പണപ്പെരുപ്പം ഇന്നറിയാം; വിപണിയിലെ ഇന്നത്തെ പ്രതീക്ഷകള്‍

  • ഏഷ്യന്‍ വിപണികള്‍ ഇടിവില്‍ തുടങ്ങി
  • ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തി പൊതുമേഖലാ കമ്പനികള്‍
  • എഫ്‍പിഐകള്‍ വാങ്ങലുകാര്‍

Update: 2023-08-14 02:15 GMT

തുടര്‍ച്ചയായ മൂന്നാം വാരത്തിലും ഇടിവ് രേഖപ്പെടുത്തിയാണ് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ആര്‍ബിഐ ധനനയ സമിതി ബാങ്കുകള്‍ക്ക് താല്‍ക്കാലികമായി അധിക സിആര്‍ആര്‍ ഏര്‍പ്പെടുത്തുകയും പണപ്പെരുപ്പ നിഗമനം ഉയര്‍ത്തുകയും ചെയ്തത് കഴിഞ്ഞ 2 ദിവസങ്ങളിലെ വിപണിയെ പിന്നാക്കം വലിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

ജൂണില്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച കുറഞ്ഞതും നിക്ഷേകരെ നെഗറ്റിവായി സ്വാധീനിക്കും. ഇതിന്‍റെ പ്രതിഫലനത്തോടെയാകും ഇന്ന് വിപണിയുടെ തുടക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. വാരാന്ത്യത്തില്‍ പുറത്തുവന്ന കോര്‍പ്പറേറ്റ് വരുമാന ഫലങ്ങളും ഇന്ന് പുറത്തിറങ്ങുന്ന റീട്ടെയില്‍ പണപ്പെരുപ്പ കണക്കും വിപണി ചലനങ്ങളെ നിശ്ചയിക്കും. 

എല്ലാ കണ്ണും പണപ്പെരുപ്പത്തിലേക്ക്

ഒരു ഇടവേളയ്ക്ക് ശേഷം ജൂലൈയില്‍ രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റിസര്‍വ് ബാങ്കിന്‍റെ സഹന പരിധിയായ 2 -4 ശതമാനത്തിന് പുറത്തേക്ക് കടക്കുമെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്. 6 .5 ശതമാനത്തിന് മുകളിലുള്ള പണപ്പെരുപ്പ നിരക്കാണ് അനലിസ്റ്റുകളുടെ പ്രവചനം. ഇത് എത്രത്തോളം ഉയര്‍ന്നതാകും എന്നത് വിപണിയുടെ വികാരത്തെ ബാധിക്കും. 

പണപ്പെരുപ്പം ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നിടത്തോളം പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിലേക്ക് നീങ്ങുന്നതിന് സാധിക്കില്ലെന്ന് ആര്‍ബിഐ സൂചന നല്‍കിക്കഴിഞ്ഞു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് അനിവാര്യമെങ്കില്‍ നിരക്ക് ഇനിയും ഉയര്‍ത്തേണ്ടിയും വരും. പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങവേ കേന്ദ്ര സര്‍ക്കാരിനെ കൂടി സമ്മര്‍ദത്തിലാക്കുന്നതാണ് ഉയരുന്ന പണപ്പെരുപ്പം.

ഇന്ന് ആഗോള വിപണികള്‍

 യുഎസ് പണപ്പെരുപ്പം ജൂലൈയില്‍ പ്രതീക്ഷിച്ചത്ര ഉയര്‍ന്നില്ലാ എന്നത് വിപണിക്ക് ആശ്വാസമായെങ്കിലും ഫെഡ് റിസര്‍വ് പലിശ നിരക്കുകളെ സ്വാധീനിക്കാന്‍ തക്കവണ്ണമുള്ള വ്യതിയാനം ആ കണക്കില്‍ ഉണ്ടായിരുന്നില്ല. ഇതിനൊപ്പം ചൈന വീണ്ടെടുപ്പില്‍ നേരിടുന്ന പ്രതിസന്ധിയും ഡിമാന്‍ഡ് മാന്ദ്യവും ആഗോള വിപണികളിലെ അനിശ്ചിതത്വങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്. ഓസ്ട്രേലിയ, ഹോംഗ്കോംഗ്, ഷാങ്ഹായ്, ടോക്കിയോ, തായ്വാന്‍ തുടങ്ങിയ വിപണികളെല്ലാം ഇടിവിലാണ്. ജപ്പാന്‍റെ ജിഡിപി, പണപ്പെരുപ്പ കണക്കുകള്‍ നാളെ പുറത്തുവരികയാണ്. വ്യാവസായിക ഉല്‍പ്പാദനവും റീട്ടെയില്‍ വില്‍പ്പനയും സംബന്ധിച്ച കണക്കുകള്‍ ചൈന ബുധനാഴ്ച പുറത്തിറക്കും. 

യുഎസ് വിപണികളില്‍ ഡൌ ജോണ്‍സ് വെള്ളിയാഴ്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നാസ്‍ഡാഖ്, എസ് &പി 500 എന്നിവ നഷ്ടത്തിലായിരുന്നു. യൂറോപ്യന്‍ വിപണികളും പൊതുവില്‍ ഇടിവിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

ഗിഫ്റ്റ് സിറ്റിയില്‍ ഇന്ന് വ്യാപാരം ആരംഭിച്ചത് നഷ്ടത്തോടെയാണ്. ആഭ്യന്തര ഓഹരി വിപണികളുടെ തുടക്കവും ഇടിവിലായിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ആദ്യ പാദത്തിൽ 10,015 കോടി രൂപ ലാഭം രേഖപ്പെടുത്തി, 34.1 ശതമാനം വാര്‍ഷിക ഇടിവ്. മൊത്തവരുമാനം 20.1 ശതമാനം കുറഞ്ഞ് 33,814 കോടി രൂപയിലെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ അലൂമിനിയം കമ്പനി ആദ്യ പാദത്തിൽ 333.8 കോടി രൂപ ഏകീകൃത ലാഭം രേഖപ്പെടുത്തി,  40.2 ശതമാനം ഇടിവാണിത്. ത്രൈമാസത്തിൽ വരുമാനം 16.3 ശതമാനം ഇടിഞ്ഞ് 3,178.4 കോടി രൂപയായി.

