യുഎസില്‍ ആശങ്ക കനക്കുന്നു; വീണ്ടും 45K കടന്ന് സ്വര്‍ണം
- യുഎസ് സമ്പദ്‍വ്യവസ്ഥയിലെ ആശങ്കകള്‍ കനക്കുന്നു
- വെള്ളിവിലയിലും ഉയര്‍ച്ച
- ഫെഡ് റിസര്‍വ് നിരക്ക് പ്രഖ്യാപനത്തിന് കാതോര്‍ത്ത് വിപണി
സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും പവന് 45,000 രൂപയ്ക്ക് മുകളിലെത്തി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,650 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയില്‍ നിന്ന് 80 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. പവന് 45,200, ഇന്നലത്തെ വിലയില്‍ നിന്ന് 640 രൂപയുടെ ഉയര്‍ച്ച. 24 കാരറ്റ് സ്വർണം ഗ്രാമിന് 88 രൂപ വര്‍ധിച്ച് 6,164 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം പവന് 49,312 രൂപയാണ്, 704 രൂപയുടെ വര്‍ധന
വെള്ളി വിലയിൽ ഗ്രാമിന് 1.30 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിട്ടുള്ളത്. ഗ്രാമിന് 81.80 രൂപയാണ് വില. എട്ട് ഗ്രാമിന് 654.40 രൂപയാണ്. ഇന്നലത്തേതില്‍ നിന്ന് 10.40 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകർച്ച അമേരിക്കൻ സമ്പദ്ഘടനയ്ക്ക് വീണ്ടും തിരിച്ചടിയായതാണ് സ്വർണ വില ഉയരാന്‍ ഇടയാക്കിയതെന്ന് എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ നിരീക്ഷിക്കുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാനുളള ജെപി മോർഗൻ ബാങ്ക് ശ്രമങ്ങൾ നടന്നുവരുന്നു.ആഗോള തലത്തില്‍ സ്വര്‍ണ വില ഔണ്‍സിന് വീണ്ടും 2000 ഡോളർ കടന്ന് 2020 ഡോളറിലേക്ക് വരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
24 ct സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 62 ലക്ഷം രൂപ കടന്നിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്ക് 81.80ലാണ്.
ഇന്ന് അമേരിക്കൻ ഫെഡറൽ റിസർവിന്റെ സുപ്രധാനയോഗമുണ്ട്. പലിശ നിരക്ക് അഞ്ചിൽ നിന്നും അഞ്ചേകാൽ ശതമാനമാക്കി ഉയർത്തുമെന്ന സൂചനകളാണ് വരുന്നത്. ബാങ്കുകളുടെ തകർച്ചയിലും പലിശ നിരക്ക് കൂട്ടുന്നതിലൂടെ സമ്പദ്ഘടനയ്ക്ക് ഉണർവേകുമെന്നുള്ള നീക്കമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പലിശ നിരക്ക് കൂട്ടാതെ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.
ഫെഡറൽ റിസർവിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ സ്വർണ വില ഇനിയും ഉയരുമെന്ന സൂചനകളാണ് നല്‍കുന്നതെന്നും അഡ്വ.എസ്.അബ്ദുൽ നാസർ വിലയിരുത്തുന്നു.
