അഞ്ചു വർഷത്തിൽ ആവശ്യ വസ്തുക്കളുടെ വില ക്രമാതീതമായി ഉയർന്നതായി കേന്ദ്രമന്ത്രി

  • 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ആവശ്യ ഭക്ഷ്യ വസ്തുക്കളുടെ ശരാശരി വില കുതിച്ചുയർന്നു
  • റഷ്യ ഉക്രെയ്ൻ യുദ്ധം റീട്ടെയിൽ പണപ്പെരുപ്പത്തിൽ സമ്മർദ്ദം ചെലുത്തിയത് ഇതിനു ആക്കം കൂട്ടി
  • ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കാൻ, ഇറക്കുമതി തീരുവ പൂജ്യമാക്കുന്നതടക്കമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു
  • 22 ആവശ്യ സാധനങ്ങളുടെ വില വിവര പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.

Update: 2023-02-11 10:45 GMT

ഡെൽഹി: രാജ്യത്തെ അരിയും ഗോതമ്പുമടക്കമുള്ള ആവശ്യ ഭക്ഷ്യ വസ്തുക്കളുടെ ശരാശരി വില 2018 മുതൽ 2022 വരെയുള്ള കാലയളവിൽ കുതിച്ചുയർന്നുവെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. ഏറ്റവും അത്യാവശ്യമുള്ള 22 ഭക്ഷ്യ ഉത്പന്നങ്ങളുടെ ശരാശരി വിലയുടെ കണക്കുകളാണ് ഭക്ഷ്യ-ഉപഭോക്തൃ കാര്യ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യ സഭയിൽ അവതരിപ്പിച്ചത്. ഡാറ്റയിലെ കണക്കു പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഗോതമ്പിന്റെ വില 25 ശതമാനം ഉയർന്നപ്പോൾ അരിയുടെ വില 23 ശതമാനം വർധിച്ചു.

2022 ൽ അരിയുടെ ശരാശരി വില പ്രധാന നഗരങ്ങളിൽ, കിലോയ്ക്ക് 37.03 രൂപയായി. 2018 ൽ 30.05 രൂപയായിരുന്നു. ഗോതമ്പിന്റെ വില കിലോയ്ക്ക് 24.2 രൂപയിൽ നിന്ന് 30.15 രൂപയായി. ആട്ടയുടെ നിരക്ക് 26.43 രൂപയിൽ നിന്ന് 34.5 രൂപയായി.




 


റഷ്യ ഉക്രെയ്ൻ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയിൽ പ്രക്ഷുബ്ധത സൃഷ്ടിച്ചുവെന്നും ധാന്യങ്ങളുടെ വിലക്കയറ്റം ഉൾപ്പെടെ റീട്ടെയിൽ പണപരുപത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തെന്ന് മന്ത്രി വ്യക്തമാക്കി.

പയർ വർഗങ്ങളിൽ, തുവര പരിപ്പിന്റെ വില 2018 ഇൽ കിലോക്ക് ഉണ്ടായിരുന്ന 66.47 രൂപയിൽ നിന്ന് 73.66 രൂപയായി. തുവര പരിപ്പിന്റെ വില കിലോക്ക് 107.29 രൂപയിൽ നിന്നും 71.07 രൂപയായി.

ഉഴുന്ന് പരിപ്പിന്റെ വില കിലോക്ക് 70.83 രൂപയിൽ നിന്ന് 106.57 രൂപയായി. ചെറുപയർ പരിപ്പിന്റെ വില കിലോക്ക് 73 .46 രൂപയിൽ നിന്ന് 102.63 രൂപയായി. മാസോർ പരിപ്പിന്റെ വില കിലോക്ക് 61.29 രൂപയിൽ നിന്ന് 96.21 രൂപയാണ് വർധിച്ചു.

ഭക്ഷ്യ എണ്ണയുടെ വിഭാഗത്തിൽ നില കടല എണ്ണയുടെ വില 2018 ലിറ്ററിന് 125.79 രൂപയായിരുന്നു. എന്നാൽ 2022 ആയപ്പോഴേക്ക് ലിറ്ററിന് 189.24 രൂപയായി ഉയർന്നു.

കടുകെണ്ണയുടെ വില ലിറ്ററിന് 106.16 രൂപയിൽ നിന്ന് 181.98 രൂപയായി. വനസ്പതിയുടെ വില ലിറ്ററിന് 80.32 രൂപയിൽ നിന്ന് 150.24 രൂപയായി വർധിച്ചു. സോയബീൻ എണ്ണയ്ക്ക് ലിറ്ററിന് 158.41 രൂപയായി. അഞ്ചു വർഷം മുൻപ് 89.34 രൂപയായിരുന്നു. സൺ ഫ്ലവർ ഓയിലിന്റെ വില ലിറ്ററിന് 96.28 രൂപയിൽ നിന്ന് 178.2 രൂപയും, പാമോയിൽ വില 76.68 രൂപയിൽ നിന്ന് 134.83 രൂപയുമായി.

ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കാൻ, സർക്കാർ പാം ഓയിൽ, സോയാബീൻ ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി തീരുവ പൂജ്യമാക്കി കുറച്ചുവെന്നും ഈ എണ്ണകളുടെ അഗ്രി സെസ് 5 ശതമാനമായി കുറച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറിയുടെ വിലയ്ക്കും ക്രമാനുഗതമായി വർധിച്ചിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ വില കിലോക്ക് 19.02 രൂപയിൽ നിന്ന് 25.2 രൂപയായി വർധിച്ചു. ഉള്ളിയുടെ വില കിലോക്ക് 23.64 രൂപയിൽ നിന്നും 28 രൂപയായും, തക്കാളിയുടെ വില കിലോക്ക് 21.82 രൂപയിൽ നിന്ന് 36.61 രൂപയായും ഉയർന്നു.

പഞ്ചസാരയുടെ വില കിലോക്ക് 38.92 രൂപയിൽ നിന്ന് 41.87 രൂപയായി. ശർക്കര കിലോക്ക് 43.11 രൂപയിൽ നിന്ന് 49.31 രൂപയായും വർധിച്ചു.

പാലിന്റെ വില 2018 ൽ ലിറ്ററിന് 42.31 രൂപയായിരുന്നു. 2022 ൽ ഇത് 52.81 രൂപയായി.

ചായപൊടിയുടെ വില കിലോഗ്രാമിന് 209.19 രൂപയിൽ നിന്ന് 282.48 രൂപയായി.

ഉപ്പിന്റെ വില കിലോക്ക് 15.22 രൂപയിൽ നിന്ന് 20.25 രൂപയുമായി.

ഇന്ത്യയിലുടനീളമുള്ള 340 മാർക്കറ്റ് കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃകാര്യ വകുപ്പ് 22 ആവശ്യ സാധനങ്ങളുടെ വില വിവര പട്ടിക തയാറാക്കിയിട്ടുള്ളത്.

Tags:    

Similar News