നിരക്ക് ഉയരുമോ, വിപണി കുതിക്കുമോ? ഇന്നറിയാം ആര്‍ബിഐ തീരുമാനം

ഇന്ത്യന്‍ വിപണി ഇന്ന് ആര്‍ബിഐയുടെ പണനയ തീരുമാനത്തോട് പ്രതികരിക്കും. വിപണിയുടെ ഏത് ചലനവും ഈ തീരുമാനത്തോട് ബന്ധപ്പെട്ടിരിക്കും. വിപണിയുടെ സ്വഭാവം ഇന്നലെ നെഗറ്റീവായി മാറാനുള്ള കാരണങ്ങളിലൊന്ന് യുഎസ് ഫെഡിന്റെ കര്‍ക്കശമായ പണനയം തന്നെയാണ്. കുത്തനെ പലിശനിരക്ക് ഉയര്‍ന്നേക്കുമെന്നുള്ള ഭയം അമേരിക്കന്‍ നിക്ഷേപകരിലുണ്ട്. ഊര്‍ജ്ജ ഓഹരികളിലുണ്ടായ ലാഭമെടുപ്പ്, പ്രത്യേകിച്ചും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മറ്റൊരു സുപ്രധാന കാരണമാണ്. ആഗോള ക്രൂഡ് വിലയിലെ ചാഞ്ചാട്ടമാണ് ഇതിനു കാരണം. കൂടാതെ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകരെല്ലാം ഇന്നത്തെ പണനയ തീരുമാനത്തിനായി കാത്തിരിക്കുകയുമാണ്. ഭൂരിപക്ഷം വിദഗ്ധരും […]

Update: 2022-04-07 21:33 GMT
story

ഇന്ത്യന്‍ വിപണി ഇന്ന് ആര്‍ബിഐയുടെ പണനയ തീരുമാനത്തോട് പ്രതികരിക്കും. വിപണിയുടെ ഏത് ചലനവും ഈ തീരുമാനത്തോട് ബന്ധപ്പെട്ടിരിക്കും. വിപണിയുടെ...

ഇന്ത്യന്‍ വിപണി ഇന്ന് ആര്‍ബിഐയുടെ പണനയ തീരുമാനത്തോട് പ്രതികരിക്കും. വിപണിയുടെ ഏത് ചലനവും ഈ തീരുമാനത്തോട് ബന്ധപ്പെട്ടിരിക്കും.

വിപണിയുടെ സ്വഭാവം ഇന്നലെ നെഗറ്റീവായി മാറാനുള്ള കാരണങ്ങളിലൊന്ന് യുഎസ് ഫെഡിന്റെ കര്‍ക്കശമായ പണനയം തന്നെയാണ്. കുത്തനെ പലിശനിരക്ക് ഉയര്‍ന്നേക്കുമെന്നുള്ള ഭയം അമേരിക്കന്‍ നിക്ഷേപകരിലുണ്ട്. ഊര്‍ജ്ജ ഓഹരികളിലുണ്ടായ ലാഭമെടുപ്പ്, പ്രത്യേകിച്ചും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മറ്റൊരു സുപ്രധാന കാരണമാണ്. ആഗോള ക്രൂഡ് വിലയിലെ ചാഞ്ചാട്ടമാണ് ഇതിനു കാരണം.

കൂടാതെ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകരെല്ലാം ഇന്നത്തെ പണനയ തീരുമാനത്തിനായി കാത്തിരിക്കുകയുമാണ്. ഭൂരിപക്ഷം വിദഗ്ധരും കണക്കുകൂട്ടുന്നത് നിലവിലെ പണനയം തന്നെ ആര്‍ബിഐ തുടരുമെന്നാണ്. എങ്കിലും, പണപ്പെരുപ്പം നേരിടുന്ന കാര്യത്തിലും, വളര്‍ച്ച കൂട്ടുന്നതിനും എന്തു നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു എന്ന് ആര്‍ബിഐ വിശദമാക്കിയേക്കും. ഇത് വിപണിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വാര്‍ത്തയാണ്.

