ഇന്നും ഇടിവ് തുടരുമോ? ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍

  • യുഎസ് വിപണികള്‍ നേട്ടത്തില്‍, യൂറോപ്പില്‍ സമ്മിശ്രം
  • ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം തുടങ്ങിയത് ഇടിവില്‍
  • എഫ്‍പിഐകള്‍ ഇന്നലെയും അറ്റ വില്‍പ്പനക്കാര്‍

Update: 2023-07-25 02:45 GMT

തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഇടിവുമായാണ് ഇന്നലെ ആഭ്യന്തര ഓഹരി വിപണികളായ സെന്‍സെക്സിലും നിഫ്റ്റിയിലും വ്യാപാരം അവസാനിച്ചത്. എഫ്എംസിജി,  ഐടി , മെറ്റല്‍, ഓയില്‍-ഗ്യാസ് തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ പൊതുവേ ഇടിവ് പ്രകടമായി. ചില ബാങ്കിംഗ് ഓഹരികള്‍ ഇടിവിലേക്ക് നീങ്ങിയെങ്കിലും മികച്ച ആദ്യ പാദ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഐസിഐസിഐ ബാങ്ക് പോലുള്ളവ നേട്ടത്തിലായിരുന്നു. യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ അതു സംബന്ധിച്ച ഊഹാപോഹങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്ന ആദ്യപാദഫലങ്ങളുമാണ് വിപണിയെ പ്രധാനമായും സ്വാധീനിക്കുക. 

പുതിയ റെക്കോഡ് ഉയരങ്ങള്‍ കീഴടക്കിയ റാലിക്ക് ശേഷമാണ് രണ്ടു ദിവസത്തെ ഇടിവിലേക്ക് നീങ്ങിയത് എന്നതിനാല്‍ നിക്ഷേപകര്‍ കൂടുതലായി ലാഭമെടുക്കലിലേക്ക് നീങ്ങാനുള്ള സാധ്യതയും മുന്നിലുണ്ട്. 

ആദ്യപാദ ഫലങ്ങള്‍

ആദ്യപാദ ഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇന്നലെ ആര്‍ഐഎല്‍, എച്ച്‍യുഎല്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളുടെയെല്ലാം ഇടിവില്‍ പ്രതിഫലിച്ചത്. ഐടിസി ലിമിറ്റഡ് തങ്ങളുടെ ഹോട്ടല്‍ ബിസിനസിനെ വേര്‍പ്പെടുത്തി പുതിയൊരു കമ്പനിയാക്കി മാറ്റുന്നതിനുള്ള തീരുമാനം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 4 ശതമാനം ഇടിവാണ് ഐടിസി ഓഹരികള്‍ക്ക് ഇന്നലെ ഉണ്ടായിട്ടുള്ളത്. 

ഇന്നലെ പുറത്തുവന്ന ആദ്യ പാദ ഫലങ്ങളില്‍, ടാറ്റാ സ്റ്റീല്‍ വലിയ ഇടിവാണ് ആദ്യ പാദത്തിലെ അറ്റാദായത്തില്‍ രേഖപ്പെടത്തിയിട്ടുള്ളത്. 7,714 കോടി രൂപയുടെ അറ്റാദായമാണ് മുന്‍ വര്‍ഷം ആദ്യപാദത്തില്‍ രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ ഇപ്പോഴത് 525 കോടി രൂപയായി. യൂറോപ്യന്‍ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന വെല്ലുവിളിയാണ് ഇതിന് പ്രധാന കാരണം. 

അതേ സമയം മികച്ച വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത ടിവിഎസ് മോട്ടോര്‍സ്സിന്‍റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 46 ശതമാനം ഉയര്‍ന്ന് 468 കോടി രൂപയിലെത്തി. 20 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. ജെകെ പേപ്പര്‍ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട് മർക്കന്‍റൈല്‍ ബാങ്കിന്‍റെ അറ്റാദായം 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അറ്റ പലിശ വരുമാനത്തിലും ആസ്തി ഗുണനിലവാരത്തിലും ഉണ്ടായ മെച്ചപ്പെടലാണ് വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത്. 

പൂനവാല ഫിന്‍കോര്‍പ്പ് 62 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് തങ്ങളുടെ ആദ്യ പാദത്തിലെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. 200 കോടി രൂപയാണ് അറ്റാദായം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് വായ്പാ വിതരണവും കഴിഞ്ഞ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 143 ശതമാനം ഉയര്‍ച്ചയാണ് വായ്പാ വിതരണത്തില്‍ ഉണ്ടായത്. ജമ്മു & കശ്മീര്‍ ബാങ്ക് 97 ശതമാനം അറ്റാദായ വളര്‍ച്ചയാണ് ആദ്യ പാദത്തിലെ അറ്റാദായത്തില്‍ നേടിയിട്ടുള്ളത്.  പിഎന്‍ബി ഹൌസിംഗ് ഫിനാന്‍സിന്‍റെ വരുമാനത്തില്‍ 70 ശതമാനവും നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 48 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. 

