പലിശ നിരക്കില്‍ ജാഗ്രത, യുഎസ് ബാങ്കുകളുടെ റേറ്റിംഗില്‍ ഇടിവ്, ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ഏഷ്യന്‍ വിപണികളില്‍ അനിശ്ചിതത്വം
  • വ്യാപാര കണക്കുകളും യുഎസ് വിപണിയെ ബാധിച്ചു
  • ഗിഫ്റ്റ് സിറ്റിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

Update: 2023-08-09 02:19 GMT

Stock market pre opening analysis 

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ അവലോകന യോഗം ഇന്നലെ ആരംഭിച്ചു. പലിശ നിരക്കുകില്‍ മാറ്റം പൊതുവില്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും പണപ്പെരുപ്പം സംബന്ധിച്ച ആര്‍ബിഐ-യുടെ നിഗമനങ്ങളെ കുറിച്ചും സാമ്പത്തിക നില സംബന്ധിച്ച വിലയിരുത്തലുകളെ കുറിച്ചും വിപണിക്ക് ആകാംക്ഷയുണ്ട്. ആഗോള ഘടകങ്ങള്‍ക്കൊപ്പം പലിശ നിരക്ക്  പ്രഖ്യാപനത്തിന് മുന്നോടിയായ ജാഗ്രത കൂടി ചേര്‍ന്നതോടെ ഇന്നലെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവിലേക്ക് പോയി. 

ഇന്ന് ആഗോള തലത്തില്‍ വിപണികളെ സ്വാധീനിക്കാനിടയുള്ള പ്രധാന സംഭവവികാസം യുഎസിലെ 10 ബാങ്കുകളുടെ റേറ്റിംഗ് മൂഡിസ് വെട്ടിക്കുറച്ചതാണ്. ചെറുകിട- ഇടത്തരം ബാങ്കുകളുടെ റേറ്റിംഗ് കുറച്ച മൂഡിസ് യുഎസിലെ ആറ് പ്രമുഖ  ബാങ്കുകളെ റേറ്റിംഗ് കുറയ്ക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. 

ഇന്ന് വിപണികള്‍

ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ജപ്പാനിലെ നിക്കൈ എന്നിവ നേട്ടത്തില്‍ തുടങ്ങിയപ്പോള്‍ തായ്വാന്‍ വിപണി നഷ്ടത്തില്‍ തുടങ്ങി നേട്ടത്തിലേക്ക് നീങ്ങി. ഹോംഗ്കോംഗ്, ഷാങ്ഹായ് വിപണികള്‍ ഇടിവിലാണ് തുടങ്ങിയത്. നിക്കൈ , തായ്വാന്‍ വിപണികളില്‍ ചാഞ്ചാട്ടം പ്രകടമാണ്. 

ബാങ്കുകളുടെ റേറ്റിംഗ് വെട്ടിക്കുറച്ചതിനൊപ്പം വ്യാപാര കണക്കുകളും ഇന്നലെ യുഎസ് വിപണികളെ നഷ്ടത്തില്‍ അവസാനിക്കുന്നതിലേക്ക് നയിച്ചു. യുഎസിന്‍റെ വ്യാപാരക്കമ്മി കുറഞ്ഞെങ്കിലും ഇറക്കുമതിയില്‍ 1 ശതമാനം ഇടിവും കയറ്റുമതിയില്‍ 0.1 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡൌ ജോണ്‍, നാസ്‍ഡാഖ് , എസ്‍ & പി 500 എന്നിവ ഗണ്യമായ നഷ്ടം രേഖപ്പെടുത്തി. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

ഗിഫ്റ്റ് സിറ്റിയില്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര വിപണികളുടെ തുടക്കം പച്ചയിലാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത് 

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

സർക്കാർ ഉടമസ്ഥതയിലുള്ള കോൾ ഇന്ത്യ ആദ്യപാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം രേഖപ്പെടുത്തി, എങ്കിലും ഏകീകൃത ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 10.1 ശതമാനം ഇടിഞ്ഞ് 7,941.4 കോടി രൂപയായി.പ്രവർത്തന വരുമാനം 2.5 ശതമാനം വർധിച്ച് 35,983 കോടി രൂപയായി, പക്ഷേ ചെലവുകള്‍ ഉയര്‍ന്നത് ലാഭം കുറച്ചു. മറ്റൊരു പൊതുമേഖലാ കമ്പനിയായ ഓയിൽ ഇന്ത്യ ആദ്യ പാദത്തിലെ ലാഭത്തില്‍ 9.78 ശതമാനം ഇടിവ് രേഖപ്പെടുത്തി. പ്രവർത്തന വരുമാനം 16 ശതമാനം കുറഞ്ഞു.

