തുടക്ക വ്യാപാരത്തില്‍ വിപണികളില്‍ ഇടിവ്
- ഫെഡ് റിസര്‍വ് ചെയര്‍മാന്‍ പ്രസ്‍താവനകള്‍ നിക്ഷേപകരെ ജാഗ്രതയിലാക്കി
- ഇന്നലെ സെന്‍സെക്സും നിഫ്റ്റിയും ക്ലോസ് ചെയ്തത് റെക്കോഡ് ഉയരത്തില്‍
യുഎസ് വിപണികളിലെ നിക്ഷേപകരുടെ ലാഭമെടുക്കലിന്‍റെയും മറ്റ് നെഗറ്റീവ് പ്രവണതയുടെയും പശ്ചാത്തലത്തില്‍ കനത്ത ചാഞ്ചാട്ടം നേരിടുന്ന ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് തുടക്ക വ്യാപാരത്തിൽ ഇടിഞ്ഞു. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 150.18 പോയിന്റ് ഇടിഞ്ഞ് 63,372.97 എന്ന നിലയിലെത്തി. പ്രാരംഭ ഡീലുകളിൽ ബിഎസ്ഇ ബെഞ്ച്മാർക്ക് ഇൻട്രാ-ഡേ എക്കാലത്തെയും ഉയർന്ന നിലയായ 63,601.71 ല്‍ എത്തിയ ശേഷമാണ് ഇടിവിലേക്ക് നീങ്ങിയത്. എൻഎസ്ഇ നിഫ്റ്റി 25.95 പോയിന്റ് താഴ്ന്ന് 18,830.90 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്‌സില്‍, ഇൻഫോസിസ്, പവർ ഗ്രിഡ്, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ തുടങ്ങിയവ നഷ്ടം നേരിടുന്നു. ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, മാരുതി, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ നേട്ടത്തില്‍ വ്യാപാരം നടത്തുമ്പോള്‍ ടോക്കിയോ നഷ്ടത്തിലാണ്. ബുധനാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്.
"ദുർബലമായ യുഎസ്, ഏഷ്യൻ സൂചികകള്‍ കണക്കിലെടുക്കുമ്പോള്‍, വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളില്‍ ആഭ്യന്തര വിപണികൾ താഴേക്കു വരാന്‍ സാധ്യതയുണ്ട്. ഫെഡറൽ റിസർവില്‍ നിന്നുള്ള സൂചനകള്‍ ചില ചാഞ്ചാട്ടങ്ങൾക്ക് ആക്കം കൂട്ടും. യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ നല്‍കിയ പ്രസ്താവനയില്‍ കൂടുതൽ നിരക്ക് വർദ്ധനയ്ക്കുള്ള വ്യക്തമായ സൂചനകള്‍ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ നല്‍കിയിട്ടുണ്ട്.. പണപ്പെരുപ്പം ഉയർന്ന നിലയിലാണെന്നും തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് എത്തുന്നതിന് ഒരുപാട് ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറയുന്നു,” മെഹ്ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.31 ശതമാനം ഇടിഞ്ഞ് ബാരലിന് 76.88 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 4,013.10 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. "സെൻസെക്‌സ് പുതിയ ഉയരത്തിലെത്തിയത് വിപണിയില്‍ ശുഭാപ്തിവിശ്വാസം നിലനിർത്തുന്നത് തുടരും. വിപണി തുടർച്ചയായി തകർച്ചയിൽ നിന്ന് കുതിച്ചുയരുകയാണ്. എന്നിരുന്നാലും, ഉയര്‍ന്ന മൂല്യനിർണ്ണയമാണ് ആശങ്കയായി മുന്നിലുള്ളത്, ഇത് ഒരു പരിധിക്കപ്പുറമുള്ള ഇന്‍സ്റ്റിറ്റ്യൂഷ്‍ണല്‍ വിൽപ്പനയെ ക്ഷണിച്ചേക്കാം," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
സെൻസെക്‌സ് 195.45 പോയിന്റ് അഥവാ 0.31 ശതമാനം ഉയർന്ന് ഇന്നലെ 63,523.15 എന്ന റെക്കോർഡ് ക്ലോസിംഗിൽ എത്തി. നിഫ്റ്റി 40.15 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്ന് 18,856.85 എന്ന റെക്കോഡ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
