മാന്ദ്യത്തിന്റെ ഭയം വിടാതെ യൂറോപ്പ്; ആശങ്കയോടെ ആഭ്യന്തര വിപണി

ടെക്നോളജി മേഖലയിലെ വ്യാപകമായ പിരിച്ചുവിടലുകൾ ആസന്നമായ മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഉയർത്തിയതിനാൽ അമേരിക്കൻ വിപണിയും ഇന്നലെ ചുവപ്പിലാണ് അവസാനിച്ചത്. എങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള പ്രതിവാര അമേരിക്കക്കാരുടെ എണ്ണം കുറഞ്ഞെന്ന തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ അല്പം ആശ്വാസം പകരുന്നു.

Update: 2022-11-18 02:23 GMT

കൊച്ചി: യൂറോപ്പിന് മുകളിലും കാർമേഘങ്ങൾ ഇരുണ്ടു കൂടുകയാണ്; യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കേന്ദ്രബാങ്ക് ഇന്നലെ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍-റഷ്യ യുദ്ധം മൂലം കുതിച്ചുയരുന്ന ഊര്‍ജ്ജ വിലയും, പണപ്പെരുപ്പവും വിപണിയിലെ അസ്ഥിരതക്ക് കരണമാകുന്നതായാണ് ഇസിബി വൈസ് പ്രസിഡന്റ് ലൂയിസ് ഡി ഗിന്‍ഡോസ് പറയുന്നത്. കുതിച്ചുയരുന്ന പണപ്പെരുപ്പം വരുമാനം ഇല്ലാതാക്കുന്നതിനാൽ ബ്രിട്ടൻ നികുതി വർദ്ധനയിലേക്ക് കടക്കുമെന്നു ധനമന്ത്രി ജെറമി ഹണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടെക്നോളജി മേഖലയിലെ വ്യാപകമായ പിരിച്ചുവിടലുകൾ ആസന്നമായ മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ഉയർത്തിയതിനാൽ അമേരിക്കൻ വിപണിയും ഇന്നലെ ചുവപ്പിലാണ് അവസാനിച്ചത്. എങ്കിലും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള പ്രതിവാര അമേരിക്കക്കാരുടെ എണ്ണം കുറഞ്ഞെന്ന തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ അല്പം ആശ്വാസം പകരുന്നു.

ആഭ്യന്തര വിപണിയും ഇന്നലെ നഷ്ടത്തിലായിരുന്നെങ്കിലും വിദേശ നിക്ഷേപകർ ചെറിയ തോതിലേങ്കിലും തിരിച്ചെത്തിയത് ആശ്വാസമായി. ഇന്നലെ സെന്‍സെക്സ് 230.12 പോയിന്റ് താഴ്ന്ന് 61,750.60 ലും, നിഫ്റ്റി 65.75 പോയിന്റ് ഇടിഞ്ഞ് 18,343.90 ലുമാണ് ക്ലോസ് ചെയ്തത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 618.37 കോടി രൂപക്ക് അധികം വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപകർ 449.22 കോടി രൂപക്ക് അധികം വാങ്ങി.

അതുപോലെ സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി നേരിയ ഉയർച്ചയിൽ ഇന്ന് ആരംഭിച്ചത് വിപണിക്ക് ഊർജം നശിച്ചിട്ടില്ലെന്നു സൂചിപ്പിക്കുന്നു. അവിടെ രാവിലെ 7.30-നു 75.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

വിദഗ്ധാഭിപ്രായം

എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ് രൂപക് ഡെ പറയുന്നു: "ഇന്നലെ നിഫ്റ്റി താഴ്ന്ന നിലയിൽ തുടങ്ങി, ദിവസം മുഴുവൻ അസ്ഥിരമായി തുടർന്നു. ക്ലോസിങ്ങിന്റെ അടിസ്ഥാനത്തിൽ, നിഫ്റ്റി ബുൾസിന് 18300 എന്ന നിർണായക പിന്തുണ നിലനിർത്താൻ കഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ 18300 ന് താഴേക്കുള്ള ഒരു ഇടിവ് 18100-18000 ലേക്ക് ഒരു തിരുത്തലിന് ട്രിഗർ ചെയ്തേക്കാം. മറുവശത്ത്, പ്രതിരോധം 18450-ൽ ദൃശ്യമാണ്."

ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ പറഞ്ഞു: "യുഎസ് പണപ്പെരുപ്പ സ്ഥിതിവിവരക്കണക്കുകൾ അയഞ്ഞ സാഹചര്യത്തിൽ ഫെഡ് റിസർവ് അതിന്റെ കടുപ്പിച്ച നിരക്ക് വർദ്ധനയിൽ നിന്നും പിന്തിരിയുമെന്ന പ്രതീക്ഷയിൽ ആഗോള വിപണികൾ അടുത്തിടെ ഉയർന്നു. എന്നിരുന്നാലും, ഒക്ടോബറിലെ മികച്ച യുഎസ് റീട്ടെയിൽ വിൽപ്പനയും ഫെഡറൽ ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ പരാമർശങ്ങളും ആ ആവേശം തകർത്തു. ഈ പ്രവണതയ്‌ക്കൊപ്പം ആഭ്യന്തര വിപണി നീങ്ങിയതിന്റെ ഫലമായി മിക്ക സെക്ടറുകളും ചുവപ്പിലാണ്. ആഭ്യന്തര വിപണി കൂടുതൽ ചെലവേറിയതോടെ എഫ്‌ഐഐകൾ കൂടുതൽ ജാഗരൂകരായി."

ലോക വിപണി

ഏഷ്യന്‍ വിപണികളിൽ ജക്കാർത്ത കോമ്പസിറ്റ് (30.61), ഷാങ്ഹായ് (0.88), തായ്‌വാൻ (108.50), ടോക്കിയോ നിക്കെ (31.41), സൗത്ത് കൊറിയൻ കോസ്‌പി (20.53), ഹാങ്‌സെങ് (270.70), എന്നിവ എല്ലാം ഇന്ന് നേട്ടത്തിലാണ് തുടങ്ങിയിരിക്കുന്നത്.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+32.35) നേരിയ നേട്ടം കാഴ്ചവെച്ചപ്പോൾ പാരീസ് യുറോനെക്സ്റ്റും (-31.10) ലണ്ടൻ ഫുട്‍സീയും (-4.65) താഴ്ചയിലേക്ക് നീങ്ങി.

വ്യാഴാഴ്ച അമേരിക്കന്‍ വിപണികളും നഷ്ടം രേഖപ്പെടുത്തി. നസ്‌ഡേക് കോമ്പസിറ്റും (-38.70) എസ് ആൻഡ് പി 500 (-12.23) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (-7.51) ചുവപ്പിലാണ് അവസാനിച്ചത്.

കമ്പനി റിപ്പോർട്സ്

അദാനി ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അദാനി റിയാലിറ്റിയും ഡിഎൽഎഫും നമാൻ ഗ്രൂപ്പും ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മഹാരാഷ്ട്രയിലെ ധാരാവിയുടെ പുനർവികസനത്തിനായി ബിഡ് സമർപ്പിച്ചു. 20,000 കോടിയിലധികം രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്.

കോസ്‌മെറ്റിക്‌സ്-ടു-ഫാഷൻ റീട്ടെയിലറായ നായ്ക്ക-യുടെ 1,000 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ വിൽക്കാൻ സിറ്റി ഗ്രൂപ്പ് ഒരു ബ്ലോക്ക് ഡീൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,920 രൂപ (100രൂപ).

യുഎസ് ഡോളർ = 81.52 രൂപ (+0.15 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 91.75 ഡോളർ (-1.20%)

ബിറ്റ് കോയിൻ = ₹14,45,847 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.38 ശതമാനം ഉയർന്നു 106.55 ആയി.

ബ്രോക്കറേജ് വീക്ഷണം

പിഎൻസി ഇൻഫ്രാടെക്, അലുവാലിയ കോൺട്രാക്ട്സ്, കെഎൻആർ കൺസ്ട്രക്ഷൻ ഇന്ന് വാങ്ങാവുന്ന ഓഹരികളാണെന്നു പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നു.

രണ്ടാം പാദത്തിൽ മാർജിനിൽ ഏറ്റ ഇടിവ് കണക്കിലെടുത്ത് ഇന്ത്യയിലെ മൂന്നാമത്തെ വലിയ കാർഷിക ട്രാക്ടർ നിർമ്മാതാക്കളായ എസ്കോർട്ട്സ് കൊബോട്ടയുടെഓഹരികൾ വിൽക്കാമെന്ന് ജിയോജിത് ശുപാർശ ചെയ്യുന്നു. എന്നാൽ ബെർജർ പെയിന്റ്സ് വാങ്ങാമെന്നും പറയുന്നുണ്ട്.

Tags:    

Similar News