മൈക്രോസോഫ്റ്റ് നിരാശപ്പെടുത്തി; അമേരിക്കൻ വിപണിയിൽ അങ്കലാപ്പ്

  • മൈക്രോസോഫ്റ്റിന്റെ വരുമാനം ഒരു ശതമാനം ഇടിഞ്ഞു കമ്പനി പ്രതീക്ഷിച്ച $53.12 ബില്യണിൽ നിന്നും 52.7 ബില്യൺ ഡോളറായി.
  • ഇന്നലെ സെൻസെക്സ് 37.08 പോയിന്റ് ഉയർന്ന്ഇ 60,978.75 ലും നിഫ്റ്റി 0.25 പോയിന്റ് നഷ്‌ടത്തിൽ 18,118.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്
  • ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -760.51 കോടി രൂപക്ക് അധികം വിറ്റു

Update: 2023-01-25 02:15 GMT

കൊച്ചി: ആഗോള സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത ഇപ്പോഴും തുടരുകയാണ്. ഓരോ കോണിൽ നിന്നും വരുന്നത് ശു ഭകരമല്ലാത്ത വാർത്തകളാണ്. ഓസ്‌ട്രേലിയൻ ഉപഭോക്തൃ വില സൂചിക (സിപിഐ; CPI) പണപ്പെരുപ്പം ഡിസംബർ 31 വരെയുള്ള മൂന്ന് മാസങ്ങളിൽ 1.9 ശതമാനം വർദ്ധിച്ചതായി ബുധനാഴ്ച പുറത്തായ ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഡാറ്റ കാണിക്കുന്നു, ഇത് വീണ്ടും പലിശ നിരക്ക് ഉയർത്തുന്നത് തുടരാൻ ആസ്ട്രേലിയൻ റിസർവ് ബാങ്കിനെ കൂടുതൽ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല. കഴിഞ്ഞ വർഷം 300 ബേസിസ് പോയിന്റാണ് അവർ കൂട്ടിയത്. ന്യൂസിലാൻഡിലും പണപ്പെരുപ്പം 32 വർഷത്തെ ഏറ്റവും ഉയർന്ന 7.2 ശതമാനത്തിൽ തന്നെ നിൽക്കുന്നു.

യു എസിലും ചൊവ്വാഴ്ച പ്രധാന ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തിലായിരുന്നു; ഡൗ ജോൺസ്‌ മാത്രം അല്പം ഉയർന്നിട്ടുണ്ട്. കോർപ്പറേറ്റ് വരുമാനം പ്രതീക്ഷിച്ചത്ര ഉയരാത്തതാണ് കാരണം. മൈക്രോസോഫ്റ്റിന്റെ വരുമാനം ഒരു ശതമാനം ഇടിഞ്ഞു കമ്പനി പ്രതീക്ഷിച്ച $53.12 ബില്യണിൽ നിന്നും 52.7 ബില്യൺ ഡോളറായി. ഇന്ന് നിക്ഷേപകർ ടെസ്‌ല, അബോട്ട് ലബോറട്ടറീസ്, എ ടി ആൻഡ് ടി, ഐബിഎം, ബോയിംഗ് എന്നിവയുൾപ്പെടെയുള്ള ഭീമന്മാരുടെ വരുമാന ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.

ഇന്നലെ സെൻസെക്സ് 37.08 പോയിന്റ് ഉയർന്ന്ഇ 60,978.75 ലും നിഫ്റ്റി 0.25 പോയിന്റ് നഷ്‌ടത്തിൽ 18,118.30 ലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ നിഫ്റ്റി 18201.25 വരെ എത്തിയിരുന്നു.

