ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ ഓഹരിവില ഇന്നറിയാം

  • കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആര്‍ഐഎല്‍ ഓഹരികള്‍ക്ക് ഏകദേശം 4% ഉയർച്ച
  • നിഫ്റ്റിയില്‍ ഇന്ന് പ്രത്യേക പ്രീ ഓപ്പണ്‍ സെഷന്‍
  • രാജ്യത്തെ അഞ്ചാമത്തെ വലിയ ധനകാര്യ സേവന കമ്പനിയായി ജെഎഫ്എസ്എല്‍ മാറും

Update: 2023-07-20 03:58 GMT

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ന് മുതല്‍ പ്രത്യേക കമ്പനിയായി മാറുകയാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ധനകാര്യ സേവന ബിസിനസ്സായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (ആര്‍എസ്ഐഎല്‍) ആണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്എല്‍) എന്ന പ്രത്യേക കമ്പനിയായി വിപണിയിലേക്ക് പ്രവേശിക്കുന്നത്. ജെഎഫ്എസ്എല്‍ വിഭജനത്തിനു മുന്നോടിയായി ഉണ്ടായ കുതിപ്പിന്‍റെ ഫലമായി ഇന്നലെ റിലയന്‍സ് ഓഹരികളുടെ മൂല്യം 52 ആഴ്ചകളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഏകദേശം 4% ഉയർച്ചയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്ഥാപനത്തിന്റെ വിപണി മൂലധനത്തില്‍ (എം-ക്യാപ്) ഉണ്ടായത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം  19 ലക്ഷം കോടി കവിഞ്ഞു. ഇന്നത്തെ വിഭജനത്തിനു ശേഷം, സൂചികകളിൽ താൽക്കാലികമായി ചേർക്കുന്നതിനു മുന്നോടിയായി ജിയോ ഫിനാൻഷ്യൽ സർവീസസ് വാങ്ങുന്നതായിരിക്കും കൂടുതൽ ലാഭകരമായ മാർഗമെന്ന് നിരവധി പ്രമുഖ അനലിസ്റ്റുകള്‍ നിക്ഷേപകരോട് ശുപാര്‍ശ ചെയ്തിരുന്നു. 

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) ഇന്ന് റിലയൻസ് ഇൻഡസ്ട്രീസിനായി ഒരു പ്രത്യേക പ്രീ-ഓപ്പൺ സെഷൻ നടത്തുകയാണ്. എക്സ്ചേഞ്ച് പ്രത്യേക സെഷൻ നടത്തുകയാണെങ്കിൽ വിഭജിക്കപ്പെടുന്ന കമ്പനിയെ നിഫ്റ്റി സൂചികയിൽ നിലനിർത്താനാകും. വിഭജനത്തെ തുടർന്ന്, റിലയൻസ് ഇൻഡസ്ട്രീസ് നിഫ്റ്റി സൂചികകളുടെ ഭാഗമായി തുടരും. കൂടാതെ, ജൂലൈ 20 മുതൽ നിഫ്റ്റി 50, നിഫ്റ്റി 100, നിഫ്റ്റി 200, നിഫ്റ്റി 500 എന്നിങ്ങനെയുള്ള 19 നിഫ്റ്റി സൂചികകളിൽ ജെഎഫ്എസ്എലിനെ ഉൾപ്പെടുത്തുമെന്ന് എൻഎസ്ഇ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഭജിക്കപ്പെട്ട സ്ഥാപനം സൂചികയുടെ ഭാഗമാകുന്നതിനാല്‍ ജൂലൈ 20 മുതൽ കുറഞ്ഞത് മൂന്ന് ദിവസത്തേക്ക്, നിഫ്റ്റി 50-ൽ ട്രേഡിങ്ങിനായി 51 സ്റ്റോക്കുകൾ ലഭ്യമാകും

എന്തായിരിക്കും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ മൂല്യം?

160 -200 രൂപയുടെ വിലയിലാകും ജെഎഫ്എസ്എലിന്‍റെ ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുക എന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഓരോ റിലയന്‍സ് ഓഹരിയുടമയ്ക്കും അവര്‍ കൈവശം വെക്കുന്ന ഒരോ റിലയന്‍സ് ഓഹരിക്കും ഒപ്പം ഒരു ജെഎഫ്എസ്എല്‍ ഓഹരി കൂടി ലഭിക്കും.  160 രൂപയുടെ മൂല്യമാണ് പുതിയ കമ്പനിയുടെ ഓഹരിക്ക് ആക്സിസ് സെക്യൂരിറ്റീസ് കണക്കാക്കുന്നത്. "ട്രഷറി സ്റ്റോക്ക് മൂല്യനിർണ്ണയം അനുസരിച്ച് ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ മൂല്യം ഏകദേശം 1,08,597 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം  ഓഹരികൾ 676.6 കോടിയാണ്, അതിനാല്‍ ഓരോ ഷെയറിന്റെയും മൂല്യനിർണ്ണയം 160 രൂപയായിരിക്കും."  ആക്സിസ് സെക്യൂരിറ്റീസിന്‍റെ കുറിപ്പില്‍ പറയുന്നു. .

ജെഎഫ്എസ്‍എല്‍ ഓഹരികള്‍ക്ക് നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് കണക്കാക്കുന്ന മൂല്യം 168 രൂപയാണ്, ജെഫറീസ് 179 രൂപയും, ജെപി മോർഗൻ 189 രൂപയും, മോത്തിലാൽ ഓസ്വാൾ 190 രൂപയുമാണ് നിരീക്ഷിച്ചിട്ടുള്ളത്. ജിയോയുടെ പ്രാരംഭ മൂല്യം ഒന്നര ലക്ഷം കോടി രൂപയ്ക്കു മുകളിലായിരിക്കുമെന്നും ഭൂരിഭാഗം അനലിസ്റ്റുകളും വിലയിരുത്തുന്നു.

