നിക്ഷേപകർ ചിട്ടയായ നിക്ഷേപ പദ്ധതികളിലേക്ക് തിരിയുന്നതായി റിപ്പോർട്ടുകൾ

  • അടുത്ത 12 മാസത്തിനുള്ളിൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് 73 ശതമാനം സിഇഒ മാരും പ്രതീക്ഷിക്കുന്നതായി ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം മീറ്റിംഗിന്റെ ആദ്യ ദിവസമായ ഇന്നലെ പ്രൈസ് വാട്ടർഹവ്സ് കൂപ്പർ (PwC) പുറത്തിറക്കിയ വാർഷിക സർവേ പറയുന്നു.
  • ഇനി കാര്യങ്ങൾക്ക് ഒരു തീരുമാനമാവണമെങ്കിൽ പലിശ നിരക്ക് തീരുമാനിക്കാനുള്ള ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഫെബ്രുവരി 6-8 തീയതികളിലെ യോഗം കഴിയണം.

Update: 2023-01-17 03:10 GMT

കൊച്ചി: ആഭ്യന്തര നിക്ഷേപകർ അടുത്ത കാലത്തായി വിപണിയിലെ ചാഞ്ചാട്ടത്തിൽ ആശങ്കയുള്ളവരായി എന്നാണ് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (AMFI) യുടെ ഡാറ്റ വ്യക്തമാക്കുന്നത്. നിക്ഷേപകർ ഇപ്പോൾ കൂടുതലായും ചിട്ടയായ നിക്ഷേപ പദ്ധതികളിൽ, എസ്‌ഐ‌പികളിലും മ്യൂച്വൽ ഫണ്ടുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉയർന്ന റീട്ടെയിൽ പങ്കാളിത്തം കാരണം 2022-ൽ ഈയിനത്തിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടന്നു; 2021-ൽ ഇത് 1.14 ലക്ഷം കോടി രൂപയും 2020-ൽ 97,000 കോടി രൂപയുമായിരുന്നു.

സമീപ കാലത്തേക്ക് ഇത്തരത്തിലുള്ള നിക്ഷേപം വർധിക്കാനിടയുണ്ടെന്നാണ് ചില ആഗോള റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. അടുത്ത 12 മാസത്തിനുള്ളിൽ ആഗോള സാമ്പത്തിക വളർച്ച കുറയുമെന്ന് 73 ശതമാനം സിഇഒ മാരും പ്രതീക്ഷിക്കുന്നതായി ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറം (WEF) മീറ്റിംഗിന്റെ ആദ്യ ദിവസമായ ഇന്നലെ പ്രൈസ് വാട്ടർഹവ്സ് കൂപ്പർ (PwC) പുറത്തിറക്കിയ വാർഷിക സർവേ പറയുന്നു. മറ്റൊരു റിപ്പോർട്ടിൽ, 2023-ൽ ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്നും പറയുന്നു; ഭക്ഷണം, ഊർജം, പണപ്പെരുപ്പം എന്നിവയിലെ സമ്മർദ്ദം ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്നാണ് വേൾഡ് ഇക്കണോമിക് ഫോറം ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്‌ലുക്ക് സർവേ പറയുന്നത്.

എന്നാൽ, ആഭ്യന്തരമായി സമ്പദ്ഘടനക്ക് ആശ്വാസം പകരുന്ന വർത്തകളുമുണ്ട്. ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് പച്ചക്കറികളുടെ വിലയിടിവ് മൂലം മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2022 ഡിസംബറിൽ 22 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.95 ശതമാനമായി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ ഏഴാമത്തെ മാസമാണ് ഇത് കുറയുന്നത്. മാർച്ച് പാദത്തിൽ ഇത് ഏകദേശം 3.1 ശതമാനത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കരുതുന്നു.

തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 ഡിസംബറിൽ ഇന്ത്യയുടെ കയറ്റുമതി 12.2 ശതമാനം ചുരുങ്ങി, $34.48 ബില്യണും ഇറക്കുമതി 3.5 ശതമാനം കുറഞ്ഞ് 58.24 ബില്യണുമായി. വ്യാപാര കമ്മി ഇതേ കാലയളവിൽ 23.76 ബില്യൺ ഡോളറായി വർദ്ധിച്ചു. 2021 ഡിസംബറിൽ വ്യാപാര കമ്മി 21.06 ബില്യൺ ഡോളറായിരുന്നു.