ശ്രദ്ധാകേന്ദ്രമാകുന്ന മറ്റു കമ്പനികള്‍

അന്തിമ ലാഭവിഹിതം വിഹിതം വിതരണം ചെയ്യുന്നതിനുള്ള റെക്കോഡ് ഡേറ്റായി എല്‍ഐസി ഹൌസിംഗ് ഫിനാന്‍സ് നിശ്ചയിച്ചിട്ടുള്ളത് ഓഗസ്റ്റ് 18 ആണ്. 34-ാം വാര്‍ഷിക പൊതുയോഗം അംഗീകരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഡന്‍റ് വിതരണം ചെയ്യുക. അരുണാചല്‍ പ്രദേശ് സര്‍ക്കാരില്‍ നിന്ന് അഞ്ച് വലിയ പദ്ധതികള്‍ക്കുള്ള കരാര്‍ സ്വന്തമാക്കിയ എസ്‍വിജിഎന്‍-ന്‍റെ ഓഹരികളിലേക്കും നിക്ഷേപകരുടെ ശ്രദ്ധ തിരിയുമെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. 50,000 കോടി രൂപയാണ് ഈ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള മൊത്തം നിക്ഷേപമായി കണക്കു കൂട്ടുന്നത്. 

എന്റർപ്രൈസ് ഡാറ്റ സ്റ്റോറേജ് സൊല്യൂഷനുകളുടെ പ്രൊവൈഡറായ പ്യുവർ സ്റ്റോറേജുമായി വിപ്രോ ഫുൾസ്‌ട്രൈഡ് ക്ലൗഡ് സഹകരണം പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കുറച്ചുകൊണ്ട് ഭാവിയിലേക്കുള്ള സുസ്ഥിര വികസനത്തിന് അനുയോജ്യമായ ഡാറ്റാ സെന്‍ററുകള്‍ സ്ഥാപിക്കുകയാണ് ഈ സഹകരണത്തിന്‍റെ ലക്ഷ്യം. 

ഇന്ന് ആദ്യപാദ ഫലങ്ങള്‍ വരാനുള്ള കമ്പനികള്‍ ഇവയാണ്- ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്‌സ്, ജൂബിലന്റ് ഫുഡ് വർക്ക്‌സ്, ആംബർ എന്റർപ്രൈസസ് ഇന്ത്യ, അപ്പോളോ പൈപ്പ്‌സ്, ഓറിയോൺപ്രോ സൊല്യൂഷൻസ്, സിയാറ്റ്, സിയന്റ്, ഡെൽറ്റ കോർപ്പറേഷൻ, ഡിക്‌സൺ ടെക്‌നോളജീസ്, ഇൻഡോകോ റെമഡീസ്, ജ്യോതി ലാബ്‌സ്, ഇന്ത്യാ ഹോളിഡേ, കെപിഐടി ലൈഫ്സ്, കെപിഐടി റീടെക്‌സ് കമ്പനി, സുസ്ലോൺ എനർജി, ത്രിവേണി എഞ്ചിനീയറിംഗ് & ഇൻഡസ്ട്രീസ്, യുടിഐ അസറ്റ് മാനേജ്മെന്റ് കമ്പനി. 

വിപണികളിലെ ചലനങ്ങള്‍

അമേരിക്കന്‍ വിപണികള്‍ ഇന്നലെ പൊതുവേ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഡൌ ജോണ്‍സ് , നാസ്‍ഡാഖ് , എസ് & പി 500 എന്നിവയെല്ലാം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തിലാണ് തുടങ്ങിയിട്ടുള്ളത്. ഷാങ്ഹായ് , ഹോങ് കോങ് , തായ്വാന്‍ വിപണികളില്‍ നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുമ്പോള്‍ നിക്കെയ് ഇടിവിലാണ്. അതേ സമയം യൂറോപ്യന്‍വിപണികള്‍ സമ്മിശ്രമായ തലത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ ഇന്ത്യന്‍ വിപണിയില്‍ 82.96 കോടി രൂപയുടെ ഓഹരികൾ വിറ്റു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ)  934.87 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെയും ആഭ്യന്തര വിപണികളില്‍ വില്‍പ്പനക്കാരായിരുന്നു എന്ന് ഡെപ്പോസിറ്ററി ഡാറ്റ വ്യക്തമാക്കുന്നു. ഇക്വിറ്റികളില്‍ 1405.07 കോടി രൂപയുടെ വിറ്റഴിക്കലാണ് എഫ്‍പിഐകള്‍ നടത്തിയത്.  ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഡെറിവേറ്റിവ് വിപണി ഇന്ന് താഴ്ചയോടെയാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്. രാത്രി 19738 ല്‍ വ്യാപാരം അവസാനിപ്പിച്ച ഗിഫ്റ്റ് നിഫ്റ്റി രാവിലെ 19,710 ലേക്ക് താഴ്ന്നു. 

Tags:    

Similar News