ജീവിതച്ചെലവിലെ വർധന നിക്ഷേപങ്ങളെ ബാധിക്കാൻ സാധ്യത; ആഭ്യന്തര വിപണി ശക്തം

  • ആഗോള സമ്പദ്‌വ്യവസ്ഥ ഒരു സവിശേഷ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും ഇത് പണ, ധനനയങ്ങൾ തമ്മിലുള്ള പിരിമുറുക്കത്തിന് കാരണമാകുമെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ്
  • ഡിസംബറിൽ യുഎസ് റീട്ടെയിൽ വിൽപ്പന പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞതായി സാമ്പത്തിക ഡാറ്റ കാണിക്കുന്നു,
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.00 ന് -90.00 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്

Update: 2023-01-19 02:45 GMT

കൊച്ചി: ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറം (WEF) വാർഷിക മീറ്റിംഗ് 2023 ന്റെ പാനൽ ചർച്ചയിൽ സംസാരിക്കവെ, ജീവിതച്ചെലവുകൾ വർദ്ധിക്കുന്നതിൽ ഉടനെയൊന്നും ഒരു അവസാനമുണ്ടാവില്ലെന്ന് വിദഗ്ധർ ചൊവ്വാഴ്ച പറഞ്ഞു. അഭൂതപൂർവമായ ഉയർന്ന പണപ്പെരുപ്പം കാരണം ആഗോള സമ്പദ്‌വ്യവസ്ഥ ഒരു സവിശേഷ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്നും ഇത് പണ, ധനനയങ്ങൾ തമ്മിലുള്ള പിരിമുറുക്കത്തിന് കാരണമാകുമെന്നും ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഗീത ഗോപിനാഥ് പറഞ്ഞു.

എന്നാൽ, സമീപ വർഷങ്ങളിൽ ഇന്ത്യ വലിയൊരു പരിവർത്തനത്തിലൂടെ കടന്നുപോയെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരുന്നതിൽ മുൻകൈയെടുക്കാനുള്ള സ്ഥാനത്താണ് ഇന്ത്യയെന്നും ടാറ്റ ഗ്രൂപ്പ് മേധാവി എൻ ചന്ദ്രശേഖരൻ ബുധനാഴ്ച പറഞ്ഞു.

ഇന്ന് ഏഷ്യൻ പെയിന്റ്സ്, എ യു ബാങ്ക്, കാൻഫിൻ ഹോംസ്, ഡാറ്റാമാറ്റിക്സ്, ഹാവൽസ്, ഹിന്ദുസ്ഥാൻ യൂണി ലിവർ, എംഫസിസ് ലിമിറ്റഡ്, പിവിആർ, മേഘ്മണി ഫൈൻകെം എന്നി കമ്പനികൾ അവയുടെ മൂന്നാം പാദ ഫലം പ്രഖ്യാപിക്കുന്നുണ്ട്.

ഇന്നലെ സെൻസെക്സ് 390.02 പോയിന്റ് ഉയർന്ന് 61,045.74 ലും നിഫ്റ്റി 112.05 പോയിന്റ് നേട്ടത്തോടെ 18,165.36 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയും 222.95 പോയിന്റ് ഉയർന്ന് 42,458.050 ൽ അവസാനിച്ചു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.00 ന് -90.00 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത് ഒരു ഗാപ് ഡൌൺ തുടക്കത്തിന് ഇത് വേദിയൊരുക്കുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, കൊച്ചിൻ ഷിപ് യാർഡ്, എഫ് എ സി ടി, ജിയോജിത്, ജ്യോതി ലാബ്, കേരള കെമിക്കൽസ്, മുത്തൂറ്റ് ഫിനാൻസ്, എന്നിവ പച്ചയിലാണ് അവസാനിച്ചത്.

