ഗതി നിർണയിക്കാനാവാതെ സൂചികകൾ; ടിസിഎസ് ഫലപ്രഖ്യാപനം തിങ്കളാഴ്ച

  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് -0.13 പോയിന്റ് താഴ്ചയിലാണ് വ്യാപാരം തുടരുന്നത്.
  • ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്ന് 166 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്തതായി സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽ വികാസ് നിഗം ലിമിറ്റഡ്
  • നിരക്ക് ഇനിയുമുയർത്തിയാൽ നിക്ഷേപകർ ഓഹരി വിപണിയുപേക്ഷിച്ച് കടപ്പത്രങ്ങളിലേക്ക് തിരിയാനിടയുണ്ട്.

Update: 2023-01-06 02:10 GMT

Bombay Stock Exchange 

കൊച്ചി: സെൻട്രൽ ബാങ്കുകളുടെ നിരക്ക് വർധനകളായിരിക്കും 2023 ന്റെ ഗതി നിയന്ത്രിക്കുന്നതെന്ന് വിദഗ്ധന്മാർ അഭിപ്രായപ്പെടുന്നു. ഇനി കാര്യമായ തോതിൽ ഒരു പലിശ വര്ധനവിലേക്ക്‌ഫെഡറൽ റിസേർവ് പോവില്ലെന്നു മിനിറ്റ്സ് പുറത്തായ ശേഷം ആദ്യം വിശകലനം ചെയ്യപ്പെട്ടെങ്കിലും പണപ്പെരുപ്പം തടയാൻ നടപടികൾ തുടരേണ്ടതുണ്ടെന്ന കമ്മിറ്റിയുടെ ഏകപക്ഷീയമായ വാചകം വിപണിയെ തളർത്തി. നിരക്ക് ഇനിയുമുയർത്തിയാൽ നിക്ഷേപകർ ഓഹരി വിപണിയുപേക്ഷിച്ച് കടപ്പത്രങ്ങളിലേക്ക് തിരിയാനിടയുണ്ട്. ആ ആശങ്കയാണ് ലോകമെമ്പാടുമുള്ള വിപണികളെ ഇന്നലെ തളർത്തിയത്.

ആഗോള തലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും വരും മാസങ്ങളിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് കൂടുതൽ ഉണ്ടാകുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം പ്രതീക്ഷിക്കുന്നതായി വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ജോയിന്റ് സെക്രട്ടറി മൻമീത് കെ നന്ദ വ്യാഴാഴ്ച പറഞ്ഞു. ഈ സാമ്പത്തിക വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഓഹരിവിപണിയിലെ എഫ് ഡി ഐ നിക്ഷേപം 14 ശതമാനം കുറഞ്ഞ് 26.9 ബില്യൺ ഡോളറിലെത്തിയിരുന്നു.

ടാറ്റ ഗ്രുപ്പിലെ വമ്പനും ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കമ്പനിയുമായി ടി സി എസ്സിന്റെ മൂന്നാം പാദ ഫല പ്രഖ്യാപനമാണ് വിപണി ഉറ്റുനോക്കുന്ന അടുത്ത പ്രധാന സംഭവം. അമേരിക്കൻ ടെക്‌നോളജി ഭീമന്മാരുടെ വാർഷിക ഫലങ്ങളും ഉടൻ തന്നെ വരുന്നുണ്ട്.

ഇന്നലെ സെൻസെക്സ് 304.18 പോയിന്റ് താഴ്ന്ന് 60,353.27 ലും നിഫ്റ്റി 50.80 പോയിന്റ് താഴ്ന്നു 17,992.15 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 350.10 പോയിന്റ് ഇടിഞ്ഞു 42,608.70 ൽ അവസാനിച്ചു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് -0.13 പോയിന്റ് താഴ്ചയിലാണ് വ്യാപാരം തുടരുന്നത്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, എഫ് എ സി ടി, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, കിറ്റെക്സ്, വി ഗാർഡ് എന്നിവ പച്ചയിൽ അവസാനിച്ചപ്പോൾ ബാക്കി എല്ലാം നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ഉയർന്നപ്പോൾ ശോഭ നഷ്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 5) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -194.09 കോടി രൂപയ്ക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,449.45 കോടി രൂപയ്ക്കും അറ്റ വില്പനക്കാരായി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (+ 29.83) ഹോങ്കോങ് ഹാങ്‌സെങ് (+168.72), ജപ്പാൻ നിക്കേ (+133.94 ), സൗത്ത് കൊറിയൻ കോസ്‌പി (+0.82) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ, ചൈന ഷാങ്ഹായ് (-0.15), ജക്കാർത്ത കോമ്പസിറ്റ് (-159.40) എന്നിവ ഇടിഞ്ഞിട്ടുണ്ട്.

