നോൺ-കൺവെർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികൾക്ക് ഡീലിസ്റ്റിംഗ് സംവിധാനവുമായി സെബി

  • മേയ് 26 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം
  • പിഴയുടെ ഭാഗമായ ഡീലിസ്റ്റിംഗിന് ബാധകമല്ല
  • ഡീലിസ്റ്റിംഗുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കണം

Update: 2023-05-15 04:28 GMT

നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികള്‍ സ്വമേധയാ ഡീലിസ്റ്റ് ചെയ്യുന്നതിനുള്ള ഒരു സംവിധാനം മൂലധന വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിര്‍ദേശിച്ചു. മേയ് 26 വരെ, താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ക്ക് നിർദിഷ്ട സംവിധാനത്തെ കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനുള്ള അവസരവും സെബി ഒരുക്കിയിട്ടുണ്ട്.

ഈ സംവിധാനത്തിന് കീഴിൽ, ഒരു എന്‍റിറ്റിക്ക് ചില നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികൾ ലിസ്‌റ്റഡായി തുടരുമ്പോൾ, മറ്റ് ചില നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികൾ ഡിലിസ്റ്റ് ചെയ്യാൻ സാധിക്കുന്നതല്ല. അതായത് ഏതെങ്കിലും അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒരു എന്‍റിറ്റി ലിസ്റ്റ് ചെയ്ത എല്ലാ നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികളും സ്വമേധയാ ഡീലിസ്റ്റ് ചെയ്യുന്നതിന് നിർദ്ദിഷ്ട സംവിധാനം ബാധകമാകും.

ഏതെങ്കിലും പിഴയുടെ അനന്തരഫലമായോ അല്ലെങ്കിൽ പാപ്പരത്ത നിയമത്തിനു കീഴിൽ വരുന്ന ഒരു വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായോ ഒരു ലിസ്‌റ്റഡ് എന്റിറ്റിയുടെ കൺവെർട്ടിബിൾ അല്ലാത്ത ഡെറ്റ് സെക്യൂരിറ്റികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ഡീലിസ്റ്റ് ചെയ്യുന്നതിന് നിർദ്ദിഷ്ട സംവിധാനം ബാധകമല്ല.

ലിസ്റ്റ് ചെയ്ത നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഐഎസ്ഐഎന്‍ (ഇന്റർനാഷണൽ സെക്യൂരിറ്റീസ് ഐഡന്റിഫിക്കേഷൻ നമ്പർ)-ൽ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ബയര്‍മാരല്ലാത്ത 200-ലധികം ഹോൾഡർമാരുള്ള ഒരു ലിസ്‌റ്റഡ് എന്റിറ്റിക്ക് തങ്ങളുടെ ലിസ്റ്റഡായ നോണ്‍. -കൺവേർട്ടബിൾ ഡെറ്റ് സെക്യൂരിറ്റികള്‍ ഡീലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള വ്യവസ്ഥകളിൽ നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികൾ ഡിലിസ്റ്റ് ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് റെഗുലേറ്റർ പുതിയ മാര്‍ഗ നിർദ്ദേശവുമായി രംഗത്തെത്തിയിട്ടുള്ളത്.

നിർദ്ദിഷ്ട സംവിധാനത്തില്‍, ലിസ്റ്റഡ് സ്ഥാപനം പ്രത്യേക പ്രമേയം പാസാക്കിയ തീയതി മുതലോ അല്ലെങ്കില്‍ റെഗുലേറ്ററി അംഗീകാരം ലഭിച്ച തീയതി മുതലോ (ഏതാണ് ഒടുവില്‍ സംഭവിക്കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍) ഉള്ള 15 പ്രവൃത്തി ദിവസത്തിനുള്ളിൽ നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികളുടെ നിർദിഷ്ട ഡീലിസ്റ്റിംഗിന് തത്വത്തിൽ അംഗീകാരം തേടിക്കൊണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചിൽ അപേക്ഷ നൽകേണ്ടതുണ്ട്. അത്തരം അപേക്ഷ എക്സ്ചേഞ്ച് 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്നാണ് വ്യവസ്ഥ.

നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികളുടെ ഡീലിസ്റ്റിംഗുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും മെറ്റീരിയൽ വിവരമായി സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കണമെന്ന് സെബി നിർദ്ദേശിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ചുകളിൽ നിന്ന് തത്വത്തിലുള്ള അംഗീകാരം ലഭിച്ച തീയതി മുതൽ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ലിസ്റ്റഡ് സ്ഥാപനം, നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികളുടെ ഉടമകൾക്ക് ഡീലിസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച അറിയിപ്പ് അയയ്‌ക്കേണ്ടതുണ്ട്. നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികളുടെ എല്ലാ ഉടമകളിൽ നിന്നും അംഗീകാരം നേടിയ തീയതി മുതലുള്ള അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ, ലിസ്‌റ്റഡ് സ്ഥാപനം എക്‌സ്‌ചേഞ്ചിലേക്ക് ഡീലിസ്റ്റ് ചെയ്യുന്നതിനുള്ള അന്തിമ അപേക്ഷ നൽകണം.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്ന് തത്വത്തിലുള്ള അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഡീലിസ്റ്റിംഗ് നിർദ്ദേശം പരാജയപ്പെട്ടതായി പരിഗണിക്കുമെന്ന് സെബി നിർദ്ദേശിച്ചു. കടപ്പത്ര ട്രസ്റ്റിയില്‍ നിന്നും നോൺ-കൺവേർട്ടിബിൾ ഡെറ്റ് സെക്യൂരിറ്റികളുടെ എല്ലാ ഉടമകളിൽ നിന്നും അംഗീകാരം ലഭിക്കാത്തതും ഡീലിസ്റ്റിംഗ് നിർദേശത്തെ പരാജയപ്പെടുത്തും. ഡീലിസ്‌റ്റിംഗ് നിർദ്ദേശം പരാജയപ്പെട്ടാൽ, ലിസ്‌റ്റഡ് സ്ഥാപനം അത്തരം പരാജയം സംഭവിച്ച തീയതി മുതലുള്ള ഒരു പ്രവൃത്തി ദിവസത്തിനുള്ളിൽ ഇക്കാര്യം എക്‌സ്‌ചേഞ്ചിനെ അറിയിക്കണം. 

Tags:    

Similar News