അന്താരാഷ്ട്ര കൊക്കോ വിപണിയില്‍ ഇപ്പോഴും ചരക്ക് ക്ഷാമം

  • ടയര്‍ കമ്പനികള്‍ റബര്‍ ഷീറ്റ് വില ഇടിച്ചു
  • കാര്‍ഷിക മേഖലയില്‍ ഏലത്തിന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി
  • പച്ച കൊക്കോ വില കിലോ 340 രൂപയിലെത്തി

Update: 2024-04-18 12:17 GMT

ഹൈറേഞ്ചിലെ കൊക്കോ ഉല്‍പാദകര്‍ വിപണിയിലെ ചലനങ്ങളെ സസുക്ഷ്മം വിലയിരുത്തുന്നു. കൊക്കോ വില കിലോ 960 രൂപ വരെ ഇതിനകം മുന്നേറി, നിരക്ക് 1000 ലേയ്ക്ക് ചുവടുവെക്കുന്ന നിമിഷങ്ങള്‍ക്കായി കേരളത്തിലെ കര്‍ഷകര്‍ ഉറ്റ് നോക്കുകയാണ്. കാര്‍ഷിക മേഖലകളിലെ ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍ രണ്ടും മൂന്നും കിലോ വീതം ചരക്കുമായി എത്തുന്നവരുടെ എണ്ണം ഉയരുന്നു. മുന്‍കാലങ്ങളില്‍ തോട്ടങ്ങളില്‍ കാര്യമായി ശ്രദ്ധചെലുത്താന്‍ താല്‍പര്യം കാണിക്കാഞ്ഞവര്‍ പോലും അതി രാവിലെ തന്നെ കൊക്കോയെ പരിചരിക്കാന്‍ ഉത്സാഹിക്കുകയാണ്. പച്ച കൊക്കോ വില കിലോ 340 രൂപയിലെത്തി. കൊക്കോ വിപണി ചരിത്രത്തിലെ ഏറ്റവും തലത്തിയ നീങ്ങുകയാണെങ്കിലും ഏതവസരത്തിലും ഉല്‍പ്പന്നത്തെ സാങ്കേതിക തിരുത്തല്‍ പിടികുടാന്‍ സാധ്യതയുണ്ട്. അമിത വിലക്കയറ്റം

കണ്ട് ചോക്കളേറ്റ് വ്യവസായികള്‍ രംഗത്ത് നിന്നും അല്‍പ്പം പിന്‍തിരിയുന്നതും വിലയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കാം. അതേ സമയം അന്താരാഷ്ട്ര കൊക്കോ വിപണിയിലെ ചരക്ക് ക്ഷാമം ഇനിയും വിട്ടുമാറിട്ടില്ലെന്നത് വിരല്‍ ചുണ്ടുന്നത് പുതിയ ഉയരങ്ങളിലേയ്ക്ക് തന്നെയാണ്.

ഉല്‍പാദന മേഖലയില്‍ നടന്ന ഏലക്ക ലേലത്തില്‍ വില്‍പ്പനയ്ക്ക് വന്ന 33,301 കിലോഗ്രാം ചരക്കില്‍ 32,383 കിലോയും വാങ്ങലുകാര്‍ മത്സരിച്ച് ശേഖരിച്ചെങ്കിലും വില ഉയര്‍ത്തുന്നതില്‍ അവര്‍ ഉത്സാഹിച്ചില്ലെന്ന് കര്‍ഷകര്‍. ശരാശരി ഇനങ്ങള്‍ കിലോ 1700 രൂപയ്ക്ക് മുകളിലാണ്, ആഭ്യന്തര വിദേശ ഡിമാന്റ് കണക്കിലെടുത്താല്‍ ഇതിലും ഉയര്‍ന്ന വില ലഭിക്കേണ്ടതായിരുന്നെന്ന് ഉല്‍പാദകര്‍. ഓഫ് സീസണായതിനാല്‍ കാര്‍ഷിക മേഖലയില്‍ ഏലത്തിന് ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി.

ആഗോള തലത്തില്‍ റബര്‍ ഉല്‍പാദനം കുറഞ്ഞ സന്ദര്‍ഭത്തില്‍ മുഖ്യ റബര്‍ അവധി വ്യാപാര കേന്ദ്രങ്ങളിലെ വില തകര്‍ച്ച അവസരമാക്കി ടയര്‍ കമ്പനികള്‍ ഷീറ്റ് വില ഇടിച്ചു. സംസ്ഥാനത്ത് കനത്ത പകല്‍ ചൂട് മൂലം ഫെബ്രുവരിയില്‍ തന്നെ ടാപ്പിങ് നിര്‍ത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായതിനാല്‍ റബര്‍ സ്‌റ്റോക്ക് നാമമാത്രം. മുഖ്യ വിപണികളില്‍ നാലാം ഗ്രേഡ് റബര്‍ 17,900 രൂപയിലാണ്.

Tags:    

Similar News