ഇന്നലെ ആഗോള വിപണികൾ കിതച്ചു നിന്നു. ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-339.69), എസ് ആൻഡ് പി 500 (-44.87), നസ്‌ഡേക് കോമ്പസിറ്റ് (-153.52) എന്നിവയെല്ലാം നഷ്ടത്തിലായിരുന്നു.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (-54.47), പാരീസ് യുറോനെക്സ്റ്റ് (-14.93) എന്നിവ താഴ്ന്നപ്പോൾ, ലണ്ടൻ ഫുട്‍സീ (+48.26) മുന്നേറി.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്ന് 166 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്തതായി സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽ വികാസ് നിഗം ലിമിറ്റഡ് (ഓഹരി വില: 72.05 രൂപ) വ്യാഴാഴ്ച അറിയിച്ചു. 22 മാസത്തിനകം പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബർ പാദത്തിലെ അപ്‌ഡേറ്റുകൾക്ക് ശേഷം ബജാജ് ഫിനാൻസ് ഓഹരി (ഓഹരി വില: 6100.05 രൂപ) വ്യാഴാഴ്ച 7 ശതമാനത്തിലധികം ഇടിഞ്ഞു, അതിന്റെ വിപണി മൂല്യം 28,681.29 കോടി രൂപ കുറഞ്ഞു. ബിഎസ്ഇയിൽ ഓഹരി വില 7.21 ശതമാനം ഇടിഞ്ഞ് 6,099.85 രൂപയായി. പകൽ സമയത്ത് ഇത് 8.23 ശതമാനം ഇടിഞ്ഞ് 6,032.25 രൂപയിലെത്തി.

എച്ച്‌ഡിഐഎൽ (ഓഹരി വില: 5.80 രൂപ) പ്രൊമോട്ടർമാരായ രാകേഷ് വാധ്‌വാനും സാരംഗ് വാധ്‌വാനും എതിരെ അവരുടെ അനുബന്ധ സ്ഥാപനമായ ഗുരുആശിഷ് കൺസ്ട്രക്ഷനുമായി ബന്ധപ്പെട്ട 140 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ കേസെടുത്തു. 4,300 കോടി രൂപയുടെ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിൽ കുടുങ്ങിയ ഇവർക്കെതിരെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (ഓഹരി വില: 80.60 രൂപ) യുടെ പരാതിയിലാണ് പുതിയ നടപടി.

സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ്ജ ഭീമനായ എൻടിപിസി (ഓഹരി വില: 169.90 രൂപ) ഈ സാമ്പത്തിക വർഷത്തിൽ ഉത്പാദിപ്പിച്ച വൈദ്യുതി 300 ബില്യൺ യൂണിറ്റ് മാർക്ക് വ്യാഴാഴ്ച മറികടന്നു. 2023 ജനുവരി 5 വരെ, എൻടിപിസി 73.7 ശതമാനം പ്ലാന്റ് ലോഡ് ഫാക്ടർ (PLF) അല്ലെങ്കിൽ കപ്പാസിറ്റി വിനിയോഗം രേഖപ്പെടുത്തിയിട്ടുണ്ട്,

എഫ്എംസിജി ഭീമനായ ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്‌സ് (ഓഹരി വില: 916.50 രൂപ) 2022 ഡിസംബർ പാദത്തിൽ ആഭ്യന്തര വിപണിയിൽ ഇരട്ട അക്ക വിൽപ്പന വളർച്ച പ്രതീക്ഷിക്കുന്നതായി കമ്പനി വൃത്തങ്ങൾ.

ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ ലുപിൻ ലിമിറ്റഡ് (ഓഹരി വില: 742.85 രൂപ) ആസ്ത്മ നിയന്ത്രിക്കുന്നതിനായുള്ള ഇൻഡകാറ്ററോൾ, ഗ്ലൈക്കോപൈറോണിയം, മൊമെറ്റാസോൺ എന്നിവയുടെ ഫിക്സഡ് ഡോസ് ട്രിപ്പിൾ ഡ്രഗ് കോമ്പിനേഷൻ പുറത്തിറക്കിയതായി വ്യാഴാഴ്ച അറിയിച്ചു.

2 ലക്ഷം കോടി രൂപയിലധികം കടബാധ്യതയിൽ നട്ടംതിരിയുന്ന വോഡഫോൺ ഐഡിയ (ഓഹരി വില: 7.90 രൂപ), സർക്കാരിന് നൽകേണ്ട പലിശയായ ഏകദേശം 16,000 കോടി രൂപ ഓഹരിയായി മാറ്റുന്ന കാര്യം ചർച്ചയിലാണെന്നു ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു; ഇത് കമ്പനിയുടെ ഏകദേശം 33 ശതമാനമായിരിക്കും. ഇതോടെ പ്രൊമോട്ടർമാരുടെ ഹോൾഡിംഗ് 74.99 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറയും.

ഗുജറാത്തിലെ അഹമ്മദാബാദിലെ ഭവന പദ്ധ തിയിൽ 870 യൂണിറ്റുകൾ 435 കോടി രൂപയ്ക്ക് വിറ്റതായി ഗോദ്‌റെജ് പ്രോപ്പർട്ടീസ് (ഓഹരി വില: 1212.55 രൂപ) വ്യാഴാഴ്ച അറിയിച്ചു.

പാപ്പരത്തത്തിന് കീഴിലായ ശ്രീ ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് (ഓഹരി വില: 3.43 രൂപ), ശ്രീ എക്യുപ്‌മെന്റ് ഫിനാൻസ് എന്നീ രണ്ട് ശ്രീ ഗ്രൂപ്പ് കമ്പനികൾക്കായി മൊത്തം 14,000 കോടി രൂപയ്ക്ക് വാർഡെ പാർട്‌ണേഴ്‌സ്-അറീന കൺസോർഷ്യം ലേലം വിളിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,130 രൂപ (+20 രൂപ)

യുഎസ് ഡോളർ = 82.50 രൂപ (-32 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 79.15 ഡോളർ (-0.58%)

ബിറ്റ് കോയിൻ = 14,45,051 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.02 ശതമാനം ഉയർന്ന് 104.92 ആയി.

Tags:    

Similar News