ഗ്രോ ഐപിഒയ്ക്ക്; രേഖകള്‍ സമര്‍പ്പിച്ചത് രഹസ്യമായി

ഐപിഒ വഴി 8500 കോടി വരെ സ്വരൂപിക്കുക ലക്ഷ്യം

Update: 2025-05-26 09:53 GMT

വെല്‍ത്ത്ടെക് യൂണികോണായ ഗ്രോ പ്രാരംഭ പബ്ലിക് ഓഫറിനുള്ള രേഖകള്‍ സെബിയുടെ മുമ്പാകെ രഹസ്യമായി ഫയല്‍ ചെയ്തു. ഗ്രോവിന്റെ മാതൃ സ്ഥാപനമായ ബില്യണ്‍ബ്രെയിന്‍സ് ഗാരേജ് വെഞ്ചേഴ്സ് ലിമിറ്റഡ് പുറത്തിറക്കിയ അറിയിപ്പില്‍ ഓഹരിവില്‍പ്പനക്കുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചതായി അറിയിച്ചു.

ഐപിഒ അംഗീകരിക്കാന്‍ സെബി രണ്ട് മാസം വരെ എടുത്തേക്കാം. അതിനുശേഷം ഗ്രോ ഒരു അപ്ഡേറ്റ് ചെയ്ത ഡിആര്‍എച്ച്പി ഫയല്‍ ചെയ്യും. ഇതായിരിക്കും പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുക. കൂടാതെ കമ്പനിയുടെ ഏറ്റവും പുതിയ പാദം വരെയുള്ള സാമ്പത്തിക പ്രകടനത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഉണ്ടായിരിക്കും.

ഐപിഒ വഴി 8500 കോടി വരെ സ്വരൂപിക്കുകയാണ് ഗ്രോ ലക്ഷ്യമിടുന്നത്. ഇത് ഈ വര്‍ഷം ഇന്ത്യയിലെ ഫിന്‍ടെക് മേഖലയില്‍ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്ന പൊതു ഇഷ്യുവുകളില്‍ ഒന്നായി മാറും.

എന്‍എസ്ഇയുടെയും ബിഎസ്ഇയുടെയും മെയിന്‍ബോര്‍ഡുകളില്‍ ഗ്രോവിന്റെ ഇക്വിറ്റി ഓഹരികള്‍ (മുഖവില 2 രൂപ വീതം) ലിസ്റ്റ് ചെയ്യാനാണ് പദ്ധതി. എന്നാല്‍ മൊത്തം ഇഷ്യു വലുപ്പം, പുതിയ ഇഷ്യു ഘടകം, വില്‍പ്പനയ്ക്കുള്ള ഓഫര്‍ ബ്രേക്ക്ഡൗണ്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഏറ്റവും വലിയ സജീവ നിക്ഷേപക അടിത്തറയുള്ള സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമാണ് ഗ്രോ. 2024 സാമ്പത്തിക വര്‍ഷത്തില്‍ അതിന്റെ വരുമാനം ഇരട്ടിയിലധികം വര്‍ദ്ധിപ്പിച്ച് 3,145 കോടി രൂപയായി. കമ്പനിയുടെ 2025 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. പക്ഷേ അവ അപ്ഡേറ്റ് ചെയ്ത ഡിആര്‍എച്ച്പിയുടെ ഭാഗമാകാന്‍ സാധ്യതയുണ്ട്.

ഐപിഒയ്ക്ക് ഒരുങ്ങുമ്പോള്‍ ലാഭ നഷ്ടക്കണക്കുകള്‍ പുറത്തുവരാതിരിക്കാനാണ് രഹസ്യ ഫയലിംഗ് നടത്തിയത്. ഐപിഒയ്ക്ക മുന്നോടിയായി പുതുക്കിയ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാകും അവ ജനങ്ങള്‍ക്ക് ലഭ്യമാകുക. 

Tags:    

Similar News