വിപണി ഊർജം വീണ്ടെടുത്തു; സെൻസെക്സ് 60,846-ൽ, അദാനി കര കയറുന്നു

  • നിഫ്റ്റി 50-ലെ 36 ഓഹരികൾ ഉയർന്നപ്പോൾ 14 എണ്ണം താഴ്ചയിലായിരുന്നു.
  • നിഫ്റ്റി പി എസ് യു ബാങ്ക് 3.07 ശതമാനം നേട്ടം കൈവരിച്ചു.
  • അദാനി ഗ്രൂപ്പ് കമ്പനികളിൽ അദാനി പോർട്സും അദാനി എന്റർപ്രൈസസും ഒരാഴ്ചത്തെ ഇടിവിനു ശേഷം നേട്ടത്തിലെത്തി

Update: 2023-02-03 10:59 GMT

കൊച്ചി: ആഴ്ചയുടെ അവസാന വ്യാപാര ദിനമായ ഇന്ന് നേട്ടത്തിലാണ് ആഭ്യന്തര വിപണികൾ അവസാനിച്ചത്. സെൻസെക്സ് 909.64 പോയിന്റ് ഉയർന്ന് 60,841. 88ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 243.65 പോയിന്റ് നേട്ടത്തിൽ 17854.05 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 830.40 പോയിന്റ് ഉയർന്ന 41499.70-ലാണ് അവസാനിച്ചത്.

അദാനി ഗ്രൂപ്പ് കമ്പനികളിൽ അദാനി പോർട്സും അദാനി എന്റർപ്രൈസസും ഒരാഴ്ചത്തെ ഇടിവിനു ശേഷം നേട്ടത്തിലെത്തി. എങ്കിലും രാവിലെ തുടക്കത്തിൽ അദാനി പോർട്സും അദാനി എന്റർപ്രൈസസും 52-ആഴ്ചത്തെ താഴ്ചയായ യഥാക്രമം 395.10, 1017.45 എന്നിങ്ങനെ ഇടിഞ്ഞിരുന്നു. അദാനി ഗ്രീനും അദാനി ട്രാൻസ്മിഷനും 10.00 ശതമാനം താഴ്ചയിലാണ് ഇന്നും; അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമാർ, അദാനി പവർ, എൻ ഡി ടി വി, എന്നിവ 5.00 ശതമാനം വീതവും താഴുന്നു. ഏറ്റെടുത്ത കമ്പനികളായ എ സി സി-യും അംബുജ സിമെന്റ്സും നേട്ടത്തിലാണ് അവസാനിച്ചത്.

എച് ഡി എഫ് സി ലൈഫ് ഇന്നും ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 481.05 പോയിന്റ് വരെ എത്തിയിരുന്നു. ഡിവിസ് ലാബും 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 2795-ലെത്തി.

നിഫ്റ്റി പി എസ് യു ബാങ്ക് 3.07 ശതമാനം നേട്ടം കൈവരിച്ചു. അതെ സമയം ഡിവിസ് ലാബ് 12 ശതമാനം വരെയാണ് കൂപ്പുകുത്തിയത്.

നിഫ്റ്റി 50-ലെ 36 ഓഹരികൾ ഉയർന്നപ്പോൾ 14 എണ്ണം താഴ്ചയിലായിരുന്നു.

അതെ സമയം മഹിന്ദ്ര ആൻഡ് മഹീന്ദ്രയും ബ്രിട്ടണിയായും 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ യഥാക്രമം 1388.00 ലും 4628.85 ലും എത്തി.

നിഫ്റ്റിയിൽ ഇന്ന് അദാനി പോർട്സ്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, എച് ഡി എഫ് സി ബാങ്ക് എന്നിവ നേട്ടം കൈവരിച്ചു. എന്നാൽ, ഡിവിസ് ലാബ്, ബി പി സി എൽ, ടാറ്റ കൺസ്യൂമർ, ഹിൻഡാൽകോ, എൻ ടി പി സി എന്നിവ നഷ്ടത്തിലാണ് ഇന്നവസാനിച്ചത്.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, ഫെഡറൽ ബാങ്ക്എ, ജ്യോതി ലാബ്ഫ്, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, വാട്ടർ ല എന്നിവയെല്ലാം നേട്ടത്തിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും, പുറവങ്കരയും, ശോഭയും നഷ്ടത്തിലായിരുന്നു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 201.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്. മറ്റു ഏഷ്യൻ വിപണികൾ മിശ്രിതമായിട്ട് അവസാനിച്ചു.

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ചുവപ്പിലാണ് ആരംഭം; എന്നാൽ ലണ്ടൻ ഫുട്‍സീ പച്ചയിലാണ് വ്യപാരം ചെയ്യുന്നത്.

ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ നഷ്ടത്തിലായപ്പോൾ എസ് ആൻഡ് പി യും നസ്‌ഡേക്കും ലാഭത്തിലായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 42,480 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,310 രൂപയായി (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 480 രൂപ വര്‍ധിച്ച് 42,880 രൂപയില്‍ എത്തിയിരുന്നു. കേരളത്തില്‍ ഇതുവരെയുള്ള സ്വര്‍ണവിലയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.83 ആയി വർധിച്ചു.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ താഴ്ന്ന് ബാരലിന് 82.28 ഡോളറിലെത്തി നിൽക്കുന്നു.

Tags:    

Similar News