5 ദിവസമായി നേട്ടം മാത്രം; റെക്കോര്‍ഡിട്ട് ഓട്ടോ ഓഹരിയുടെ വില

  • നേട്ടങ്ങളുടെ 5 ദിവസങ്ങള്‍
  • നാലാം പാദഫലം ഉടന്‍
  • 1 മാസം കൊണ്ട് 15% വളര്‍ച്ച

Update: 2023-04-25 15:49 GMT

പുതിയ സാമ്പത്തിക വര്‍ഷം പുതിയ ഉയരങ്ങളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ബജാജ് ഓട്ടോയുടെ ഓഹരികള്‍. ഈ സൂചനയാണ് ഇക്കഴിഞ്ഞ അഞ്ച് ദിവസമായി നിക്ഷേപകര്‍ക്ക് ഈ ഓഹരി നല്‍കുന്നത്. എക്കാലത്തെയും ഉയര്‍ന്ന വില നിലവാരം നേടിക്കൊണ്ട് കുതിപ്പ് തുടരുകയാണ് ഓഹരി. ഇക്കഴിഞ്ഞ നാലു സെഷനുകളില്‍ നിന്ന് റെക്കോര്‍ഡ് നേട്ടം കൊയ്ത് കുതിക്കുന്ന ഓഹരികള്‍ ഇന്നും എന്‍എസ്ഇയില്‍ എക്കാലത്തെയും വലിയ നിലവാരമായി 4,375 രൂപയായി ഉയര്‍ന്നു. കമ്പനിയുടെ നാലാം പാദഫലം പ്രഖ്യാപിക്കാനിരിക്കെയാണ് ഓഹരി നിക്ഷേപകരെ ഞെട്ടിച്ചുകൊണ്ട് വരുമാനം നേടുന്നത്.

എന്നാല്‍ ഓഹരി വിദഗധരുടെ അഭിപ്രായത്തില്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ടൂവീലര്‍ സെഗ്മെന്റില്‍ കാര്യമായ പുരോഗതിയുണ്ടാകും. അതുകൊണ്ട് തന്നെ വോളിയവും മാര്‍ജിനുമൊക്കെ ബജാജ് ഓട്ടോ ലിമിറ്റഡ് കൂടുതല്‍ മെച്ചപ്പെടുത്തും. ബജാജ് ഓട്ടോയെ ഇടത്തരം,ദീര്‍ഘ കാലയളവിലേക്ക് 'ബൈ ഓണ്‍ ഡിപ്‌സ് പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്ക്' ന്റെ ഗണത്തിലാണ് ഓഹരി വിദഗ്ധര്‍ കാണുന്നത്.

ബജാജ് ഓട്ടോ ഓഹരികളില്‍ കുതിപ്പ് എന്തുകൊണ്ട്?

കമ്പനിയുടെ അവസാന പാദഫലം ഇന്ന് വൈകിട്ടാണ് പ്രഖ്യാപിക്കപ്പെട്ടത്.  2024 സാമ്പത്തിക വര്‍ഷത്തില്‍ ടൂവീലര്‍,ത്രീ വീലര്‍ മേഖലയില്‍ കമ്പനിക്ക് മികച്ച വിപണി പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഹൈ എന്റ് ടൂവീലറായ ട്രയംഫ് ന്റെ നിയന്ത്രണം ഇന്ത്യന്‍ കമ്പനി പൂര്‍ണമായും ഏറ്റെടുക്കുകയാണ്. യുകെയിലുള്ള നിര്‍മാണ യൂനിറ്റില്‍ നിന്ന് പൂര്‍ണമായും ഇന്ത്യയിലുള്ള നിര്‍മാണ യൂനിറ്റിലേക്ക് മാറ്റുകയാണ്. ഇതൊക്കെയാണ് ഈ ഓഹരിയുടെ മുന്നേറ്റത്തിന് കാരണമെന്നാണ് പ്രൊഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാശ് ഗോരഖ്ഷറിന്റെ അഭിപ്രായം.

ഇക്കഴിഞ്ഞ ഒരു മാസമായി 15 ശതമാനം വളര്‍ച്ചയാണ് ഓഹരി നേടിയത്. അതുകൊണ്ട് തന്നെ ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും. നിലവിലുള്ള സപ്പോര്‍ട്ട് ലെവലില്‍ ഓഹരി വാങ്ങി പരീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെസിഎല്‍ ബ്രോക്കിങ് സിഇഓ രവി സിംഗാള്‍ പറയുന്നു. 4750 രൂപയാണ് ടാര്‍ഗറ്റ് വില. 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കായി 4,375 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News