തുടക്ക വ്യാപാരത്തില്‍ സര്‍വകാല ഉയരങ്ങളിലെത്തി സെന്‍സെക്സും നിഫ്റ്റിയും

    Update: 2023-07-13 05:22 GMT

    യുഎസിലെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മയപ്പെടുന്നതായി വ്യക്തമാക്കുന്ന ഡാറ്റയുടെ അടിസ്ഥാനമാക്കി, ആഗോള വിപണികളില്‍ അലയടിച്ച പോസിറ്റിവ് വികാരത്തിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും വലിയ ഉയരത്തിലേക്ക് ഉയര്‍ന്നു. വിപണിയിലെ പ്രമുഖ ഓഹരിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ അനുഭവപ്പെടുന്ന ശക്തമായ വാങ്ങലും നിക്ഷേപകരുടെ മനോഭാവം മെച്ചപ്പെടുത്തി.

    ഇന്ന് തുടക്ക വ്യാപാരത്തില്‍ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 391.48 പോയിന്റ് ഉയർന്ന് 65,785.38 ലെത്തി. എൻഎസ്ഇ നിഫ്റ്റി 111.3 പോയിന്റ് ഉയർന്ന് 19,495.60 ലെത്തി. പിന്നീട്, രണ്ട് ബെഞ്ച്മാർക്ക് സൂചികകളും മുന്നേറ്റം തുടര്‍ന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. സെൻസെക്‌സ് അതിന്റെ ആജീവനാന്ത ഉയരമായ 65,943.57ലെത്തിയപ്പോള്‍, നിഫ്റ്റി 19,540.25 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി.

    സെൻസെക്‌സ് പാക്കിൽ നിന്ന്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസൾട്ടൻസി സർവീസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജൂൺ പാദത്തിലെ വരുമാനം പ്രഖ്യാപിച്ചതിന് ശേഷമുള്ള വ്യാപാര സെഷന്‍റെ തുടക്കത്തില്‍ ടിസിഎസ് 1.62 ശതമാനം ഉയർന്നു. പവർ ഗ്രിഡ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഏഷ്യൻ പെയിന്റ്‌സ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി, നെസ്‌ലെ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ്. 

    ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണികൾ പോസിറ്റീവ് തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഉയർന്ന് ബാരലിന് 80.47 ഡോളറിലെത്തി.

      "ജൂണില്‍ യുഎസിലെ സിപിഐ പണപ്പെരുപ്പം 3 ശതമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിപണി കണക്കുകൂട്ടിയിരുന്ന 3.1 ശതമാനത്തേക്കാള്‍ മെച്ചപ്പെട്ടതാണിത്. ഇത് സ്റ്റോക്ക് മാർക്കറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന ആഗോള റാലിക്ക് നേരിയ തോതില്‍ കൂടുതലായി ഉത്തേജനം നല്‍കുന്നതാണ്," ജിയോജിത് ഫിനാൻഷ്യൽ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

    ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മേയ് മാസത്തില്‍ ഇന്ത്യയുടെ ഫാക്ടറി ഉൽപ്പാദനം 5.2 ശതമാനം വേഗത്തിലാണ് വളർന്നത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം, തുടർച്ചയായി നാലു മാസത്തിലെ ഇടിവിന് ശേഷം ജൂണിൽ 4.81 ശതമാനത്തിലേക്ക് ഉയർന്നു. എങ്കിലും ഇത് റിസർവ് ബാങ്കിന്റെ സഹന പരിധിയായ 6 ശതമാനത്തിന് താഴെ തുടരുകയാണ്. 

    "ഇന്ത്യയിൽ, ജൂണിലെ സിപിഐ പണപ്പെരുപ്പം 4.81 ശതമാനമായി വർദ്ധിച്ചിട്ടുണ്ട്, പച്ചക്കറികളുടെയും പാലിന്റെയും വില കുതിച്ചുയർന്നതിനാൽ ഇത് പ്രതീക്ഷിച്ചിരുന്നു. മേയിലെ വ്യാവസായികോല്‍പ്പാദനം 5.2 ശതമാനമാണ് എന്നതാണ് പോസിറ്റിവ് കാര്യം, ഇത് സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയുടെ ആക്കം സൂചിപ്പിക്കുന്നു,” വിജയകുമാർ കൂട്ടിച്ചേർത്തു.

    എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ബുധനാഴ്ച 1,242.44 കോടി രൂപയുടെ ഇക്വിറ്റി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചു. ഇന്നലെ ബിഎസ്ഇ ബെഞ്ച്മാർക്ക് 223.94 പോയിന്റ് അഥവാ 0.34 ശതമാനം ഇടിഞ്ഞ് 65,393.90 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 55.10 പോയിന്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 19,384.30ൽ വ്യാപാരം അവസാനിച്ചു. നിക്ഷേപകര്‍ ആഗോള തലത്തിലെയും ആഭ്യന്തര തലത്തിലെയും പ്രധാന സാമ്പത്തിക ഡാറ്റകള്‍ക്കായി കാത്തിരുന്നതാണ് ഇന്നലെ വിപണിയെ ഇടിവിലേക്ക് നയിച്ച ഒരു ഘടകം. 

    Tags:    

    Similar News