നേട്ടം തുടര്‍ന്ന് ക്രൂഡ് ഓയില്‍, സ്വര്‍ണം തിരിച്ചുകയറി; ഏഷ്യന്‍ വിപണികളില്‍ ചാഞ്ചാട്ടം
- തുടര്‍ച്ചയായ ആറാം വാരത്തിലും ക്രൂഡ് ഓയില്‍ നേട്ടത്തില്‍
- യുഎസ് വിപണി ഇന്നലെയും ഇടിവില്‍
- വിദേശ നിക്ഷേപകര്‍ ഇന്നലെ വിറ്റഴിക്കലിന്‍റെ പാതയില്‍
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ റാലിക്ക് ശേഷം കഴിഞ്ഞ രണ്ടു വാരമായി ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ താഴോട്ടിറങ്ങുകയാണ്. സെന്‍സെക്സും നിഫ്റ്റിയും തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിനു ശേഷം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോഴും ശുഭകരമായ ആഗോള സൂചനകളല്ല മുന്നിലുളളത്. മുഖ്യ സമ്പദ്‍വ്യവസ്ഥകള്‍ നേരിടുന്ന വെല്ലുവിളികളും കയറ്റുമതി നിയന്ത്രണങ്ങളും ഭക്ഷ്യോല്‍പ്പാദനത്തിലെ വെല്ലുവിളികളും വിപണിയെ ബാധിക്കുന്നു.
ഏഷ്യന്‍ വിപണികളില്‍ ചാഞ്ചാട്ടം
ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം ആരംഭിച്ചത്. ജപ്പാനിലെ നിക്കെയും ഓസ്ട്രേലിയന്‍ വിപണിയും തായ്വാന്‍ വിപണിയും നഷ്ടത്തില്‍ തുടങ്ങിയപ്പോള്‍ ഷാങ്ഹായ്, ഹാംഗ്സെംഗ് എന്നിവ നേട്ടത്തിലായിരുന്നു. എന്നാല്‍ പിന്നീട് വിപണികളില്‍ അനിശ്ചിതത്വം നിഴലിക്കുന്നതാണ് കാണാനാകുന്നത്. തായ്വാന്‍ വിപണി നഷ്ടത്തില്‍ നിലയുറപ്പിച്ചിരിക്കുമ്പോള്‍ മറ്റ് വിപണികളില്‍ ചാഞ്ചാട്ടം തുടരുന്നു. നിക്ഷേപകരുടെ ശ്രദ്ധ യുഎസ് പേ റോളുകളെ സംബന്ധിച്ച ഡാറ്റയിലേക്ക് തിരിഞ്ഞത് വിപണികളെ നേട്ടത്തിലേക്ക് എത്തിക്കും എന്ന പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്.
യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് കഴിഞ്ഞ സെഷന്‍ അവസാനിപ്പിച്ചത്. പാൻ-യൂറോപ്യൻ സ്‍റ്റോക്സ് 600 സൂചിക 0.6 ശതമാനം ഇടിഞ്ഞു. ബ്രിട്ടനിലെ എഫ്‍ടിഎസ്‍ഇ 100 0.4 ശതമാനം ഇടിഞ്ഞ് 7,529.16ലും ജർമ്മനിയുടെ ഡിഎഎക്സ് 0.8 ശതമാനം ഇടിഞ്ഞ് 15,893.38ലും എത്തി. ഫ്രാൻസിന്റെ സിഎസി 40 0.7 ശതമാനം ഇടിഞ്ഞ് 7,260.53 ൽ എത്തി.
യുഎസ് വിപണികളില്‍ ഡൗ ജോൺസ് 75.07 പോയിൻറ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 35,207.45 ലും എസ് ആന്റ് പി 500 12.37 പോയിൻറ് അഥവാ 0.27 ശതമാനം ഇടിഞ്ഞ് 4,501.02 പോയിൻറിലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 13.73 പോയിന്റ് അഥവാ 0.11 ശതമാനം താഴ്ന്ന് 13,957.99 എന്ന നിലയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്‍റെ നിരാശജനകമായ പാദഫലവും യുഎസ് വിപണികളില്‍ പ്രതിഫലിച്ചു.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
ടെലികോം സേവനദാതാവായ ഭാർതി എയര്‍ടെലിന്‍റെ ലാഭം തൊട്ടു മുന്‍പാദത്തെ അപേക്ഷിച്ച് 46.4 ശതമാനം ഇടിഞ്ഞിട്ടുണ്ട്. വിദേശ വിനിമയവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടമാണ് ഇതിന് കാരണം. എന്നാല്‍ പ്രവര്‍ത്തന വരുമാനം പാദാടിസ്ഥാനത്തില്‍ 4 ശതമാനം ഉയര്‍ന്നിട്ടുണ്ട്. സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍റെ മുഴുവന്‍ ഓഹരികളും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ മാരുതി സുസുക്കി ഇന്ത്യയുടെ ബോര്‍ഡ് യോഗം ഓഗസ്റ്റ് 8 ന് ചേരും. പണമായോ മുന്‍ഗണനാ ഓഹരികളായോ പേമെന്‍റ് നടത്തുന്നതാണ് പരിഗണിക്കുന്നത്.
