നേരിയ നേട്ടത്തില്‍ സെന്‍സെക്സും നിഫ്റ്റിയും; ഐടി ഓഹരികളില്‍ വീഴ്ച
- ആര്‍ബിഐ ധനനയത്തിനായി നിക്ഷേപകര്‍ കാക്കുന്നു
- ആഗോള സാഹചര്യങ്ങള്‍ ദുര്‍ബലം
- ബ്രെന്റ് ക്രൂഡ് 1.84 ശതമാനം ഇടിഞ്ഞു
കേന്ദ്രബാങ്ക് ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ധനനയത്തെ മുന്‍നിർത്തി നിക്ഷേപകർ ജാഗ്രത പുലര്‍ത്തുന്നതിനിടെ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് കനത്ത ചാഞ്ചാട്ടം നേരിട്ടു. ഐടി കൗണ്ടറുകളിലെ വിൽപ്പന സമ്മർദ്ദം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക്, ആഗോള ഇക്വിറ്റികളിലെ ദുർബലമായ പ്രവണതകൾ എന്നിവയും വിപണികളിലെ വികാരത്തെ ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു.
30-ഷെയർ ബിഎസ്ഇ സെൻസെക്സ് 5.41 പോയിന്റ് അല്ലെങ്കിൽ 0.01 ശതമാനം ഉയർന്ന് 62,792.88 ൽ എത്തി. പകൽ സമയ വ്യാപാരത്തില്‍, ഇത് 62,867.95 എന്ന ഉയർന്ന നിലയിലും 62,554.21 താഴ്ന്ന നിലയിലും എത്തി. തുടർച്ചയായ മൂന്നാം സെഷനിലാണ് സെന്‍സെക്സ് ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്യുന്നത്. എൻഎസ്ഇ നിഫ്റ്റി 5.15 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 18,599 ൽ വ്യാപാരം അവസാനിപ്പിച്ചു. രണ്ട് ബെഞ്ച്മാർക്ക് സൂചികകളിലും കയറ്റത്തിനും ഇറക്കത്തിനുമിടയിലെ ചാഞ്ചാട്ടം വ്യാപാരദിനത്തില്‍ ഉടനീളം പ്രകടമായിരുന്നു.
സെൻസെക്‌സ് ചാർട്ടിലെ ഏറ്റവും വലിയ നേട്ടം അൾട്രാടെക് സിമന്‍റിനാണ്, 3.13 ശതമാനം ഉയർന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, മാരുതി, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളില്‍ മികച്ച നേട്ടം സ്വന്തമാക്കി. അതേസമയം, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ഭാരതി എയർടെൽ, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഏഷ്യൻ വിപണികളിൽ ടോക്കിയോ നേട്ടത്തില്‍ അവസാനിച്ചപ്പോൾ ഷാങ്ഹായും ഹോങ്കോങ്ങും താഴ്ന്ന നിലയിലാണ്. യൂറോപ്പിലെ ഇക്വിറ്റി വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.84 ശതമാനം ഇടിഞ്ഞ് ബാരലിന് 75.33 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച 700.98 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