ഇന്ത്യയുടെ ധനകാര്യ സേവന ബിസിനസ് മേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ റിലയന്‍സിന്‍റെ പുതിയ നീക്കത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അറ്റാദായത്തിന്റെ കാര്യത്തിൽ ജെഎഫ്എസ്എല്‍ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ധനകാര്യ സേവന കമ്പനിയാകുമെന്ന് മക്വാരി (Macquarie) കണക്കാക്കുന്നത്.

നിഫ്റ്റിയില്‍ പ്രത്യേക പ്രീ-ഓപ്പൺ സെഷൻ

നിഫ്റ്റി സൂചികകളുടെ പുതിയ മെത്തഡോളജി അനുസരിച്ച്, T+3 ദിവസത്തിന്റെ അവസാനത്തിൽ സൂചികകളിൽ നിന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് നീക്കം ചെയ്യപ്പെടും.T എന്നത് ജിയോ ഫിനാൻഷ്യൽ ലിസ്റ്റ് ചെയ്യുന്ന ദിവസമാണ്. ഏപ്രിലിലാണ് കമ്പനികളുടെ വിഭജനവുമായി ബന്ധപ്പെട്ട കോര്‍പ്പറേറ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മെത്തഡോളജി എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ് പരിഷ്കരിച്ചത്. വിഭജനത്തിന്‍റെ ഫലമായി സൂചികകളി‍ല്‍ ഉണ്ടാകുനന ചാഞ്ചാട്ടം കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ മെത്തഡോളജി അനുസരിച്ച് ഒരു കമ്പനി വിഭജിക്കപ്പെടുന്നതിനു മുമ്പുള്ള പ്രത്യേക പ്രീ ഓപ്പണ്‍ സെഷനിലെ ക്ലോസിംഗ് വിലയും വിഭജനത്തിനു ശേഷമുള്ള ദിവസത്തെ മാതൃകമ്പനിയുടെ ക്ലോസിംഗ് വിലയും തമ്മിലുള്ള വ്യത്യാസത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ കമ്പനിയുടെ വില നിര്‍ണയിക്കുക .ആദ്യ രണ്ട് ദിവസങ്ങളിൽ ഓരോന്നിലും സ്‌പൺ-ഓഫ് ബിസിനസ്സ് അഥവാ പുതിയ കമ്പനി പ്രൈസ് ബാൻഡിൽ എത്തുകയാണെങ്കിൽ, സൂചികയില്‍ നിന്ന് നീക്കം ചെയ്യുന്ന തീയതി മൂന്ന് ദിവസത്തേക്ക് കൂടി മാറ്റിവയ്ക്കും.

തുടർച്ചയായി രണ്ട് ദിവസത്തേക്ക്, സ്‌പൺ-ഓഫ് ബിസിനസ്സ് പ്രൈസ് ബാൻഡിൽ എത്തിയില്ലെങ്കിൽ, മൂന്നാം ട്രേഡിംഗ് ദിവസത്തിന് ശേഷം അത് നീക്കം ചെയ്യപ്പെടും.മൂന്നാം ദിവസം, സ്‌പൺ-ഓഫ് എന്റിറ്റി പ്രൈസ് ബാൻഡിൽ എത്തിയാലും, ഓഹരിയെ നീക്കംചെയ്യുന്നത് മാറ്റിവെക്കില്ല എക്സ്ചേഞ്ച് പ്രത്യേക പ്രീ ഓപ്പണ്‍ സെഷന്‍ നടത്തുന്നില്ലാ എങ്കില്‍ അനുയോജ്യമായ പകരംവെക്കലിലൂടെ വിഭജിക്കപ്പെട്ട കമ്പനിയെ സൂചികയില്‍ നിന്ന് നീക്കം ചെയ്യും.

മുമ്പ് ഒരു ലിസ്റ്റഡ് കമ്പനി വിഭജിക്കപ്പെടുമ്പോള്‍, ഓഹരികള്‍ക്കായി കമ്പനി മുന്നോട്ടുവെക്കുന്ന ക്രമീകരണങ്ങള്‍ക്ക് ഓഹരിയുടമകള്‍ അംഗീകാരം നൽകുന്നതിന് പിന്നാലെ നിഫ്റ്റി ഈ കമ്പനിയെ ഈ സൂചികയില്‍ നിന്ന് നീക്കുമായിരുന്നു.

ലണ്ടന്‍ സൂചികയിലും ഇന്ന് മുതല്‍

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജുലൈ 20 മുതല്‍ എഫ്‍ടിഎസ്ഇ റസ്സല്‍ (Financial Times Stock Exchange-Russell) സൂചികയുടെയും ഭാഗമാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ് എഫ്‍ടിഎസ്ഇ റസ്സല്‍. മൂന്ന് സൂചികകളാണ് (indices) എഫ്‍ടിഎസ്ഇ റസ്സലിനുള്ളത്. അതേസമയം എഫ്‍ടിഎസ്ഇയില്‍ നിന്നുള്ള കുറിപ്പില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിസ്റ്റിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ജുലൈ 8 -നാണ് തങ്ങളുടെ ധനകാര്യ സേവന വിഭാഗത്തെ വിഭജിച്ച് ജൂലൈ 20ന് പുതിയ കമ്പനി രൂപീകരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ചത്. 

Tags:    

Similar News