കമ്പനിക്കായി. ഫിന്‍ടെക് രംഗത്തെ മുന്‍നിരക്കാരായ പേടിഎമ്മിന്റെ ഉടമയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ 2023 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ നഷ്ടം 358.4 കോടി രൂപയായി കുറഞ്ഞു.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 645.4 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

കോര്‍പ്പറേറ്റ് വരുമാനം

റിസള്‍ട്ട് പ്രഖ്യാപന സീസണ്‍ മുന്നോട്ടുപോകവേ, ഈയാഴ്ച നിക്ഷേപകര്‍ ഉറ്റുനോക്കുന്ന പ്രധാന റിസള്‍ട്ടുകള്‍ ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്‌സ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, സിപ്ല, ശ്രീ സിമന്റ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടെക് മഹീന്ദ്ര, എസിസി, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇന്ത്യ തുടങ്ങിയ കമ്പനികളില്‍ നിന്നാണ്. ഈയാഴ്ച 380 ഓളം കമ്പനികള്‍ തങ്ങളുടെ റിസള്‍ട്ട് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 

വാരാന്ത്യത്തില്‍ പുറത്തിറങ്ങിയ റിലയന്‍സ് ഇന്‍റസ്ട്രീസിന്‍റെ റിസള്‍ട്ട് അറ്റാദായത്തില്‍ 6 ശതമാനത്തിന്‍റെയും  വരുമാനത്തില്‍ 4.7 ശതമാനത്തിന്‍റെയും ഇടിവാണ് രേഖപ്പെടുത്തിയത്. ഓയില്‍ ടു കെമിക്കല്‍ ബിസിനസിലെ മാന്ദ്യമാണ് പ്രധാനമായും നിരാശജനകമായ റിസള്‍ട്ടിന് കാരണമായത്. ഇന്ന് പുറത്തുവരാനിരിക്കുന്ന ടാറ്റാ സ്റ്റീല്‍ റിസള്‍ട്ടും നഷ്ടമാണ് രേഖപ്പെടുത്തുകയെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. യൂറോപ്യന്‍ മേഖലയിലെ പ്രവര്‍ത്തനത്തില്‍ നേരിടുന്ന വെല്ലുവിളികളാണ് ഇതിന് പ്രധാന കാരണം. 

ജൂണ്‍ 20ന് എച്ച്‍‍യുഎല്‍ റിസള്‍ട്ട് സമ്മിശ്രമായ തലത്തിലായതിനാല്‍  എഫ്എംസിജി രംഗത്തെ മറ്റൊരു പ്രമുഖനായ നെസ്‍ലെയുടെ ഫല പ്രഖ്യാപനത്തിനായി നിക്ഷേപകര്‍ കാതോര്‍ക്കുകയാണ്. സ്റ്റാന്‍റ് എലോണ്‍ അറ്റാദായത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 8 ശതമാനം വളര്‍ച്ച നേടാനായെങ്കിലും മുന്‍പാദത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിവാണ് എച്ച്‍യുഎല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനിയായ ഡിഎല്‍എഫ് ഏകീകൃത ലാഭത്തിൽ 12.2 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തിയെങ്കിലും വരുമാനം 1.3 ശതമാനം കുറഞ്ഞു. ഇത് കമ്പനിയുടെയും റിയല്‍ എസ്റ്റേറ്റ് മേഖലയുടെയും ഓഹരി വിപണിയിലെ പ്രകടനത്തെ ബാധിക്കുന്നതാണ്.

ഉറ്റുനോക്കുന്ന ഡാറ്റകള്‍ 

ആഗോള തലത്തില്‍ തന്നെ നിക്ഷേപകര്‍ ഈ വാരം ഏറ്റവും ആകാംക്ഷയോടെ ഉറ്റു നോക്കുന്ന ഡാറ്റ ഫെഡ് റിസര്‍വില്‍ നിന്നാണ്. അടിസ്ഥാന പലിശ നിരക്കില്‍ ഇത്തവണ 25 ബേസിസ് പോയിന്‍റിന്‍റെ വര്‍ധന പ്രഖ്യാപിച്ച് 22 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എത്തിക്കുമെന്നാണ് പൊതുവേ അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. അതിനാല്‍ ഭാവിയിലെ നിരക്ക് വര്‍ധന സംബന്ധിച്ച കാഴ്ചപ്പാട് എന്തായിരിക്കും എന്നതിലേക്കാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്. യൂറോപ്യന്‍ കേന്ദ്രബാങ്കും, ബാങ്ക് ഓഫ് ജപ്പാനുമാണ് ഈ വാരത്തില്‍ പലിശ നിരക്കുകള്‍ പ്രഖ്യാപിക്കുന്ന മറ്റ് പ്രധാന കേന്ദ്ര ബാങ്കുകള്‍.

ആഗോള തലത്തില്‍ വിപണികളെ സ്വാധീനിച്ചേക്കാവുന്ന മറ്റൊരു ഘടകം ഭക്ഷ്യവിതരണത്തില്‍ നേരിടുന്ന തടസങ്ങളാണ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആഗോള തലത്തിലെ ഭക്ഷ്യ വിലകളില്‍ സ്വാധീനം  ചെലുത്തുന്നുണ്ട്. 

ഇന്ത്യന്‍ വിപണികളിലെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം തുടര്‍ച്ചയായ മൂന്നാം മാസവും 40 ,000 കോടിക്ക് മുകളിലെത്തിയെന്ന വിവരവും ഈ വാരാന്ത്യത്തില്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ വിപണികളിലെ റാലിയില്‍ പ്രധാന പങ്കുവഹിക്കുന്നത് എഫ്‍പിഐകളില്‍ നിന്നുള്ള നിക്ഷേപ വരവാണ്. ഇടയ്ക്കിടെ ലാഭമെടുക്കലിലേക്ക് നീങ്ങിയാലും ഇത് തുടരുന്നതിനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ചൈനീസ് വിപണി വീണ്ടെടുപ്പില്‍ മാന്ദ്യം പ്രകടമാക്കുന്നതും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപ വരവിന് അനുകൂലമാണ്. 

വിദേശ ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ നിക്ഷേപകരുടെ വാങ്ങല്‍ ഈ മാസം ഇതുവരെയുള്ള കണക്ക് പ്രകാരം 17,700  കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്.  തുടര്‍ച്ചയായ അഞ്ചാം മാസമാണ് എഫ്ഐഐകള്‍ വാങ്ങലുകാരായി തുടരുന്നത്.

Tags:    

Similar News