ഇന്ത്യൻ ഓഹരികൾക്ക് ഉയർന്ന വില; വിദേശ നിക്ഷേപകർ ചൈനയിലേക്ക്

  • വിദേശ നിക്ഷേപകർ ഈ മാസം 20-വരെ 15,236 കോടി രൂപ പിൻവലിച്ചു.
  • പൊതുമേഖലാ ബാങ്കുകളുടെ 6 മാസത്തെ മൊത്തം അറ്റാദായം 32 ശതമാനം വർധിച്ച് 40,991 കോടി രൂപ
  • വെള്ളിയാഴ്ച യുഎസ്-യുറോപ്പിയൻ വിപണികൾ നേട്ടത്തിൽ.

Update: 2023-01-23 02:15 GMT

കൊച്ചി: ത്രൈമാസ വരുമാനം, വിദേശ ഫണ്ട് നീക്കങ്ങൾ എന്നിവ ഈയാഴ്ച ഓഹരി വിപണിയിൽ പ്രാധാന്യമർഹിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. റിപ്പബ്ലിക്ക് ദിന അവധിയുള്ളതിനാൽ വ്യാപാരം ഒരുദിവസം കുറവായിരിക്കും. ആകർഷകമായ ചൈനീസ് വിപണികളും യുഎസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കാരണം വിദേശ നിക്ഷേപകർ ഈ മാസം ഇതുവരെ 15,236 കോടി രൂപ പിൻവലിച്ചു. ഇന്ത്യൻ ഓഹരികൾ ഇപ്പോഴും ഉയർന്ന വില നിലവാരത്തിൽ നിൽക്കുകയാണെന്നാണ് അവരുടെ പക്ഷം. എന്നാൽ, അവർ ഡിസംബറിൽ 11,119 കോടി രൂപയും നവംബറിൽ 36,239 കോടി രൂപയും അറ്റ വാങ്ങൽ നടത്തിയിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി ആഭ്യന്തര ഓഹരി വിപണിയിൽ പൊതു മേഖല ബാങ്കുകളാണ് (പിഎസ്ബി) താരങ്ങൾ. അവയുടെ സാമ്പത്തിക ആരോഗ്യം ഗണ്യമായി മെച്ചപ്പെട്ടതിനാൽ വരുന്ന ബജറ്റിൽ സർക്കാർ മൂലധന നിക്ഷേപം പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ലക്ഷം കോടി രൂപ ലാഭം നേടാനുള്ള പാതയിലാണ് പി എസ് ബി-കൾ ഇപ്പോൾ മുന്നേറുന്നത്. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും മൊത്തം അറ്റാദായം 32 ശതമാനം വർധിച്ച് 40,991 കോടി രൂപയായി. മാത്രമല്ല, അവയുടെ മൂലധന പര്യാപ്തത അനുപാതം (ക്യാപിറ്റൽ അഡെക്വാസി റേഷ്യോ; CAR) 14-20 ശതമാനത്തിന് ഇടയിലാണ്. ഈ പ്രവണത തുടരാനാണ് സാധ്യത.

വെള്ളിയാഴ്ച സെൻസെക്സ് 236.66 പോയിന്റ് ഇടിഞ്ഞ് 60,621.77 ലും നിഫ്റ്റി 80.20 പോയിന്റ് നഷ്ടത്തിൽ 18,027.65 ലുമാണ് വ്യപരാമവസാനിപ്പിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.00 ന് 92.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത് ഇത് ഗാപ് അപ് തുടക്കത്തിന് കാരണമായേക്കാം.

ഈയാഴ്ച ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, ജിൻഡാൽ സ്റ്റീൽ, ബജാജ് ഓട്ടോ, ഡിഎൽഎഫ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ബജാജ് ഫിനാൻസ്, വേദാന്ത എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കൊച്ചിൻ ഷിപ്‌യാർഡ്, ജിയോജിത്, കിറ്റെക്‌സ്‌, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപ് എന്നിവ വെള്ളിയാഴ്ച പച്ചയിലാണ് അവസാനിച്ചത്.

ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, എഫ് എ സി ടി, കേരള കെമിക്കൽസ്, മുത്തൂറ്റ് ഫിനാൻസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കിംസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ല തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും ശോഭയും ഉയർന്നപ്പോൾ പുറവങ്കര താഴ്ചയിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ജനുവരി 20) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,509.95 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -2,002.25 കോടി രൂപക്ക് അധികം വിറ്റു.

ലോക വിപണി

ഇന്ന് പല ഏഷ്യൻ വിപണികളും പുതു വര്ഷം പ്രമാണിച്ചു അവധിയിലാണ്. ജപ്പാൻ നിക്കേ (304.37) നേട്ടത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ +330.93 പോയിന്റും എസ് ആൻഡ് പി 500 +73.76 പോയിന്റും നസ്‌ഡേക് +288.17 പോയിന്റും ഉയർന്നു.

