കുരുമുളകിന്റെ വില വര്‍ധന എത്രനാള്‍? പ്രതിസന്ധിയിലാകുന്ന ഏലം

  • ആഗോള വിപണിയില്‍ റബറിന് മുന്നേറ്റം
  • വില്‍പ്പനയ്ക്ക് താല്‍പ്പര്യം കാണിക്കാതെ ഏലം കര്‍ഷകര്‍
  • ഇതുവരെ കനത്ത തകര്‍ച്ചയിലായിരുന്ന കുരുമുളക് തിരിച്ച് വരവിലാണ്.

Update: 2024-03-12 11:48 GMT

രാജ്യാന്തര റബര്‍ വിപണിയിലെ വിലക്കയറ്റം കണ്ടില്ലന്ന് നടിച്ച് ആഭ്യന്തര ഷീറ്റ് വില ഉയര്‍ത്തുന്നതില്‍ നിന്നും അകന്ന് മാറുകയാണ് ടയര്‍ മേഖല. സംസ്ഥാനത്ത് ടാപ്പിങ് സീസണ്‍ അവസാനിച്ചതിനാല്‍ വില ഉയരുമെന്ന നിലപാടില്‍ കാര്‍ഷിക മേഖല കൊച്ചി, കോട്ടയം വിപണികളില്‍ ചരക്ക് ഇറക്കാതെ ഉയര്‍ന്ന വില പ്രതീക്ഷിക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് പിന്നിട്ടു. ഇതിനിടയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിനെ മറികടന്ന് വിദേശത്ത് ഷീറ്റ് വില ഉയര്‍ന്നെങ്കിലും വ്യവസായികള്‍ ഇറക്കുമതിയുടെ മാധുര്യം മാത്രം നുകര്‍ന്ന് ആഭ്യന്തര കര്‍ഷകരെ പ്രതിസന്ധിലാക്കി. ബാങ്കോക്കില്‍ റബര്‍ വില കിലോ 211 രൂപയിലും കേരളത്തില്‍ നിരക്ക് 174 രൂപയുമാണ്.

കുരുമുളക് വര്‍ധനയില്‍

കനത്ത തകര്‍ച്ചയ്ക്ക് ശേഷം കുരുമുളക് കാഴ്ച്ചവെച്ച തിരിച്ചു വരവിന്റെ ആയുസ് എണ്ണുകയാണ് അന്തര്‍സംസ്ഥാന വ്യാപാരികള്‍. ഒറ്റ ദിവസം ക്വിന്റ്റലിന് 500 രൂപ വര്‍ധിച്ചങ്കിലും കാര്‍ഷിക മേഖല ചരക്ക് വില്‍പ്പനയ്ക്ക് താല്‍പര്യം കാണിച്ചില്ല. ഉല്‍പാദന കേന്ദ്രങ്ങള്‍ കുരുമുളക് നീക്കത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ വില വീണ്ടും ഉയര്‍ത്താനാവുമെന്നാണ് വ്യാപാര രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഒട്ടുമിക്ക ഭാഗങ്ങളിലും വിളവെടുപ്പ് പുര്‍ത്തിയതിനാല്‍ മാസത്തിന്റ രണ്ടാം പകുതിയില്‍ വിപണിയില്‍ വരവ് ചുരുങ്ങാന്‍ ഇടയുണ്ട്. അണ്‍ ഗാര്‍ബിള്‍ഡ് മുളക് 49,700 രൂപ.

ഇടിവില്‍ ഏലം

ലേല കേന്ദ്രങ്ങളില്‍ ഏലക്കയുടെ വില തകര്‍ച്ച രൂക്ഷമാകുന്നു. ലേലത്തിനുള്ള ചരക്ക് വരവ് അരലക്ഷം കിലോ പോലും ഇല്ലാഞ്ഞിട്ടും വാങ്ങലുകാര്‍ നിരക്ക് ഇടിഞ്ഞത് കാര്‍ഷിക മേഖലയ്ക്ക് കനത്ത പ്രഹരമായി. 41,675 കിലോ എലക്കയുടെ ഇടപാടുകള്‍ നടന്നപ്പോഴും ശരാശരി ഇനങ്ങളുടെ വില കിലോ 1264 രൂപയിലേയ്ക്ക് ഇടിഞ്ഞു. മികച്ചയിനങ്ങള്‍ 1852 രൂപയിലും കൈമാറി. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും ഏലക്ക ശേഖരിക്കാന്‍ ഉത്സാഹിച്ചു.





Full View


Tags:    

Similar News