ബാങ്ക്, മെറ്റല്‍ ഓഹരികള്‍ തിളങ്ങുന്നു; സെന്‍സെക്സ് നേട്ടത്തില്‍
- ബാങ്കിംഗ്, മെറ്റല്‍ ഓഹരികള്‍ മികച്ച നേട്ടത്തില്‍
- ആഗോള വിപണിയിലും ശുഭ സൂചനകള്‍
- എഫ്ഐഐകള്‍ വാങ്ങല്‍ തുടരുന്നു
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചത് ശുഭസൂചനയോടെ. ആഗോള തലത്തിലെ ചില പോസിറ്റീവ് വാർത്തകളും യുഎസ് ഓഹരികൾ ചൊവ്വാഴ്ച നേട്ടമുണ്ടാക്കിയതും നിക്ഷേപകരെ സ്വാധീനിച്ചു. ആദ്യ വ്യാപാരത്തിൽ സെന്‍സെക്സ് അര ശതമാനത്തോളം ഉയർന്നു.
യുഎസിലെ ഡെറ്റ് സീലിംഗ് ചർച്ചകളിലെ പുരോഗതി നിക്ഷേപകരുടെ വികാരം മെച്ചപ്പെട്ടുത്തി. നിരവധി വന്‍കിട കമ്പനികളില്‍ നിന്നുള്ള ത്രൈമാസ ഫലങ്ങളെയും കമ്പനികള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. ബിഎസ്ഇ സെന്‍സെക്സ് 177 പോയിന്‍റ് ഉയര്‍ന്ന് 61,738.13ലും നിഫ്റ്റി 31.10 പോയിന്‍റ് ഉയര്‍ന്ന് 18,212.85ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബാങ്കിംഗ്, മെറ്റല്‍, ഐടി മേഖലകളിലെ ഓഹരികളാണ് ഏറ്റവുമധികം നേട്ടം പ്രകടമാക്കുന്നത്. ഫാര്‍മ, റിയല്‍റ്റി ഓഹരികളില്‍ പൊതുവില്‍ ഇടിവാണ് കാണുന്നത്. സെൻസെക്‌സ് കമ്പനികളിൽ ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, നെസ്‌ലെ, എച്ച്‌ഡിഎഫ്‌സി, ഭാരതി എയർടെൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, ടെക് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യയിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബുധനാഴ്ച യുഎസ് വിപണി കാര്യമായ നേട്ടത്തോടെയാണ് അവസാനിച്ചത്. അഭൂതപൂർവവും വിനാശകരവുമായ കടബാധ്യത യുഎസ് ഒഴിവാക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ശുഭാപ്തിവിശ്വാസം പ്രകടമാക്കിയത് വിപണിയെ സ്വാധീനിച്ചു.
വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടരുകയാണ്. ഈ മാസം ഇതുവരെ 16,520 കോടി രൂപയുടെ ഓഹരികൾ വാങ്ങി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം ബുധനാഴ്ച 149.33 കോടി രൂപയുടെ ഇക്വിറ്റികളാണ് എഫ്ഐഐകള്‍ വാങ്ങിയത്. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 76.83 ഡോളറിലെത്തി.
ബുധനാഴ്ച തുടർച്ചയായ രണ്ടാം സെഷനിൽ ഇടിഞ്ഞപ്പോൾ, 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 371.83 പോയിന്റ് അല്ലെങ്കിൽ 0.60 ശതമാനം ഇടിഞ്ഞ് 61,560.64 ൽ അവസാനിച്ചു. നിഫ്റ്റി 104.75 പോയിന്റ് അഥവാ 0.57 ശതമാനം ഇടിഞ്ഞ് 18,181.75 ൽ എത്തി.