ബ്യൂട്ടി ആൻഡ് പേഴ്‌സണൽ കെയർ കമ്പനിയായ എഫ്‍എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് 5.4 കോടി രൂപ ഏകീകൃത ലാഭം രേഖപ്പെടുത്തി, മുൻവർഷത്തെ അപേക്ഷിച്ച് 8 ശതമാനം ഉയർന്നു, വരുമാനത്തിലും പ്രവര്‍ത്തന പ്രകടനങ്ങളിലും മികച്ച വളർച്ച കാണാം. ഈ പാദത്തിലെ പ്രവർത്തന വരുമാനം 24 ശതമാനം വളർച്ചയോടെ 1,421.8 കോടി രൂപയായി.

അമര രാജ ബാറ്ററീസിന്‍റെ ആദ്യപാദ അറ്റാദായം 46 ശതമാനം ഉയർന്ന് 192.14 കോടി രൂപയായി. പ്രവർത്തന വരുമാനം 2,795.51 കോടി രൂപയായി ഉയർന്നു, ഇത് 14 ശതമാനം വളർച്ചയാണ്

2024 ജൂലൈ 22 മുതൽ അഞ്ച് വർഷത്തേക്ക് ഐടിസിയുടെ എംഡിയും ചെയർമാനുമായി സഞ്ജീവ് പുരിയെ വീണ്ടും നിയമിക്കുന്നതിന് ഷെയർഹോൾഡർമാർ അംഗീകാരം നൽകി. ഹേമന്ത് മാലിക്കിനെ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായി നിയമിക്കുന്നതിനും കമ്പനി അംഗങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്.  കോർപ്പറേറ്റ് ഇൻസോൾവൻസി റെസൊല്യൂഷൻ പ്രോസസിന് കീഴിൽ മീനാക്ഷി എനർജി ഏറ്റെടുക്കുന്നതിന് വേദാന്ത സമർപ്പിച്ച പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) അനുമതി നൽകി.

കമ്പനിയുടെ മൊത്ത വരുമാനത്തിൽ ഗണ്യമായ സംഭാവന നൽകുന്ന ബയോസിമിലാർ ബിസിനസ്സായ ബയോകോൺ ബയോളജിക്സ് ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നതായി ബയോകോണ്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സിദ്ധാർത്ഥ് മിത്തൽ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇതിന് പ്രധാനമായും വരുമാനം നല്‍കുന്ന വിപണികൾ യുണൈറ്റഡ് സ്റ്റേറ്റ്സും യൂറോപ്പുമാണ്.

വിദേശ ഫണ്ടുകളുടെ വരവ്

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) വെള്ളിയാഴ്ച 3,073.28 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 500.35 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) വെള്ളിയാഴ്ച 2048.64 കോടി രൂപയുടെ അറ്റ നിക്ഷേപം ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ 259.10 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. 

ക്രൂഡ് ഓയിലും സ്വര്‍ണവും

അന്താരാഷ്ട്ര ഊർജ ഏജൻസി ആഗോള ഡിമാൻഡും വിതരണവും റെക്കോഡ് തലത്തിലെത്തുമെന്ന് പ്രവചിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച എണ്ണ വില ഉയർന്നു, ഇത് തുടർച്ചയായ ഏഴാം ആഴ്ചയിലും നേട്ടം രേഖപ്പെടുത്തുന്നതിലേക്ക് നയിച്ചു.  

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 19 സെന്റ് അഥവാ 0.22 ശതമാനം ഉയർന്ന് ബാരലിന് 86.59 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 22 സെൻറ് അഥവാ 0.27 ശതമാനം ഉയർന്ന് 83.05 ഡോളറിലെത്തി. പ്രതിവാര അടിസ്ഥാനത്തിൽ, രണ്ട് ബെഞ്ച്മാർക്കുകളും ഏകദേശം 0.5 ശതമാനം ഉയർന്നു. ആഗോള എണ്ണ ആവശ്യകത ജൂണിൽ പ്രതിദിനം 103 ദശലക്ഷം ബാരലിലെത്തി. ഈ മാസം എണ്ണ ആവശ്യകത മറ്റൊരു ഉയരം കുറിക്കുമെന്നാണ് അന്താരാഷ്ട്ര ഊർജ ഏജൻസി പ്രവചിക്കുന്നത്. 

നിക്ഷേപകർ യുഎസ് പണപ്പെരുപ്പത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരുന്നതും ശക്തമായ ഡോളറും ഉയർന്ന ബോണ്ട് വരുമാനവും വെള്ളിയാഴ്ച സ്വർണ വിലയെ ഏഴാഴ്ചക്കിടയിലെ ഏറ്റവും മോശം തലത്തിലേക്ക് എത്തിച്ചു. 

സ്‌പോട്ട് ഗോൾഡ് 0.05 ശതമാനം ഉയർന്ന് ഔൺസിന് 1,912.9246 ഡോളറിലെത്തി, ജൂലൈ 7 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.18 ശതമാനം ഇടിഞ്ഞ് 1,945.4 ഡോളറിലെത്തി. 

Tags:    

Similar News