നേട്ടത്തില്‍ തുടങ്ങി നഷ്ടത്തിലേക്ക് നീങ്ങി വിപണി
- ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
മുംബൈ:ഏഷ്യന്‍ വിപണികളിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ ചുവടുപിടിച്ച് ഓഹരി വിപണി ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തിലായിരുന്നു. എന്നാല്‍, ലാഭമെടുപ്പിനെത്തുടര്‍ന്ന് വിപണി പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി. ഇന്നലത്തെ നേട്ടത്തിന്റെ തുടര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 404.21 പോയിന്റ് ഉയര്‍ന്ന് 60,970.63 ലും, നിഫ്റ്റി 119.454 പോയിന്റ് ഉയര്‍ന്ന് 18,134.05 ലുമായിരുന്നു. പിന്നീട് സെന്‍സെക്സ് 74.9 താഴ്ന്ന് 60,491.52 ലും, നിഫ്റ്റി 15.10 പോയിന്റ് ഇടിഞ്ഞ് 17,999.50 ലും എത്തി.
ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ്, ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിന്‍സെര്‍വ്, ഐടിസി, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഷാങ്ഹായ് എന്നിവയെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അമേരിക്കന്‍ വിപണികള്‍ക്ക് ഇന്നലെ അവധിയായിരുന്നു.
ഡിസംബറിലെ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ വ്യാഴാഴ്ച്ച അവസാനിക്കുന്നതിനിടയില്‍, സമീപകാലത്ത് അസ്ഥിരത വിപണിയുടെ മുഖമുദ്രയായിരിക്കുമെന്ന് മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് അനലിസ്റ്റും, സീനിയര്‍ വൈസ്പ്രസിഡന്റുമായ പ്രശാന്ത് തപ്സെ അഭിപ്രായപ്പെടുന്നു.
ഇന്നലെ സെന്‍സെക്സ് 721.13 പോയിന്റ് ഉയര്‍ന്ന് 60,566.42 ലും, നിഫ്റ്റി 207.80 പോയിന്റ് നേട്ടത്തോടെ 18,014.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 0.67 ശതമാനം ഉയര്‍ന്ന് 84.48 ഡോളറായി. ഓഹരി വിപണി റിപ്പോര്‍ട്ടുകള്‍ പ്രകാരം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 497.65 കോടി രൂപ വിലയുള്ള ഓഹരികള്‍ വിറ്റഴിച്ചു.