ഐഷര്‍ മോട്ടോഴ്സിന്ർ ലാഭം ആദ്യ പാദത്തില്‍ 50.4 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. വരുമാനത്തില്‍ 17.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തിലെ ഡീസലൈനേഷൻ പ്ലാന്റുകൾക്ക് 132 മെഗാവാട്ട് സൗരോർജ്ജം വിതരണം ചെയ്യുന്നതിന്, ഷാപൂർജി പല്ലോൻജി ആൻഡ് കമ്പനിയുടെ (എസ്പിസിപിഎൽ) ഉപസ്ഥാപനങ്ങളുമായി ടൊറന്‍റ് പവറിന്‍റെ ഉപകമ്പനിയായ ടോറന്റ് ഉർജ 8 കരാറിൽ എത്തിയിട്ടുണ്ട്. 132 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 700 കോടി രൂപയാണ്.
ആദ്യപാദ വില്‍പ്പനയില്‍ 20 ശതമാനം ഇടിവാണ് ഹിന്‍ഡാല്‍കോ ഇന്‍റസ്ട്രീസ് രേഖപ്പെടുത്തിയിട്ടുള്ളത്. പൊതു ഓഹരി ഉടമകളിലേക്ക് എത്തുന്ന വരുമാനത്തില്‍ 49 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്. ഡീസൽ, പ്രകൃതിവാതക എഞ്ചിൻ നിർമ്മാതാക്കളായ കമ്മിന്‍സ് ഇന്ത്യ ആദ്യ പാദത്തില്‍ 58.8 ശതമാനം ഉയർച്ച സ്റ്റാന്‍റ് എലോണ്‍ അറ്റാദായത്തില്‍ രേഖപ്പെടുത്തി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ഇതേ കാലയളവിൽ 31 ശതമാനം വർധിച്ചു.
എല്‍ഐസി ഹൌസിംഗ് ഫിനാന്‍സ് 43 ശതമാനം വളര്‍ച്ചയാണ് ആദ്യ പാദത്തിലെ ലാഭത്തില്‍ രേഖപ്പെടുത്തിയത്. അറ്റ പലിശ വരുമാനം 38.4 ശതമാനം ഉയര്‍ന്നു.
ഫണ്ടുകളുടെ വരവ്
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 317.46 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റഴിച്ചു, അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) ഓഗസ്റ്റ് 3 ന് 1,729.19 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ കാണിക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 1501.84 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇക്വിറ്റികളില്‍ നടത്തിയത്. ഡെറ്റുകളില്‍ 15 കോടി രൂപയുടെ അറ്റ വാങ്ങലും എഫ്‍പിഐകള്‍ നടത്തി.
എണ്ണവിലയും സ്വര്‍ണവും
ക്രൂഡ് ഓയില്‍ വില തുടര്‍ച്ചയായ ആറാം ആഴ്ചയും നേട്ടം രേഖപ്പെടുത്തുകയാണ്. ബ്രെന്റ് ഫ്യൂച്ചറുകൾ 1.94 ഡോളർ ( 2.3 ശതമാനം) ഉയർന്ന് ബാരലിന് 85.14 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 2.06 ഡോളർ ( 2.6 ശതമാനം) ഉയർന്ന് 81.55 ഡോളറിലെത്തി.
ഇന്നലെ മൂന്നാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയ സ്വര്‍ണ വില നേരിയ തോതില്‍ തിരിച്ചു കയറി. ഔണ്‍സിന് 1,933.80 എന്ന നിലയിലാണ് സ്പോട്ട് ഗോള്‍ഡിന്‍റെ വ്യാപാരം. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ ഇന്നലെ 0.3 ശതമാനം താഴ്ന്ന് 1,968.80 ഡോളറിലെത്തി.
