വീണ്ടും പുതിയ റെക്കോഡ് ക്ലോസിംഗുമായി വിപണികള്‍

  • എച്ച്ഡിഎഫ്‍സി ബാങ്ക് 2% നേട്ടമുണ്ടാക്കി
  • ഇന്‍ട്രാ ഡേയില്‍ ഇരു വിപണികളും പുതിയ സര്‍വകാല ഉയരങ്ങളിലെത്തി
  • ആഗോള വിപണികളില്‍ പ്രകടമായത് നെഗറ്റിവ് പ്രവണത

Update: 2023-07-17 10:40 GMT

ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തങ്ങളുടെ റെക്കോഡ് നേട്ടം വിപുലീകരിച്ചു. ചൈനയുടെ ജിഡിപി വളര്‍ച്ച വേണ്ടത്ര വേഗം കൈവരിക്കാത്തതും പ്രധാന സമ്പദ് വ്യവസ്ഥകളില്‍ മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ കനക്കുന്നതും ഉള്‍പ്പടെയുള്ള നെഗറ്റിവ് സൂചനകള്‍ ആഗോള തലത്തില്‍ ഉയര്‍ന്നു വന്നിട്ടും മികച്ച മുന്നേറ്റമാണ് ഇന്ത്യന്‍ വിപണികളില്‍ ഇന്നുണ്ടായത്. വിപണിയിലെ പ്രമുഖരായ എച്ച്‌ഡിഎഫ്‌സി ബാങ്കിലും റിലയൻസ് ഇൻഡസ്ട്രീസിലും പ്രകടമായ ശക്തമായ വാങ്ങലും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് സൂചികകളെ മുന്നോട്ടു നയിച്ചത്. 

സെൻസെക്‌സ് തുടക്ക വ്യാപാരത്തില്‍ 87 പോയിന്റ് ഉയർന്ന് 66,148.18ല്‍ എത്തി. ഇന്‍ട്രാ ഡേ വ്യാപാരത്തിനിടെ സൂചിക 595 പോയിന്റ് ഉയർന്ന് 66,656.21 എന്ന സര്‍വകാല റെക്കോഡിലെത്തി. തുടര്‍ന്ന് നേരിയ ഇടിവിലേക്ക് നീങ്ങി. 529 പോയിന്റ് അഥവാ 0.80 ശതമാനം ഉയർന്ന് 66,589.93 എന്ന റെക്കോഡ് ക്ലോസിംഗിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഇന്നത്തെ സെഷനിൽ നിഫ്റ്റി പുതിയ സര്‍വകാല ഉയരമായ 19,731.85 ലെത്തി, എന്നാൽ ഈ നിലവാരത്തിൽ നിന്ന് അൽപ്പം താഴ്ന്നാണ് ക്ലോസ് ചെയ്തത്. അതായത് 147 പോയിൻറ് അഥവാ 0.75 ശതമാനം ഉയർച്ചയോടെ 19,711.45 എന്ന പുതിയ റെക്കോഡ് ക്ലോസിംഗ് രേഖപ്പെടുത്തി. 

സെൻസെക്‌സ് പാക്കിൽ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വിപ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയ ഓഹരികള്‍. ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായം 29.13 ശതമാനം ഉയർന്ന് 12,370.38 കോടി രൂപയായെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ കൂടി പശ്ചാത്തലത്തില്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ 2 ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ടൈറ്റൻ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

"ചൈനയുടെ താഴ്ന്ന ജിഡിപി ഡാറ്റ കാരണം ഏഷ്യൻ വിപണിയിൽ പൊതുവേ സമ്മിശ്ര പ്രകടനം നിരീക്ഷിക്കപ്പെട്ടെങ്കിലും, വന്‍ ആദ്യപാദ ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ ഇന്ത്യൻ വിപണി പ്രതിരോധം പ്രകടിപ്പിച്ചു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഏഷ്യൻ വിപണികളിൽ സോളും ഷാങ്ഹായും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ ഇക്വിറ്റി മാർക്കറ്റുകൾ മിക്കവാറും നെഗറ്റീവ് തലത്തിലാണ് വ്യാപാരം നടത്തിയത്. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.62 ശതമാനം ഇടിഞ്ഞ് ബാരലിന് 78.58 ഡോളറിലെത്തി.

ജൂലൈയിൽ ഇതുവരെ, ബൾക്ക് ഡീലുകളും പ്രാഥമിക വിപണി വഴിയുള്ള നിക്ഷേപവും ഉൾപ്പെടെ 30,660 കോടി രൂപ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍  (എഫ്‌പിഐ) ഇന്ത്യയിൽ നിക്ഷേപിച്ചു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും വിപണിയിലും വർദ്ധിച്ചുവരുന്ന എഫ്‌പിഐ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്. 2023ലെ ആദ്യ രണ്ട് മാസങ്ങളിലെ  വില്‍പ്പന പ്രവണതയ്ക്ക് ശേഷമാണ് മാര്‍ച്ചില്‍ എഫ്‍പിഐകള്‍ വാങ്ങലിലേക്ക് തിരിഞ്ഞത്

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 2,636.43 കോടി രൂപയുടെ ഇക്വിറ്റികളാണ് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ വാങ്ങിയത്. 

വെള്ളിയാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 502.01 പോയിന്റ് അല്ലെങ്കിൽ 0.77 ശതമാനം ഉയർന്ന് 66,060.90 എന്ന റെക്കോഡ് ക്ലോസിംഗ് നിലയിലെത്തി. നിഫ്റ്റി 150.75 പോയിന്റ് അഥവാ 0.78 ശതമാനം ഉയർന്ന് 19,564.50 എന്ന റെക്കോഡ് ക്ലോസിംഗില്‍ അവസാനിച്ചു. 

Tags:    

Similar News