ഹീറോ ഫിൻകോർപ്പ് ഐപിഒയ്ക്ക്; ലക്ഷ്യം 4000 കോടി
- ഇതിൽ പുതിയ ഇഷ്യൂവും ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു
- ഹീറോ മോട്ടോകോർപ്പിന് ഹീറോ ഫിൻകോർപ്പിൽ 40% ഓഹരി പങ്കാളിത്തമാണുള്ളത്
- ഇന്ത്യയിലുടനീളമുള്ള 4,000-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിൻ്റെ സാമ്പത്തിക സേവന വിഭാഗമായ ഹീറോ ഫിൻകോർപ്പ് ഐപിഒയ്‌ക്കൊരുങ്ങുന്നു. ഇഷ്യൂവിലൂടെ 4000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ പുതിയ ഇഷ്യൂവും ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഹീറോ ഫിൻകോർപ്പ്. കമ്പനി നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് ധനസഹായം, വീടുകൾ വാങ്ങുന്നതിനുള്ള അഡ്വാൻസുകൾ, വിദ്യാഭ്യാസത്തിനുള്ള വായ്പകൾ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കുള്ള വായ്പകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള 4,000-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ഹീറോ മോട്ടോകോർപ്പിൻ്റെ സാന്നിധ്യമുണ്ട്.
ഹീറോ മോട്ടോകോർപ്പിന് ഹീറോ ഫിൻകോർപ്പിൽ 40 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. പ്രൊമോട്ടർമാരായ മുഞ്ജൽ കുടുംബത്തിന് ഏകദേശം 35-39 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. അപ്പോളോ ഗ്ലോബൽ, ക്രിസ് ക്യാപ്പിറ്റൽ, ക്രെഡിറ്റ് സ്യൂസ്, ഹീറോമോട്ടോ കോർപ്പറേഷൻ്റെ ചില ഡീലർമാർ എന്നിവരുടെ കൈവശമാണ് ബാക്കി വരുന്ന ഓഹരികൾ.
ഹീറോ ഫിൻകോർപ്പ് ഐപിഒയ്ക്കായി എട്ട് നിക്ഷേപ ബാങ്കുകളുടെ ഒരു സിൻഡിക്കേറ്റിനെ തിരഞ്ഞെടുത്തതായും റിപ്പോർട്ടുകളുണ്ട്.