ഇനി കാര്യങ്ങൾക്ക് ഒരു തീരുമാനമാവണമെങ്കിൽ പലിശ നിരക്ക് തീരുമാനിക്കാനുള്ള ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഫെബ്രുവരി 6-8 തീയതികളിലെ യോഗം കഴിയണം എന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 2022 ഡിസംബറിലെ ഏറ്റവും പുതിയ 35 ബേസിസ് പോയിന്റ് വർദ്ധനയോടെ മെയ് മുതൽ ആർബിഐ ഇതുവരെ നിരക്കുകൾ 2.25 ശതമാനമാണ് വർധിപ്പിച്ചത്.

ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്, ഐസിഐസി പ്രുഡൻഷ്യൽ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഇന്ന് അവയുടെ മൂന്നാം പാദ ഫലം പ്രഖ്യാപിക്കുന്നുണ്ട്.

ഇന്നലെ സെന്‍സെക്‌സ് 168.21 പോയിന്റ് നഷ്ടത്തില്‍ 60,092.97 ലാണ് ക്ലോസ് ചെയ്തത്. സൂചികയിലെ 15 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. നിഫ്റ്റി 61.75 പോയിന്റ് ഇടിഞ്ഞ് 17,894.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റിയും 203.70 പോയിന്റ് താഴ്ന്ന് 42,167.55 ൽ അവസാനിച്ചു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.15 ന് -8.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത് ഒരു ഗാപ് ഡൌൺ തുടക്കത്തിന് ഇത്വേ ദിയൊരുക്കുന്നു.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ഹാരിസൺ മലയാളം, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ല എന്നിവ വെള്ളിയാഴ്ച പച്ചയിലാണ് അവസാനിച്ചത്. ജിയോജിത്, ജ്യോതി ലാബ്, കിംസ്, മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ക്യാപ്, മുത്തൂറ്റ് ഫിനാൻസ്, തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

ഭവന നിർമാണ കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും പുറവങ്കരയും നേട്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വെള്ളിയാഴ്ച (ജനുവരി 16) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 685.96 കോടി രൂപയ്ക്ക് വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -750.59 കോടി രൂപയ്ക്ക് അറ്റ വില്പനക്കാരായി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (-9.44), ഹോങ്കോങ് ഹാങ്‌സെങ് (-190.66), സൗത്ത് കൊറിയൻ കോസ്‌പി (-15.80), തായ്‌വാൻ (-0.62), എന്നിവ ഇടിഞ്ഞപ്പോൾ ജക്കാർത്ത കോമ്പസിറ്റ് (+38.35), ജപ്പാൻ നിക്കേ (-318.19) എന്നിവ നേട്ടത്തിലാണ്.

ഇന്നലെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജന്മദിനത്തോടനുബന്ധിച്ച് യുഎസ് വിപണി അവധിയിലായിരുന്നു.

എന്നാൽ, യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+47.82), പാരീസ് യുറോനെക്സ്റ്റ് (+19.81), ലണ്ടൻ ഫുട്‍സീ (+16.00) എന്നിവ നേട്ടത്തിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: "നിഫ്റ്റിക്ക് താഴെത്തട്ടിൽ 17850/17750-ൽ പിന്തുണ ദൃശ്യമാണ്. 17,750-ന് താഴെ, നിഫ്റ്റി അർത്ഥവത്തായ തിരുത്തലിന് സാക്ഷ്യം വഹിച്ചേക്കാം. ഉയർന്ന തലത്തിൽ, പ്രതിരോധം 18000-18100-ൽ കാണാനാകും.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക താഴേക്കുള്ള സമ്മർദ്ദത്തെ തുടർന്നു, 42,500 ലെവൽ നിലനിർത്തുന്നതിൽ പരാജയപ്പെട്ടു. സൂചിക ഇപ്പോഴും ഉയരുമ്പോൾ വിൽക്കുക എന്ന മോഡിലാണ്, അത് 42,000 പിന്തുണ കടക്കുകയാണെങ്കിൽ, 41,700–41,500 സോണിലേക്ക് പോകാനുള്ള അധിക വിൽപ്പന സമ്മർദ്ദം ഞങ്ങൾ കാണുന്നുണ്ട്. ഇൻഡക്‌സ് ഓപ്ഷനുകൾ ഡാറ്റ സൂചിപ്പിക്കുന്നത് സമീപ ഭാവിയിൽ 41,500 നും 43,000 നും ഇടയിലുള്ള ഒരു ലോംഗ്-റേഞ്ച് ബൗണ്ട് ട്രേഡിംഗ് സെഷനാണ്, അവിടെ യഥാക്രമം 'പുട്ട്', 'കോൾ' വശങ്ങളിൽ ഉയർന്ന ഓപ്പൺ താൽപ്പര്യം ഉണ്ടാവുന്നുണ്ട്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഡിസംബർ പാദത്തിൽ തങ്ങളുടെ ഏകീകൃത അറ്റ നഷ്ടം 97.98 കോടി രൂപയായി വർധിച്ചതായി ജെ എസ് ഡബ്ലിയു ഇസ്പാറ്റ് സ്പെഷ്യൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് (ഓഹരി വില: 32.05 രൂപ) തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 27.12 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയതായി പ്രസ്താവനയിൽ പറയുന്നു.