നിഫ്റ്റി മെറ്റൽ, ഫിനാൻഷ്യൽ സെർവീസസ്, ഫാർമ, പി എസ് യു ബാങ്ക്, റീയൽറ്റി എന്നീ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലായി. എന്നാൽ, നിഫ്റ്റി ആട്ടോ സൂചിക 1.28 ശതമാനം ഉയർന്നു. ബാങ്ക് നിഫ്റ്റി 87.80 പോയിന്റ് താഴ്ന്ന് 42,733.45 ലാണ് അവസാനിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് -44.00 പോയിന്റ് താഴ്ന്നാണ് വ്യാപാരം നടക്കുന്നത് ഇത് ഗാപ് ഡൌൺ തുടക്കത്തിന് കാരണമായേക്കാം.

ഇന്ന് അമരരാജ ബാറ്ററീസ്, അരവിന്ദ് ലിമിറ്റഡ്, ബജാജ് ഓട്ടോ, ബിക്കാജി ഫുഡ്‌സ് ഇന്റർനാഷണൽ, സിയറ്റ്, സിപ്ല, ഡോ റെഡ്ഡീസ്, ഇക്വിറ്റാസ് ഹോൾഡിംഗ്‌സ്, ജ്യോതി ലാബ്‌സ്, പതഞ്ജലി ഫുഡ്‌സ്, ടാറ്റ ഇലക്‌സി, ടാറ്റ മോട്ടോഴ്‌സ്, ടോറന്റ് ഫാർമ എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കിറ്റെക്സ്, വണ്ടർ ല എന്നിവയൊഴികെ എല്ലാ ഓഹരികളും നഷ്ടത്തിൽ കലാശിച്ചു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 24) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,144.75 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -760.51 കോടി രൂപക്ക് അധികം വിറ്റു.

ലോക വിപണി

ജപ്പാൻ നിക്കേ 39.71 പോയിന്റ് ഉയർന്നാണ് ആരംഭിച്ചിട്ടുള്ളത്.

ഇന്നലെ  യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ +104.40 പോയിന്റ് ഉയർന്നപ്പോൾ എസ് ആൻഡ് പി 500 -2.86 പോയിന്റും നസ്‌ഡേക് -30.14 പോയിന്റും താഴ്ന്നു.

യൂറോപ്പിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല; ലണ്ടൻ ഫുട്‍സീ (-27.31) ഫ്രാങ്ക്ഫർട് ഡി എ എക്സ് (-9.84) എന്നിവ ഇടിഞ്ഞപ്പോൾ പാരീസ് യുറോനെക്സ്റ്റ് (+18.46) പച്ചയിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക 43000 എന്ന കടമ്പ കടക്കുന്നതിൽ പരാജയപ്പെട്ടു, അവിടെ കോൾ ഭാഗത്ത് ഏറ്റവും ഉയർന്ന ഓപ്പൺ താല്പര്യം പ്രകടമാണ്. 42,500 ൽ പിന്തുണ ദൃശ്യമാണ്; ഇത് ലംഘിച്ചാൽ വിൽപ്പന സമ്മർദ്ദം ഉണ്ടാകും. സൂചിക 42500 നും 43000 നും ഇടയിൽ തുടരാം. ഇരുവശത്തുമുള്ള നീക്കം ട്രെൻഡിംഗ് ആവാൻ സാധ്യതയുണ്ട്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി ബെയറുകൾ 18200 ലെവലിൽ സജീവമായിരുന്നതിനാൽ സൂചിക ഇന്നലെ ദിവസം മുഴുവൻ സമ്മർദ്ദത്തിലായിരുന്നു. അത് 17900 നും 18200 നും ഇടയിൽ വിശാലമായ ശ്രേണിയിൽ കുടുങ്ങിയിരിക്കുന്നു, ഇരുവശങ്ങളിലേക്കുമുള്ള നീക്കം ട്രെൻഡിംഗ് ആവാനിടയുണ്ട്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ പ്രമുഖ എഫ്എംസിജി കമ്പനിയായ കോൾഗേറ്റ് പാമൊലീവിന്റെ (ഓഹരി വില: 1459.25 രൂപ) അറ്റദായം 4 ശതമാനം ഇടിഞ്ഞ് 243 കോടി രൂപയായി.

