ചാഞ്ചാട്ടം തുടർന്ന് സ്വർണം; ഇന്ന് വിലയില്‍ വർധന
- രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു
- വെള്ളിവിലയിലും വര്‍ധന
മേയില്‍ ഉടനീളം ചാഞ്ചാട്ടം പ്രകടമാക്കിയ സ്വര്‍ണ വിലയില്‍ ഇന്ന് ഉയര്‍ച്ച. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5600 രൂപയിലെത്തി. പവന് 44,800 രൂപയാണ് വില, 240 രൂപയുടെ ഇടിവ്. ആറു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുധനാഴ്ച വളര്‍ച്ചയിലേക്കെത്തിയ സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നലെ വീണ്ടും ഇടിഞ്ഞിരുന്നു. എന്നാല്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഉയര്‍ച്ചയാണ് ഇന്നലെ സ്വര്‍ണ വിലയിടിയാന്‍ പ്രധാന കാരണമെന്നും ആഗോള വിപണിയില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിശകലന വിദഗ്‍ധര്‍ ചൂണ്ടിക്കാണിച്ചത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ഇന്നത്തെ വില നിലവാരം.
24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 16 രൂപ വര്‍ധിച്ച് 6,110 രൂപയിലെത്തി. ഇന്നലെയും 1 രൂപയുടെ നേരിയ വര്‍ധനയാണ് 24 കാരറ്റില്‍ ഉണ്ടായത്.. 24 കാരറ്റ് സ്വര്‍ണം പവന്‍റെ ഇന്നത്തെ വില 48,880 ആണ്, ഇന്നലത്തെ വിലയില്‍ നിന്ന് 128 രൂപയുടെ വര്‍ധന. ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായിരുന്നു. എന്നാല്‍ അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി സംബന്ധിച്ച നിക്ഷേപകരുടെ ആശങ്കകള്‍ മയപ്പെട്ടതും ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനു ശേഷമുള്ള പ്രഖ്യാപനങ്ങളും വിലയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കി.
ഡോളര്‍ ശക്തിപ്പെടുന്നതിന് ഫെഡ് റിസര്‍വ് കൂടുതല്‍ കരുത്തുറ്റ നടപടികളിലേക്ക് നീങ്ങുമെന്ന പ്രതീക്ഷകളുണ്ടെങ്കിലും സ്വർണ വില ഹ്രസ്വകാലയളവില്‍ ഈയൊരു പരിധിയില്‍ തന്നെ തുടരുന്നതിനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നു, 1 ഡോളറിന് 82.32 എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.
വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 1 രൂപ വര്‍ധിച്ച് 78.60 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില 628.80 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 8 രൂപയുടെ വര്‍ധന.