2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ അറ്റ പലിശ വരുമാനം വർധിക്കുകയും ആസ്തി ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതിനാൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ (ഓഹരി വില: 33.05 രൂപ) ലാഭം ഇരട്ടിച്ച് 775 കോടി രൂപയായി. ജനുവരി-മാർച്ച് പാദത്തിൽ ക്യുഐപി-യിലൂടെ 1,000 കോടി രൂപ വരെ സമാഹരിക്കുമെന്ന് ബാങ്ക് അറിയിച്ചു.

15.99 ലക്ഷം രൂപ പ്രാരംഭ വിലയുള്ള തങ്ങളുടെ ഇലക്ട്രിക് എസ്‌യുവി XUV400 ന്റെ 20,000 യൂണിറ്റുകൾ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (ഓഹരി വില: 1315.60 രൂപ) തിങ്കളാഴ്ച അറിയിച്ചു.

ത്രിപുര സർക്കാരും NTPC റിന്യൂവബിൾ എനർജി ലിമിറ്റഡും (NTPC REL) വടക്കുകിഴക്കൻ സംസ്ഥാനത്ത് പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. എൻ‌ടി‌പി‌സി ആർ‌ഇ‌എൽ സർക്കാർ ഉടമസ്ഥതയിലുള്ള എൻ‌ടി‌പി‌സിയുടെ (ഓഹരി വില: 165.95 രൂപ) പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ്

എച്ച്‌ഐവി അണുബാധയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ഡോളൂട്ടെഗ്രാവിർ, റിൽപിവൈറിൻ ഗുളികകളുടെ ജനറിക് പതിപ്പ് വിപണിയിലെത്തിക്കാൻ യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായി ലുപിൻ (ഓഹരി വില: 756.95 രൂപ) തിങ്കളാഴ്ച അറിയിച്ചു. ഈ രണ്ട് മരുന്നുകൾക്കും യുഎസിൽ 666 മില്യൺ യുഎസ് ഡോളറിന്റെ വാർഷിക വിൽപ്പന കണക്കാക്കിയിട്ടുണ്ട്.

ഉയർന്ന അറ്റ പലിശ വരുമാനവും മെച്ചപ്പെട്ട ആസ്തി നിലവാരവും കാരണം 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്ക് (ഓഹരി വില: 140.30 രൂപ) ലാഭം 54 ശതമാനം ഉയർന്ന് 804 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ബാങ്ക് 522 കോടി രൂപ അറ്റാദായം നേടിയിരുന്നു.

വിഷാദരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ജനറിക് ലെവോമിൽനാസിപ്രാൻ എക്സ്റ്റൻഡഡ്-റിലീസ് ക്യാപ്‌സ്യൂളുകൾ വിപണിയിലെത്തിക്കുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിൽ നിന്ന് താൽക്കാലിക അനുമതി ലഭിച്ചതായി സൈഡസ് ലൈഫ് സയൻസസ് ( ഓഹരി വില: 439.10 രൂപ) അറിയിച്ചു.

ഭാരത് ബിൽ പേയ്‌മെന്റ് ഓപ്പറേറ്റിംഗ് യൂണിറ്റായി പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അന്തിമ അനുമതി ലഭിച്ചതായി പേടിഎം പേയ്‌മെന്റ് ബാങ്ക് (ഓഹരി വില: 553.35 രൂപ) തിങ്കളാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,220 രൂപ (+20 രൂപ)

യുഎസ് ഡോളർ = 81.59 രൂപ (+21 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 84.47 ഡോളർ (+0.01%)

ബിറ്റ് കോയിൻ = 17,85,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.11 ശതമാനം ഉയർന്ന് 102.23 ആയി.

Tags:    

Similar News