അദാനി പോര്‍ട്‍സിന്‍റെ അറ്റാദായം ആദ്യ പാദത്തില്‍ 82 ശതമാനം ഉയരുകയാണ് ചെയ്തത്. അറ്റാദായം ഇടിയുമെന്ന അനലിസ്റ്റുകളുടെ വിലയിരുത്തലുകള്‍ക്ക് വിരുദ്ധമായ റിസള്‍ട്ടാണ് കമ്പനി പുറത്തുവിട്ടത്. പ്രവര്‍ത്തന വരുമാനം 23 .5 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ വിപണി വിഹിതവും ഉയര്‍ത്താനായെന്ന് കമ്പനി വ്യക്തമാക്കുന്നു. വില്‍മര്‍ എന്‍റര്‍പ്രൈസുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അദാനി എന്‍റര്‍പ്രൈസസ് ശ്രമിക്കുന്നതായ വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. 270 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാനാണ് അദാനി ഗ്രൂപ്പ് കമ്പനി ശ്രമിക്കുന്നത്. 

ഐനോക്‌സ് വിൻഡ് എനർജി അനുബന്ധ സ്ഥാപനമായ ഐനോക്‌സ് വിൻഡിന്റെ 1.46 കോടിയിലധികം ഇക്വിറ്റി ഷെയറുകൾ ഒരു ബ്ലോക്ക് ഡീൽ വഴി സ്ഥാപന നിക്ഷേപകർക്ക് വിറ്റു. 304.68 കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് നടന്നത്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള തങ്ങളുടെ അനുബന്ധ സ്ഥാപനമായ നോവൽ ലബോറട്ടറീസിന് പുതിയ മരുന്ന് പ്രയോഗത്തിനുള്ള അനുമതി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ലഭിച്ചതായി ലുപിന്‍ അറിയിച്ചു. 

ദക്ഷിണേന്ത്യൻ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്റ്റ്സിന്‍റ  ഏകീകൃത ലാഭം 30.3 ശതമാനം വർധിച്ചു, വാർഷിക വരുമാനം 13.3 ശതമാനം കുറഞ്ഞെങ്കിലും ശക്തമായ പ്രവർത്തന മാർജിൻ ലാഭത്തിന് ഇടയാക്കി. പ്രതിരോധ, എയ്‌റോസ്‌പേസ് ഇലക്‌ട്രോണിക്‌സ് സൊല്യൂഷൻസ് ദാതാവായ ഡാറ്റാ പാറ്റേൺസ് ഇന്ത്യയുടെ ഏകീകൃത ലാഭം 81.4 ശതമാനം വർധിച്ചു. വരുമാനത്തില്‍ 31.2 ശതമാനം വർധനയാണ് ഉണ്ടായത്. 

എണ്ണയും സ്വര്‍ണവും

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാഷ്ട്രമായ ചൈനയിലെ മന്ദഗതിയിലുള്ള വീണ്ടെടുപ്പ് എണ്ണ വിപണിയെ തളര്‍ത്തി. ചൈനയുടെ ക്രൂഡ് ഇറക്കുമതിയും കയറ്റുമതിയും ജൂലൈയിൽ പ്രതീക്ഷിച്ചതിലും വളരെയധികം ഇടിഞ്ഞതായി കണക്കുകൾ പുറത്തുവന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച എണ്ണ വില താഴ്ന്നു.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 48 സെൻറ് അഥവാ 0.41 ശതമാനം കുറഞ്ഞ് ബാരലിന് 84.93 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 50 സെൻറ് അഥവാ ഏകദേശം 0.62 ശതമാനം ഇടിഞ്ഞ് 81.43 ഡോളറിലെത്തി.

പ്രതീക്ഷിച്ചതിലും ദുർബലമായ ചൈനീസ് വ്യാപാര ഡാറ്റ പുറത്തുവന്നതിനു പിന്നാലെ ഡോളർ ഉയർന്നതിനാൽ ചൊവ്വാഴ്ച സ്വർണ്ണം നാലാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി, അതേസമയം യുഎസ് പണപ്പെരുപ്പ ഡാറ്റ വരുന്നതിന് മുന്നോടിയായുള്ള ജാഗ്രതയും സ്വര്‍ണ നിക്ഷേപങ്ങളെ ബാധിക്കുന്നു.  സ്പോട്ട് ഗോൾഡ് ഔൺസിന് 0.55 ശതമാനം കുറഞ്ഞ് 1,925.69 ഡോളറിലെത്തി, ജൂലൈ 11 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഇടിഞ്ഞ് 1,960.10 ഡോളറിലെത്തി.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 711.34 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റഴിച്ചു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) ഓഗസ്റ്റ് 8 ന് 537.31 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നു എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ)  ഇക്വിറ്റികളില്‍ 2251.98 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയെന്ന് ഡെപ്പോസിറ്ററികളില്‍ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നു. ഡെറ്റ് വിപണിയില്‍ 57.62 കോടി രൂപയുടെ വില്‍പ്പനയാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്.

Tags:    

Similar News