തുടക്ക വ്യാപാരത്തില്‍ വിപണികളില്‍ തിരിച്ചുവരവ്
- ആഗോള വിപണികളില്‍ പോസിറ്റിവ് പ്രവണത
- എഫ്ഐഐ-കള്‍ ഇന്നലെ അറ്റവാങ്ങലിലേക്ക് തിരിഞ്ഞു
- ബ്രെന്റ് ക്രൂഡ് 0.25 ശതമാനം ഇടിഞ്ഞ് ബാരലിന് 75.49 ഡോളറില്‍
ആഗോള വിപണിയിലും വിദേശ ഫണ്ട് ഒഴുക്കിലും പ്രകടമായ പോസിറ്റിവ് പ്രവണതകളുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച തുടക്ക വ്യാപാരത്തിൽ ഓഹരി വിപണി സൂചികകളില്‍ തിരിച്ചുവരവ് പ്രകടമായി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 280.62 പോയിന്റ് ഉയർന്ന് 63,198.25 ലെത്തി. എൻഎസ്ഇ നിഫ്റ്റി 82.8 പോയിന്റ് ഉയർന്ന് 18,770.90 ൽ എത്തി.
സെൻസെക്‌സില്‍, അൾട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നെസ്‌ലെ, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയത്. ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, പവർ ഗ്രിഡ്, മാരുതി എന്നിവയാണ് നഷ്ടത്തിലുള്ളത്..
ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. ടോക്കിയോ താഴ്ന്ന നിലയിലാണ്. വ്യാഴാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തിലാണ് അവസാനിച്ചത്.
"ഇന്നലത്തെ വ്യാപാരത്തിൽ എഫ്‌ഐഐകൾ അറ്റവാങ്ങലുകാരായി മാറ്റിയത് നിക്ഷേപക വികാരത്തെ സഹായിച്ചേക്കാം" മേഹ്‍ത ഇക്വിറ്റീസ് ലിമിറ്റഡിന്റെ സീനിയർ വിപി (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 3,085.51 കോടി രൂപയുടെ ഇക്വിറ്റികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.25 ശതമാനം ഇടിഞ്ഞ് ബാരലിന് 75.49 ഡോളറിലെത്തി.
വര്‍ഷാന്ത്യത്തില്‍ പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ത്തിയേക്കുമെന്ന് യുഎസ് ഫെഡ് റിസര്‍വിന്‍റെ പ്രഖ്യാപനം വന്നത് ഇന്നതെ രാജ്യത്തെ ഓഹരി വിപണികളില്‍ ഇടിവിന് ഇടയാക്കിയിരുന്നു. സെൻസെക്‌സ് 310.88 പോയിന്റ് അഥവാ 0.49 ശതമാനം ഇടിഞ്ഞ് 62,917.63 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.. നിഫ്റ്റി 67.80 പോയിൻറ് അഥവാ 0.36 ശതമാനം ഇടിഞ്ഞ് 18,688.10 ൽ അവസാനിച്ചു.
