അദാനി ട്രാന്‍സ്‍മിഷനിലെ മുഴുവന്‍ ഓഹരിയും വിറ്റ് ഫോർറ്റിറ്റ്യൂഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്
- ഓഹരി ഒന്നിന് ശരാശരി 786.17 രൂപ നിരക്കിലായിരുന്നു വില്‍പ്പന
- അദാനി ട്രാന്‍സ്‍മിഷനിലെ പ്രൊമോട്ടർ ഷെയർഹോൾഡിംഗ് 68.61 ശതമാനമായി കുറഞ്ഞു
- ഹിൻഡൻബർഗ് റിസർച്ചിനു ശേഷം നിക്ഷേപം തുടര്‍ച്ചയായി ഉയര്‍ത്തി ജിക്യുജി പാര്‍ട്‍ണേര്‍സ്
അദാനി ട്രാൻസ്മിഷന്റെ ഒരു പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനമായ ഫോർറ്റിറ്റ്യൂഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ് വെള്ളിയാഴ്ച ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ഓഹരിയും വിറ്റഴിച്ചു. 3.04 ശതമാനം ഓഹരികൾ 2,666 കോടി രൂപയ്ക്കാണ് വിറ്റഴിച്ചത്. 3.39 കോടിയിലധികം ഓഹരികൾ ഓഫ്‌ലോഡ് ചെയ്തുകൊണ്ടാണ് അദാനി ട്രാന്‍സ്‍മിഷനില്‍ നിന്ന് ഫോർറ്റിറ്റ്യൂഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്‍റ് പുറത്തേക്കിറങ്ങിയത്.
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) നിന്ന് ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച്, ഫോർറ്റിറ്റ്യൂഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് 3,39,17,200 ഓഹരികളാണ് വിറ്റത്. ഓഹരി ഒന്നിന് ശരാശരി 786.17 രൂപ നിരക്കിലായിരുന്നു വില്‍പ്പന. ഗോൾഡ്‌മാൻ സാച്ച്‌സ് ട്രസ്റ്റ് II - ഗോൾഡ്‌മാൻ സാച്ച്‌സ് ജിക്യുജി പാർട്‌ണേഴ്‌സ് ഇന്റർനാഷണൽ ഓപ്പർച്യുണിറ്റീസ് ഫണ്ടും ജിക്യുജി പാർട്‌ണേഴ്‌സ് എമർജിംഗ് മാർക്കറ്റ് ഇക്വിറ്റി ഫണ്ടും അദാനി ട്രാൻസ്‌മിഷന്റെ 2.13 കോടിയിലധികം ഓഹരികൾ ഒരു ഓഹരിക്ക് ശരാശരി 786.19 രൂപ എന്ന നിരക്കിൽ ഏറ്റെടുത്തു.
ഈ വില്‍പ്പനയിലൂടെ അദാനി ട്രാന്‍സ്‍മിഷനിലെ പ്രൊമോട്ടർ ഷെയർഹോൾഡിംഗ് 68.61 ശതമാനമായി കുറഞ്ഞു. 2023 മാർച്ച് അവസാനത്തിലെ കണക്കുപ്രകാരം ഇത് 71.65 ശതമാനം ആയിരുന്നു. എൻഎസ്ഇയിൽ ഇന്നലെ കമ്പനിയുടെ ഓഹരികൾ 6.26 ശതമാനം ഇടിഞ്ഞ് 767.85 രൂപയിൽ എത്തി. ബുധനാഴ്ച, യുഎസ് ആസ്ഥാനമായുള്ള ബോട്ടിക് നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‍ണേര്‍സും മറ്റ് നിക്ഷേപകരും അദാനി എന്റർപ്രൈസസിലും അദാനി ഗ്രീൻ എനർജിയിലുമായി 1 ബില്യൺ ഡോളറിന്റെ ഓഹരികൾ വലിയ ബ്ലോക്ക് ഇടപാടുകളിലൂടെ അദാനി കുടുംബത്തില്‍ നിന്ന് വാങ്ങിയിരുന്നു.
അദാനി ഗ്രൂപ്പ് അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തുന്നതായും ഓഹരി വിലയില്‍ കൃത്രിമം കാണിക്കുന്നതായും ആരോപിക്കുന്ന ഹിൻഡൻബർഗ് റിസർച്ച് പുറത്തുവന്നതു മുതൽ ജിക്യുജി പാര്‍ട്‍ണേര്‍സ് അദാനി കമ്പനികളിലെ നിക്ഷേപം വർദ്ധിപ്പിക്കുകയാണ്. ഇത് വിപണി മൂല്യത്തില്‍ ചുരുങ്ങിയത് 150 ബില്യണ്‍ ഡോളറിന്‍റെ ഇടിവെങ്കിലും ആ കമ്പനിക്ക് വരുത്തിയിട്ടുണ്ട്. മാർച്ചിൽ അദാനി ഗ്രൂപ്പിന്‍റെ 4 കമ്പനികളിലെ 15,446 കോടി രൂപയുടെ (1.87 ബില്യൺ യുഎസ് ഡോളർ) ഓഹരികൾ പ്രൊമോട്ടര്‍മാരില്‍ നിന്ന് ജിക്യുജി പാർട്‍ണേര്‍സ് വാങ്ങി. മെയ് മാസത്തിൽ 400-500 മില്യൺ ഡോളറിന്റെ ഓഹരികൾ കൂടി വാങ്ങിക്കൊണ്ട് ജിക്യൂജി ആ നിക്ഷേപം വർധിപ്പിച്ചു.
അദാനി ഗ്രൂപ്പ് ഹിൻഡൻബർഗിന്റെ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ്. തങ്ങളുടെ പണമൊഴുക്കിനെയും വായ്പകളെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് വായ്പകള്‍ മുൻകൂറായി അടച്ചുതീര്‍ക്കുക, ഏറ്റെടുക്കലുകൾ ഒഴിവാക്കുക,, പുതിയ പ്രോജക്റ്റുകൾക്കുള്ള ചെലവുകളുടെ വേഗത കുറയ്ക്കുക എന്നിങ്ങനെയുള്ള ഒരു തിരിച്ചുവരവ് തന്ത്രമാണ് ഗ്രൂപ്പ് ഇപ്പോള്‍ നടപ്പാര്രുന്നത്.