മൂന്നാം പാദത്തിൽ യുക്കോ ബാങ്കിന്റെ (ഓഹരി വില: 29.45 രൂപ) അറ്റാദായം 653 കോടി രൂപയായി. അറ്റ പലിശ വരുമാനത്തിലുണ്ട്‌യ വർധനവും, കിട്ടാക്കടത്തിലുണ്ടായ കുറവുമാണ് വർധനക്ക് കാരണം.

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മാരുതി സുസുക്കിയുടെ (ഓഹരി വില: 8698.80 രൂപ) അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 2,351.3 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 1,011.3 കോടി രൂപയായിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ (ഓഹരി വില: 108.50 രൂപ) ലാഭം 56 ശതമാനം വർധിച്ച് 289 കോടി രൂപയായി. മുൻ വർഷം ഡിസംബെരിൽ അവസാനിച്ച പാദത്തിൽ ഇത് 185 കോടി രൂപയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഇൻഡസ് ടവേഴ്‌സ് (ഓഹരി വില: 170.45 രൂപ) ചൊവ്വാഴ്ച 2022 ഡിസംബർ പാദത്തിൽ 708.2 കോടി രൂപയുടെ ഏകീകൃത നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,570 കോടി രൂപയായിരുന്നു ഇൻഡസ് ടവേഴ്‌സിന്റെ ലാഭം.

റിയാലിറ്റി സ്ഥാപനമായ മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ (ഓഹരി വില: 1077.75 രൂപ) ഡിസംബറിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 41 ശതമാനം വർധിച്ച് 404.98 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 286.38 കോടി രൂപയായിരുന്നു അറ്റാദായം.

കർണാടക, ആന്ധ്രാപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ് വെസ്റ്റ് എന്നിവയുൾപ്പെടെ എട്ട് സർക്കിളുകളിൽ ഭാരതി എയർടെൽ (ഓഹരി വില: 775.65 രൂപ) 28 ദിവസത്തെ മൊബൈൽ ഫോൺ സേവന പ്ലാനിനുള്ള മിനിമം റീചാർജിന്റെ വില ഏകദേശം 57 ശതമാനം വർധിപ്പിച്ച് 155 രൂപയാക്കി; 99 രൂപയുടെ മിനിമം റീചാർജ് പ്ലാൻ കമ്പനി നിർത്തി.

സബ്സിഡിയറികളിൽ നിന്ന് പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട കമ്പനിയിലേക്ക് ഫണ്ട് വകമാറ്റിയതിന് കഫേ കോഫി ഡേ നടത്തുന്ന കോഫി ഡേ എന്റർപ്രൈസസിന് (ഓഹരി വില: 45.50 രൂപ) സെബി ചൊവ്വാഴ്ച 26 കോടി രൂപ പിഴ ചുമത്തി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഓഹരി വില: 83.15 രൂപ) അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ 2,200 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തുമെന്ന് സംസ്ഥാനത്തെ ഒരു മുതിർന്ന കമ്പനി ഉദ്യോഗസ്ഥൻ പറഞ്ഞു.

2022 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 28 ശതമാനം വർധിച്ച് 304 കോടി രൂപയായതായി ടിവിഎസ് മോട്ടോർ കമ്പനി (ഓഹരി വില: 983.85 രൂപ) ചൊവ്വാഴ്ച അറിയിച്ചു. മുൻ സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനിയുടെ അറ്റാദായം 237 കോടി രൂപയായിരുന്നു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,270 രൂപ (+35 രൂപ)

യുഎസ് ഡോളർ = 81.70 രൂപ (+28 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 86.68 ഡോളർ (-0.64%)

ബിറ്റ് കോയിൻ = 19,18,998 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.03 ശതമാനം താഴ്ന്ന് 101.65 ആയി.

Tags:    

Similar News