നിലവിലെ നയം തുടരുകയാണെങ്കില്‍ വിപണി പോസിറ്റീവായി മാറാന്‍ സാധ്യതയുണ്ട്. മറിച്ചായാല്‍, വിപണിയില്‍ അത് നിരാശ പടര്‍ത്താന്‍ ഇടയാകും.

നിഫ്റ്റി 17700 ന് താഴേക്കു പോയാല്‍ അത് 17550 വരെ എത്തിച്ചേരാം. എന്നാല്‍ ബാങ്കിംഗ് ഓഹരികള്‍ പ്രകടിപ്പിക്കുന്ന കരുത്ത് തീര്‍ച്ചയായും പോസിറ്റീവായ ഘടകമാണ്. ഇവയെല്ലാം പരിഗണിക്കുമ്പോള്‍, വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുന്നതാണ് നല്ലത്. നയ തീരുമാനം വന്ന് വിപണി സ്ഥിരത കൈവരിക്കുന്നത് വരെ കാത്തിരിക്കാം.

അമേരിക്കന്‍ വിപണി ഇന്നലെ ലാഭത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.25 ശതമാനം, എസ് ആന്‍ഡ് പി 500 0.43 ശതമാനം, നാസ്ഡാക്ക് 0.06 ശതമാനം ഉയര്‍ന്നു. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി ഇന്നു രാവിലെ (7.40 am) 4 പോയിന്റ് ഉയര്‍ച്ചയിലാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 5,009.62 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,774.70 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

സാങ്കേതിക വിശകലനം

കൊട്ടക്ക സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് ഹെഡ് ശ്രീകാന്ത് ചൗഹാന്‍ പറയുന്നു: "സാങ്കേതികമായി, ഇന്‍ട്രാഡേ ചാര്‍ട്ടുകളില്‍ നിഫ്റ്റി 'ലോവര്‍ ഹൈ സീരീസ്' രൂപമാണ് കാണിക്കുന്നത്. ഇതോടൊപ്പം, ഒരു ബെയറിഷ് കാന്‍ഡിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് നെഗറ്റീവായ സൂചനയാണ്."

"എന്നിരുന്നാലും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സൂചിക 475 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വ്യാപാരം നടക്കുന്നത് ഒരു തിരിച്ചുപോക്കിന് പിന്തുണ ലഭിക്കുന്ന ലെവലിലാണ്. വിപണി വിലയിടിവിന്റെ ഒരു ഘട്ടം പിന്നിട്ടു കഴിഞ്ഞു. സൂചിക 17720 ന് മുകളിലേക്ക് ഉയര്‍ന്നാല്‍, പെട്ടന്നുള്ള ഒരു കുതിപ്പിന് സാധ്യയുണ്ട്. ഈ നീക്കം 17800-17850 നില വരെ എത്തിച്ചേരാം," ചൗഹാന്‍ പറഞ്ഞു.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ലോംഗ് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍-ടാറ്റാ കമ്മ്യൂണിക്കേഷന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ്, വേള്‍പൂള്‍ ഇന്ത്യ, ഹണിവെല്‍ ഓട്ടോമേഷന്‍, ബല്‍റാംപുര്‍ ചിനി മില്‍സ്.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍ വിപണിയില്‍ 'ഷോര്‍ട്ട് ബില്‍ഡപ്പ്' കാണിക്കുന്ന ഓഹരികള്‍-നിഫ്റ്റി ഫിനാന്‍ഷ്യല്‍, സീ എന്റെര്‍ടൈന്‍മെന്റ്, വോള്‍ട്ടാസ്, എല്‍ ആന്‍ഡ് ടി ടെക്‌നോളജി, എച്ച്ഡിഎഫ്‌സി ബാങ്ക്

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,800 രൂപ (ഏപ്രില്‍ 7)
ഒരു ഡോളറിന് 75.43 രൂപ (ഏപ്രില്‍ 7)
ബ്രെന്റ് ക്രൂഡ് ബാരലിന് 100.72 ഡോളര്‍ (ഏപ്രില്‍ 8, 8.05 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 34,69,742 രൂപ (ഏപ്രില്‍ 8, 8.05 am, വസീര്‍എക്‌സ്)

Tags:    

Similar News