ആസ്റ്റർ ഡി എം, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കിംസ്, കിറ്റെക്‌സ്‌, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി ഗാർഡ്, വണ്ടർ ല തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു. ഫെഡറൽ ബാങ്ക് ഇന്നലെ 52-ആഴ്ചത്തെ ഏറ്റവും ഉയർന്ന 143.40 ലെത്തിയെങ്കിലും ഇന്ന് താഴ്ചയിലാണ്.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും പുറവങ്കരയും ശോഭയും ഉയർന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ബുധനാഴ്ച (ജനുവരി 18) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ1,225.96 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -319.23 കോടി രൂപക്ക് അധികം വിറ്റു.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്. ഹോങ്കോങ് ഹാങ്‌സെങ് (-186.93), ചൈന ഷാങ്ഹായ്, (-6.73), ജപ്പാൻ നിക്കേ (-328.63) എന്നിവ ഇടിഞ്ഞപ്പോൾ സൗത്ത് കൊറിയൻ കോസ്‌പി (+6.24), തായ്‌വാൻ വെയ്റ്റഡ് (+5.92), ജക്കാർത്ത കോമ്പസിറ്റ് (+1.03) എന്നിവ നേരിയ നേട്ടത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഡിസംബറിൽ യുഎസ് റീട്ടെയിൽ വിൽപ്പന പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞതായി സാമ്പത്തിക ഡാറ്റ കാണിക്കുന്നു, കൂടാതെ യുഎസ് ഫാക്ടറികളിലെ നവംബറിലെ ഉൽപ്പാദനം വിചാരിച്ചതിലും ദുർബലമായിരുന്നു. ഇതിന്റെ പ്രതിഫലനമായി ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ -613.89 പോയിന്റും എസ് ആൻഡ് പി 500 -62.11 പോയിന്റും നസ്‌ഡേക് -138.10 പോയിന്റും ഇടിഞ്ഞു. .

യൂറോപ്പിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല; ലണ്ടൻ ഫുട്‍സീ (-20.33) ഫ്രാങ്ക്ഫർട് ഡി എ എക്സ് (-5.27) എന്നിവ ചുവപ്പിലാണ്. എന്നാൽ പാരീസ് യുറോനെക്സ്റ്റ് (+6.23) നേരിയ നേട്ടത്തിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

വിനോദ് നായർ, ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: കഴിഞ്ഞ ഒന്നര മാസത്തെ പ്രതികൂല പ്രകടനത്തിന് ശേഷം, കഴിഞ്ഞ 2-3 വ്യാപാര ദിനങ്ങളിൽ ഇന്ത്യൻ വിപണി മുന്നേറുകയാണ്. എഫ്‌ഐഐകളുടെ ഒഴുക്കിലെ നേരിയ പുരോഗതിയും ആഭ്യന്തര നിക്ഷേപത്തിലെ കയറ്റവും ഈ പ്രവണതയെ പിന്തുണയ്ക്കുന്നു. ആഭ്യന്തര നിക്ഷേപകർ 'ബൈ ഓൺ ഡിപ്പ്' തന്ത്രമാണ് സ്വീകരിക്കുന്നത്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ ഒടുവിൽ ബുള്ളുകൾ നിയന്ത്രണം വീണ്ടെടുത്ത് 18,100 എന്ന തടസ്സം മറികടന്നു, നിഫ്റ്റി സൂചിക 17,900-ന്റെ പിന്തുണയോടെ 'ബൈ-ഓൺ-ഡിപ്പ് 'മോഡിൽ തുടരുകയാണ്. സൂചികയുടെ അടുത്ത ഉടനടി പ്രതിരോധം 18,200 ആണ്, അത് ലംഘിച്ചാൽ 18,500-18,600 ലെവലിലേക്ക് ശക്തമായ ഒരു ഹ്രസ്വകാല വീണ്ടെടുക്കൽ കാണും.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ ബാങ്ക് നിഫ്റ്റി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിൽ അവസാനിക്കുന്നതിന് മുമ്പ് അസ്ഥിരമായി തുടർന്നു. പ്രതിദിന ചാർട്ടിൽ, ബാങ്കിംഗ് സൂചിക 50 ദിവസത്തെ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിന് മുകളിൽ ക്ലോസ് ചെയ്തു. മൊമെന്റം ഇൻഡിക്കേറ്റർ ഒരു ബുള്ളിഷ് ക്രോസ്‌ഓവറിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഉയർന്ന നിലയിൽ, 42500 ൽ ഒരു പ്രതിരോധം ദൃശ്യമാണ്; അതിന് മുകളിൽ ഒരു നിർണായക ബ്രേക്ക്ഔട്ടിൽ വന്നാൽ ഒരു ഉയർച്ച പ്രതീക്ഷിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

റിയൽറ്റി സ്ഥാപനമായ മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ് (ഓഹരി വില: 347.80 രൂപ) ബുധനാഴ്ച സൊസൈറ്റി റീഡെവലപ്‌മെന്റ് ബിസിനസിലേക്ക് പ്രവേശിച്ച് 500 കോടി രൂപയുടെ വരുമാന സാധ്യതയുള്ള രണ്ട് പ്രോജക്റ്റുകൾ മുംബൈയിൽ നേടി.

