കുരുമുളക് എന്നും താരം തന്നെ, ആവേശ വില്‍പ്പനയില്‍ ഏലം

  • പ്രതിവര്‍ഷ ഉത്പാദന വര്‍ധനവുമായി റബര്‍

Update: 2023-07-07 11:15 GMT

ഒരു മാസത്തില്‍ ഏറെ നീണ്ട അനിശ്ചിതാവസ്ഥയ്ക്ക് ശേഷം കുരുമുളക് വിപണി ഉണര്‍വിന്റെ പാദയിലേയ്ക്ക് തിരിഞ്ഞു. ഈ വാരം മുളക് വില ഇതിനകം ക്വിന്റ്റലിന് 500 രൂപ വര്‍ധിച്ചു. നിരക്ക് ഇനിയും ഉയരുമെന്ന സൂചനയാണ്

വ്യാപാര രംഗത്ത് നിന്നും പുറത്തുവരുന്നത്. ഉത്സവ ദിനങ്ങള്‍ അടുത്തതിനാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുരുമുളകിന് ആവശ്യം പതിവ് പോലെ വര്‍ധിക്കും. ഗണേശ ചതുര്‍ത്ഥിയും മുഹറവും മുന്നില്‍ കണ്ടുള്ള വില്‍പ്പനയ്ക്ക് ആവശ്യമായ ചരക്കിനാണ് ഇടപാടുകാര്‍ ഇപ്പോള്‍ രംഗത്തുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്റ്റോക്കിസ്റ്റുകളുടെ കൈവശം മുളകുണ്ടെങ്കിലും ഏതാനും ആഴ്ച്ചകളായി അവര്‍ ചരക്ക് ഇറക്കുന്നില്ല. മാസത്തിന്റെ രണ്ടാം പകുതിയില്‍ ഡിമാന്റ് ഉയരുന്ന അവസരത്തില്‍ കുരുമുളക് വില്‍പ്പനയ്ക്ക് ഇറക്കാമെന്ന നിലപാടിലാണ് പല സ്റ്റോക്കിസ്റ്റുകളും. ഇതിനിടയില്‍ കാലവര്‍ഷം ശക്തമായതോടെ പല ഭാഗങ്ങളിലും കുരുമുളക് കൊടികള്‍ക്ക് നേരിട്ട വിളനാശം അടുത്ത സീസണിലെ ഉത്പാദനത്തെ ഏത്രമാത്രം ബാധിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം കാര്‍ഷിക മേഖലകളില്‍ നിന്നും ഇനിയും പുറത്ത് വന്നിട്ടില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 49,300 രൂപ.

ഏലത്തിന് ആവേശ വില്‍പ്പന

ഏലം കര്‍ഷകരെ ആവേശം കൊള്ളിച്ച് ഉല്‍പ്പന്ന വില ലേല കേന്ദ്രങ്ങളില്‍ മുന്നേറി. മുഹറം അടുത്തതോടെ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ചരക്കിന് ആവശ്യകാരെത്തുന്നുണ്ട്. വരും ദിനങ്ങളില്‍ ആഭ്യന്തര ആവശ്യം ഉയരുമെന്ന

നിഗമനത്തിലാണ് കാര്‍ഷിക മേഖലയിലെ ഏലം സറ്റോക്കിസ്റ്റുകള്‍. ഇന്ന് വണ്ടന്‍മേട്ടില്‍ നടന്ന ലേലത്തില്‍ അരലക്ഷം കിലോയ്ക്ക് മുകളില്‍ ഏലക്ക വില്‍പ്പനയ്ക്ക് എത്തിയെങ്കിലും വാങ്ങല്‍ താല്‍പര്യം കനത്തതോടെ മികച്ചയിനങ്ങളുടെ വില കിലോഗ്രാമിന് 2175 രൂപയായും ശരാശരി ഇനങ്ങളുടെ വില 1294 രൂപയിലും ഇടപാടുകള്‍ നടന്നു.

വന്‍കിട കമ്പനികള്‍ക്ക് റബര്‍ അനിവാര്യമായ സമയം

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ അല്‍പ്പം തെളിഞ്ഞെങ്കിലും ഏതാനും ദിവസങ്ങളായി മഴ മൂലം സ്തംഭിച്ച റബര്‍ വെട്ട് പുനരാരംഭിക്കാന്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നുള്ള എറ്റവും പുതിയ വിവരം. വിദേശത്ത് റബര്‍ അവധി നിരക്കുകളില്‍ അടുത്ത വാരം ഉണര്‍വ് സംഭവിച്ചാല്‍ ഇന്ത്യന്‍ വ്യവസായികള്‍ കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളെ കുടുതലായി ആശ്രയിക്കാം. പല വന്‍കിട കമ്പനികള്‍ക്കും ഉയര്‍ന്ന അളവില്‍ റബര്‍ ആവശ്യമുള്ള സന്ദര്‍ഭമാണിത്.

2021-22 ല്‍ 7.75 ലക്ഷം ടണ്ണായിരുന്ന റബര്‍ ഉത്പാദനം 2022 - 23 ല്‍ 8.39 ലക്ഷം ടണ്ണായി ഉയര്‍ന്നു. 2021-22 ല്‍ 12.38 ലക്ഷം ടണ്ണായിരുന്ന ഉപഭോഗം 2022-23 ല്‍ 13.50 ലക്ഷം ടണ്ണിലെത്തി. റബര്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുള്ള സ്റ്റാറ്റിസ്റ്റിക്‌സ് കണ്‍സള്‍ട്ടേറ്റീവ് പാനലിന്റെ യോഗമാണ് പ്രകൃതിദത്ത റബര്‍ സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.


Full View


Tags:    

Similar News