യൂറോപ്പിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല; ലണ്ടൻ ഫുട്‍സീ (+23.30) ഫ്രാങ്ക്ഫർട് ഡി എ എക്സ് (+113.20), പാരീസ് യുറോനെക്സ്റ്റ് (+44.12) എന്നിവയും പച്ചയിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

സിദ്ധാർത്ഥ ഖേംക, റീട്ടെയിൽ റിസർച്ച് ഹെഡ്, മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്: 2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദ ഫലങ്ങളും വരാനിരിക്കുന്ന ബജറ്റും മുന്നിൽ കണ്ട് വിപണി ഒരു ഏകീകൃത ശ്രേണിയിൽ തുടരാൻ സാധ്യതയുണ്ട്. കൂടാതെ, വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്‌ഐഐ) ചലനം, രൂപയുടെ ഗതി, ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വ്യാപാരം എന്നിവയും നിക്ഷേപകർ നിരീക്ഷിക്കും.”

വിനോദ് നായർ, ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: "മൂന്നാം പാദം ആരംഭിച്ചത് ചാഞ്ചല്യത്തോടെയാണെങ്കിലും, ഐടി, ബാങ്കിംഗ് ബ്ലൂ ചിപ്പുകളിൽ നിന്നുള്ള ഏറ്റവും പുതിയ സാമ്പത്തിക പ്രഖ്യാപനങ്ങൾ പ്രോത്സാഹജനകമാണ്. സമ്മിശ്രമായ അടിയൊഴുക്കുകൾ കണക്കിലെടുക്കുമ്പോൾ, രണ്ടാം നിര ഫലങ്ങളുടെ വരവും ആഗോള വിപണി സൂചനകളും മുന്നോട്ടുള്ള പ്രവണതയെ നിർണ്ണയിക്കും.

വിപി അജിത് മിശ്ര, ടെക്‌നിക്കൽ റിസർച്ച്, റെലിഗെയർ ബ്രോക്കിംഗ്: "റിലയൻസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ കമ്പനികളുടെ വെള്ളിയാഴ്ച ഇറങ്ങിയ സുപ്രധാന ഫലങ്ങളോട് തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ വിപണികൾ പ്രതികരിക്കും."

ശ്രദ്ധിക്കേണ്ട ഓഹരികൾ

പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറർ കമ്പനിയായ എച്ച്‌ഡിഎഫ്‌സി ലൈഫ് (ഓഹരി വില: 590.55 രൂപ) ന്റെ പ്രീമിയം വരുമാനം സെപ്റ്റംബർ പാദത്തിലെ 12,124.36 കോടി രൂപയിൽ നിന്ന് 18.6 ശതമാനം ഉയർന്ന് മൂന്നാം പാദത്തിൽ 14,379.38 കോടി രൂപയിലെത്തി. ഈ കാലയളവിൽ കമ്പനിയുടെ അറ്റാദായം 15.2 ശതമാനം വളർന്ന് 315.22 കോടി രൂപയായി.

ഐസിഐസിഐ ബാങ്കിന്റെ (ഓഹരി വില: 870.35 രൂപ) അറ്റാദായം ഡിസംബർ പാദത്തിൽ 34.5 ശതമാനം വർധിച്ച് 8,792 കോടി രൂപയിലെത്തി.

2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ എസ്ബിഐ ലൈഫ് ഇൻഷുറൻസിന്റെ (ഓഹരി വില: 1296.10 രൂപ) അറ്റാദായം 16 ശതമാനത്തിലധികം ഇടിഞ്ഞ് 304 കോടി രൂപയായി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ലാഭം 364 കോടി രൂപയായിരുന്നു,

കരുത്തുറ്റ മാർജിനുകളും മെച്ചപ്പെട്ട ആസ്തി നിലവാരവും മൂലം 2022 ഡിസംബർ പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ (ഓഹരി വില:1762.90 രൂപ) അറ്റ വരുമാനം 31 ശതമാനം വളർച്ച നേടി 2,792 കോടി രൂപയായി.

ആദിത്യ ബിർള ഗ്രൂപ്പ് സ്ഥാപനമായ അൾട്രാടെക് സിമന്റ്ന്റെ (ഓഹരി വില: 7177.15 രൂപ) മൂന്നാം പാദത്തിലെ ഏകീകൃത അറ്റാദായം 37.9 ശതമാനം ഇടിഞ്ഞ് 1,062.58 കോടി രൂപയായി.

ബാഡ് അസറ്റുകകൾക്കായി ഉയർന്ന തുക നീക്കി വെച്ചതിനാൽ യെസ് ബാങ്ക്ന്റെ (ഓഹരി വില: 19.75 രൂപ) ഡിസംബർ പാദ അറ്റാദായം 79 ശതമാനം ഇടിഞ്ഞ് 55.07 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (0 രൂപ)

യുഎസ് ഡോളർ = 81.17 രൂപ (-19 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 86.64 ഡോളർ (+0.56%)

ബിറ്റ് കോയിൻ = 17,85,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.01 ശതമാനം ഉയർന്ന് 101.83 ആയി.

Tags:    

Similar News