തുടക്കത്തിലെ നേട്ടം കൈവിട്ട് ഓഹരി വിപണികള്‍

  • നിക്ഷേപകര്‍ പ്രോഫിറ്റ് ബുക്കിംഗിലേക്ക് നീങ്ങി
  • ഏഷ്യന്‍ വിപണികളില്‍ പൊതുവേ നഷ്ടം
  • സെന്‍സെക്സും നിഫ്റ്റിയും തുടങ്ങിയത് നേട്ടത്തില്‍

Update: 2023-07-05 05:15 GMT

ഓഹരി വിപണി സൂചികകൾ ഇന്ന് തുടക്ക വ്യാപാരത്തിലെ നേട്ടത്തിനു ശേഷം നഷ്ടത്തിലേക്ക് നീങ്ങി. അഞ്ചു വ്യാപാര സെഷനുകളിലെ തുടര്‍ച്ചയായ റെക്കോര്‍ഡ് റാലിക്ക് ശേഷം നിക്ഷേപകര്‍ പ്രോഫിറ്റ് ബുക്കിംഗിലേക്ക് തിരിഞ്ഞതാണ് ആഭ്യന്തര വിപണികളെ നഷ്ടത്തിലേക്ക് നയിച്ചിട്ടുള്ളത്. 30-ഷെയർ ബി‌എസ്‌ഇ സെൻസെക്‌സ് തുടക്ക വ്യാപാരത്തില്‍ 44.19 പോയിന്റ് ഉയർന്ന് 65,523.24ൽ  എത്തി. താമസിയാതെ, അത് 105.28 പോയിന്റ് നേട്ടത്തിലേക്ക് കുതിച്ച് 65,584.33 എന്ന ഉയർന്ന നിലയിലെത്തി. എൻഎസ്ഇ നിഫ്റ്റി തുടക്ക വ്യാപാരത്തില്‍ 20.4 പോയിന്റ് ഉയർന്ന് 19,409.40 ലെത്തി. പിന്നീട് അത് 32.6 പോയിന്റ് ഉയർച്ചയിലേക്ക് നീങ്ങി 19,421.60ല്‍ എത്തി. എന്നിരുന്നാലും, പിന്നീട് രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ആദ്യകാല നേട്ടങ്ങൾ കൈവിട്ടു, ലാഭം എടുക്കുന്നതിനിടയിൽ താഴ്ന്ന് വ്യാപാരം നടത്തുകയായിരുന്നു.

ബിഎസ്ഇ 65.60 പോയിന്റ് താഴ്ന്ന് 65,413.45ലും നിഫ്റ്റി 16 പോയിന്റ് താഴ്ന്ന് 19,373ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്‌സ് പാക്കിൽ ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, മാരുതി, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ്‌ലെ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, വിപ്രോ, ബജാജ് ഫിൻസെർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവയില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾക്ക് അവധി ആയിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.59 ശതമാനം ഇടിഞ്ഞ് ബാരലിന് 75.80 ഡോളറിലെത്തി.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 2,134.33 കോടി രൂപയുടെ ഓഹരികൾ ആഭ്യന്തര വിപണികളില്‍ നിന്ന് വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. 

"ശക്തമായ എഫ്‌ഐഐ നിക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് സെഷനുകളിൽ വിപണി ഇതിനകം തന്നെ റെക്കോർഡ് ഉയരങ്ങളിലേക്ക് കുത്തനെ ഉയർന്നു. ഇന്ന് പിന്നീട് പുറത്തിറങ്ങാന്‍ ഇരിക്കുന്ന യുഎസ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്‌ഒഎംസി) മിനിറ്റ്സിനെ നിക്ഷേപകർ ഉറ്റുനോക്കുകയാണ്,"  മേഹ്‍ത ഇക്വിറ്റീസ് ലിമിറ്റഡിന്‍റെ റിസര്‍ച്ച് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് പ്രശാന്ത് തപ്‌സെ പറഞ്ഞു.

ചൊവ്വാഴ്ച തുടർച്ചയായ അഞ്ചാം സെഷനിലെ റാലിക്ക് ശേഷം, ബിഎസ്ഇ ബെഞ്ച്മാർക്ക് 274 പോയിന്റ് അല്ലെങ്കിൽ 0.42 ശതമാനം ഉയർന്ന്  65,479.05 എന്ന റെക്കോഡ് നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പകൽ സമയത്ത്, ബെഞ്ച്മാർക്ക് 467.92 പോയിന്റ് അഥവാ 0.71 ശതമാനം ഉയർന്ന് അതിന്റെ സര്‍വകാല ഇൻട്രാ-ഡേ ഉയരമായ 65,672.97 ൽ എത്തിയിരുന്നു. നിഫ്റ്റി 66.45 പോയിൻറ് അഥവാ 0.34 ശതമാനം ഉയർന്ന് 19,389 എന്ന റെക്കോർഡ് ഉയരത്തിൽ വ്യാപാരം അവസാനിച്ചു. പകൽ സമയത്ത്, അത് 111.6 പോയിന്റ് അല്ലെങ്കിൽ 0.57 ശതമാനം ഉയർന്ന് സര്‍വകാല ഇൻട്രാ-ഡേ ഉയരമായ 19,434.15ല്‍ എത്തിയിരുന്നു. 

യുഎസ് സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയെ കുറിച്ച് പ്രതീക്ഷ ഉണര്‍ത്തുന്ന സാമ്പത്തിക ഡാറ്റകള്‍ പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ആഗോള വിപണികളില്‍ ഒന്നാകെ പോസിറ്റിവായി പ്രതിഫലിച്ചിരുന്നു. ഇതിനു പുറമേ ആഭ്യന്തര തലത്തിലും ആദ്യ പാദം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ ശുഭകരമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.മികച്ച കോര്‍പ്പറേറ്റ് വരുമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമെന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്. മികച്ച ജിഎസ്‍ടി സമാഹരണവും മാനുഫാക്ചറിംഗ് വളര്‍ച്ചയും ജൂണില്‍ സാധ്യമായെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക ഡാറ്റകള്‍ വ്യക്തമാക്കുന്നത്.

Tags:    

Similar News