അദാനി എന്റർപ്രൈസസ് (ഓഹരി വില: 3596.70 രൂപ) ഹരിത ഊർജത്തിനും വിമാനത്താവള വിപുലീകരണത്തിനുമായി 20,000 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഫോളോ-ഓൺ ഓഹരി വിൽപ്പനക്ക് ഒരുമ്പെടുന്നു. 10-15 ശതമാനം കിഴിവിൽ 3,112 രൂപ മുതൽ 3,276 രൂപ വരെയായിരിക്കും വില. ഓഹരി വില്പന ജനുവരി 27 ന് ആരംഭിച്ച് 31 ന് അവസാനിക്കും.

സ്റ്റീൽ പൈപ്പുകളുടെയും ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കളായ സൂര്യ റോഷ്‌നി (ഓഹരി വില: 606.40 രൂപ) 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 89.66 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

ഇൻഡസ്‌ ഇൻഡ് ബാങ്കിന്റെ (ഓഹരി വില: 1223.00 രൂപ) ഡിസംബർ പാദത്തിലെ അറ്റാദായം 58 ശതമാനം ഉയർന്ന് 1,964 കോടി രൂപയായി.

ഹൈദരാബാദിൽ ഒരു വലിയ ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് 2,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഭാരതി എയർടെൽ (ഓഹരി വില: 776.55 രൂപ) ഗ്രൂപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു.

15 വർഷത്തേക്ക് പ്രതിവർഷം 7.70 ശതമാനം കൂപ്പൺ നിരക്കിൽ രണ്ടാമത്തെ ഇൻഫ്രാസ്ട്രക്ചർ ബോണ്ട് ഇഷ്യു വഴി 9,718 കോടി രൂപ സമാഹരിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഓഹരി വില: 591.45 രൂപ) അറിയിച്ചു. ഇൻഫ്രാ ബോണ്ടുകൾ വഴി ഡിസംബറിൽ 10,000 കോടി രൂപ സമാഹരിച്ച ശേഷമുള്ള രണ്ടാമത്തെ ഫണ്ട് ശേഖരണമാണിത്.

ടാറ്റ ഗ്രൂപ്പ് സ്ഥാപനമായ റാലിസ് ഇന്ത്യയുടെ (ഓഹരി വില: 245.50 രൂപ) ഡിസംബർ പാദത്തിലെ അറ്റാദായം 43 ശതമാനം ഇടിഞ്ഞ് 22.55 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 39.55 കോടി രൂപയായിരുന്നു

പാപ്പരായ തെർമൽ പവർ കമ്പനിയായ മീനാക്ഷി എനർജിയെ പാപ്പരത്ത പ്രക്രിയയിലൂടെ 1,440 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് അനിൽ അഗർവാൾ പ്രമോട്ട് ചെയ്യുന്ന വേദാന്ത (ഓഹരി വില: 324.415 രൂപ) ബുധനാഴ്ച അറിയിച്ചു.

2022-23 ഡിസംബർ പാദത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ (ഓഹരി വില: 32.35 രൂപ) ലാഭം 64 ശതമാനം ഉയർന്ന് 458 കോടി രൂപയായി.

ആദിത്യ ബിർള ഗ്രൂപ്പിന്റെ മെറ്റൽസ് ഫ്‌ളാഗ്ഷിപ്പ് ആയ ഹിൻഡാൽകോ (ഓഹരി വില: 502.95 രൂപ) ഇൻഡസ്ട്രീസ്, നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 700 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്.

അദാനി ഗ്രീൻ എനർജി (ഓഹരി വില: 2096.90 രൂപ) വിഭാഗമായ അദാനി റിന്യൂവബിൾ എനർജി ഹോൾഡിംഗ് ടു ലിമിറ്റഡ് രാജസ്ഥാനിലെ എസ്സൽ സൗര്യ ഉർജ കമ്പനിയുടെ 50 ശതമാനം ഇക്വിറ്റി എസ്സൽ ഇൻഫ്രാപ്രോജക്ടിൽ നിന്ന് 15 കോടി രൂപയ്ക്ക് ഏറ്റെടുക്കും.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (-20 രൂപ)

യുഎസ് ഡോളർ = 81.41 രൂപ (-28 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 84.06 ഡോളർ (-1.08%)

ബിറ്റ് കോയിൻ = 17,35,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.09 ശതമാനം ഉയർന്ന് 102.22 ആയി.

Tags:    

Similar News