എബിക്സ് കാഷ് ഇഷ്യൂ; ലീഡ് മാനേജർമാർക്ക് സെബി താക്കീത്
- രാജ്യാന്തര പണമിടപാടുകളുടെ മേഖലയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് എബിക്സ് ക്യാഷ്.
- 13 മാസത്തെ കാലയളവിനു ശേഷമാണ് ഇഷ്യൂവിനു അംഗീകാരം ലഭിച്ചത്
- 6,000 കോടി മുതൽ 8,000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്‌ഷ്യം
എബിക്‌സിന്റെ ഫിൻടെക് സബ്‌സിഡിയറിയായ എബിക്സ് കാഷിന്റെ 6,000 കോടി രൂപയുടെ പ്രാഥമിക പബ്ലിക് ഓഫറിംഗിന്റെ വെളിപ്പെടുത്തൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ അഞ്ച് ലീഡ് മാനേജർമാരർക്കെതിരേ കാപ്പിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) താക്കീത് നൽകി
ലീഡ് മാനേജർമാരായ മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്‌വ്യസർമാർ, ഇക്വിറസ് കാപ്പിറ്റൽ, ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ കാപ്പിറ്റൽ മാർക്കറ്റ്‌സ്, യെസ് സെക്യൂരിറ്റീസ് എന്നവർക്കാണ് താക്കീത് ലഭിച്ചത്.
എബിക്സ് കാഷിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്‌റ്റസിലെ (ഡിആർഎച്പി) വെളിപ്പെടുത്തലുകൾ അപൂർണമാണെന്നു സെബി ആരോപിച്ചു, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സെബി ഇവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എബിക്സ് കാഷിന്റെ നിർദ്ദിഷ്ട ഇഷ്യൂവിനെ സംബന്ധിച്ച് 2023 സെപ്റ്റംബർ നാലിന് സെബിയിൽ നിന്ന് 'മുന്നറിയിപ്പ്' ലഭിച്ചതായി ഐസിഐസിഐ സെക്യൂരിറ്റീസ് പറഞ്ഞു.
ഏകദേശം 13 മാസത്തെ നീണ്ട കാലയളവിനു ശേഷമാണ് എബിക്സ് കാഷ് ഇഷ്യൂവിനു മാർക്കറ്റ് റെഗുലേറ്റർ അംഗീകാരം നൽകിയത്, ഇത് ശരാശരി പ്രോസസ്സിംഗ് സമയമായ 60-90 ദിവസത്തേക്കാൾ വളരെ കൂടുതലാണ്. 2020-ലെ കാലയളവ് 82 ദിവസമായിരുന്നു, 2021-ൽ ഇഷ്യൂ അംഗീകാരങ്ങൾക്കായി എടുത്തത് ശരാശരി 75 ദിവസമായിരുന്നു.
ബി2സി, ബി2ബി സ്‌പെയ്‌സിലെ ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ സാങ്കേതിക-പ്രാപ്‌ത ദാതാവായ, നോയിഡ ആസ്ഥാനമായുള്ള എബിക്സ് കാഷ്, 2022 മാർച്ചിൽ ഡിആർഎച്പി ഫയൽ ചെയ്യുകയും 2023 ഏപ്രിലിൽ മാർക്കറ്റ് റെഗുലേറ്ററുടെ അനുമതി നേടുകയും ചെയ്തു. പബ്ലിക് ഇഷ്യു വഴി 6,000 കോടി മുതൽ 8,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
രാജ്യാന്തര പണമിടപാടുകളുടെ മേഖലയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് എബിക്സ് ക്യാഷ്. ഡെൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവയുൾപ്പെടെ ഏകദേശം 20 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഫോറെക്‌സ് പ്രവർത്തനങ്ങളുണ്ട്. എബിക്സ് ക്യാഷ്-ന്റെ മാതൃസ്ഥാപനമായ എബിക്സ്, യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനിയാണ്. നാസ്ഡാകിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
