ആഗോള വിപണികള്‍ നേട്ടത്തില്‍; ഡാറ്റകള്‍ക്ക് കാതോര്‍ത്ത് നിക്ഷേപകര്‍
- ജൂലൈയിലെ വിവിധ മേഖലകളെ സംബന്ധിച്ച ഡാറ്റകള്‍ ഇന്നു മുതല്‍
- ക്രൂഡ് ഓയില്‍ വില 3 മാസത്തെ ഉയര്‍ച്ചയില്‍
- ഗിഫ്റ്റ് നിഫ്റ്റി തുടങ്ങിയത് നേട്ടത്തോടെ
പുതിയ വാരത്തിന് ഇന്നലെ ആഭ്യന്തര ഓഹരി വിപണികള്‍ നേട്ടത്തോടെ തുടക്കം കുറിച്ചിരിക്കുകയാണ്. 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 347.95 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 66,508.15ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 94.85 പോയിന്റ് അഥവാ 0.48 ശതമാനം വളര്‍ച്ചയോടെ 19,740.90ൽ എത്തി. ധനകാര്യ മേഖലയിലെ ചില ആദ്യപാദഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഐടി, മെറ്റൽ സൂചികകളാണ് പ്രധാനമായും വിപണിയെ മുന്നോട്ട് നയിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ലോക്സഭാ സമ്മേളനത്തില്‍ പാസാക്കപ്പെടുന്ന ബില്ലുകളും വരാനിരിക്കുന്ന ജിഎസ്‍ടി കൌണ്‍സില്‍ യോഗവും ആര്‍ബിഐ ധനനയ അവലോകന യോഗവും ഓഹരികളിലെ കയറ്റിറക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. റിസള്‍ട്ട് സീസണ്‍ മുന്നോട്ടുപോകവെ ഇന്ന് പുറത്തുവരുന്ന പ്രധാന ആദ്യ പാദഫലങ്ങള്‍ എസ്‌കോർട്ട്‌സ് കുബോട്ട, പിവിആർ ഐനോക്‌സ്, തെർമാക്‌സ്, ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനി, അനന്ത് രാജ്, അനുപം രസായൻ ഇന്ത്യ, ആപ്‌റ്റസ് വാല്യു ഹൗസിംഗ് ഫിനാൻസ് ഇന്ത്യ, അദാനി ടോട്ടൽ ഗ്യാസ്, ഡാൽമിയ ഭാരത് ഷുഗർ ആൻഡ് ഇൻഡസ്ട്രീസ്, ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഗോദ്‌റെജ് അഗ്രോവെറ്റ്, മെട്രോ ബ്രാൻഡുകൾ, റെഡിംഗ്ടൺ, സിർമ എസ്‌ജിഎസ് ടെക്‌നോളജി, ത്രിഭോവൻദാസ് ഭീംജി സവേരി, തൈറോകെയർ ടെക്‌നോളജീസ്, ട്രാക്ക്‌എൻ ടെക്‌നോളജീസ്, ത്രിവേണി ടർബൈൻ, വെൽസ്‌പൺ എന്റർപ്രൈസസ് എന്നിവയില്‍ നിന്നാണ്.
ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി 51 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആദ്യപാദത്തിലെ അറ്റാദായത്തില്‍ നേടിയിട്ടുള്ളത്. വരുമാനത്തില്‍ 41 .32 ശതമാനത്തിന്‍റെ വളര്‍ച്ച സ്വന്തമാക്കാനും കമ്പനിക്കായിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ 145.4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ആദ്യപാദത്തിലെ അറ്റാദായത്തില്‍ കരസ്ഥമാക്കിയത്. ഉയര്‍ന്ന വില്‍പ്പന, കാര്യക്ഷമമായ ചെലവു ചുരുക്കല്‍, പ്രവര്‍ത്തന ഇതര വരുമാനത്തിലെ വര്‍ധന എന്നിവയെല്ലാം കമ്പനി രേഖപ്പെടുത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്‌ട്രിക് സർവീസ് കമ്പനിയായ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ലാഭം ജൂണ്‍ പാദത്തില്‍ 6 ശതമാനം വാര്‍ഷിക ഇടിവോടെ 3,542.65 കോടി രൂപയായി. മറ്റൊരു പൊതുമേഖലാ കമ്പനിയായ ഗെയില്‍ ഇന്ത്യ 51.56 ശതമാനം ഇടിവ് അറ്റാദായത്തിലും 14.22 ശതമാനം ഇടിവ് വരുമാനത്തിലും രേഖപ്പെടുത്തി.
ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കിക്കൊണ്ട് 1000 കോടി രൂപയുടെ സമാഹരണത്തിന് തയാറെടുക്കുന്ന സൗത്ത് ഇന്ത്യന് ബാങ്കിന്‍റേതാണ് ഇന്ന് ശ്രദ്ധ നേടുന്ന മറ്റൊരു ഓഹരി. പബ്ലിക് ഇഷ്യു, സ്വകാര്യ പ്ലേസ്‌മെന്റ്, മുൻഗണനാ ഓഹരികള്‍ എന്നിവയിലൂടെ സമാഹരണം നടത്താനുള്ള പദ്ധത്തിക്ക് എസ്ഐബി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്.
331.6 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് പദ്ധതികള്‍ക്കുള്ള കരാര്‍ മധ്യപ്രദേശ് പൂർവ് ക്ഷേത്ര വിദ്യുത് വിത്രൻ കമ്പനിയില്‍ നിന്ന് ലഭിച്ചതിന്‍റെ പശ്ചാത്തലത്തില്‍ റെയിൽ വികാസ് നിഗത്തിന്‍റെ ഓഹരികളിലും നിക്ഷേപകരുടെ കണ്ണ് പതിയും. യൂട്ടിലിറ്റി വാഹന നിർമ്മാതാവായ മഹീന്ദ്ര & മഹീന്ദ്ര തമിഴ്‌നാട്ടിലെ ചെങ്കൽപട്ടിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ (എംആർവി) ഇലക്ട്രിക് വാഹന ബാറ്ററി ടെസ്റ്റിംഗ് സൗകര്യവും ചെയാറിലെ മഹീന്ദ്ര എസ്‌യുവി പ്രൂവിംഗ് ട്രാക്കിൽ (എംഎസ്‌പിടി) ക്രാഷ് ടെസ്റ്റ് സൗകര്യവും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്ററി ടെസ്റ്റിംഗ് സൗകര്യത്തിന് 210 കോടിയും ക്രാഷ് ടെസ്റ്റ് ലാബ് നിർമാണത്തിന് 290 കോടിയുമാണ് നിക്ഷേപം.
ഏറ്റെടുക്കല്‍ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ട്രാവല്‍ ഏജന്‍സി കമ്പനിയായ ഈസി ട്രിപ്പ് പ്ലാന്നേര്‍സും ഇന്ന് ശ്രദ്ധനേടുന്നുണ്ട്. എയര്‍ കണ്ടീഷ്ണര്‍ നിര്‍മാതാക്കളായ ബ്ലൂസ്റ്റാറിന്‍റെ ഓഗസ്റ്റ് 3ന് ചേരുന്ന ബോര്‍ഡ് യോഗം ഫണ്ട് സമാഹരണത്തിനുള്ള നിര്‍ദേശം പരിഗണിക്കുന്നുണ്ട്. ഇക്വിറ്റി ഷെയറുകൾ, ഡെറ്റുകൾ, വാറന്റുകൾ അല്ലെങ്കിൽ സ്വകാര്യ പ്ലേസ്‌മെന്റ് വഴി മുൻഗണനാ ഓഹരികൾ ഇഷ്യൂ ചെയ്യല്‍ എന്നിവയിലൂടെ സമാഹരണം നടത്താനാണ് പദ്ധതി.
ആഗോള വിപണികള്‍ നേട്ടത്തില്‍
ഏഷ്യന്‍ വിപണികളില്‍ ഇന്ന് പൊതുവേ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്. ഓസ്ട്രേലിയ, ഹോംഗ്കോംഗ്, ഷാങ്ഹായ്, നിക്കെയ്, തായ്വാന്‍ തുടങ്ങിയ വിപണികളിലെല്ലാം നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുന്നു. യൂറോപ്യന്‍ വിപണികളില്‍ പൊതുവേ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിച്ചത്. നേരിയ നേട്ടവും നേരിയ നഷ്ടവുമാണ് പ്രധാന വിപണികളില്‍ രേഖപ്പെടുത്തിയത്. യുഎസിലെ ഡൌ ജോണ്‍സ്, നാസ്‍ഡാഖ്, എസ് & പി 500 എന്നിവ ഇന്നലെ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഡെറിവേട്ടിവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് നേട്ടത്തിലാണ് തുടങ്ങിയിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണിയില്‍ ഇന്നലത്തെ പോസിറ്റിവ് വികാരത്തോടെയാകും തുടക്കം എന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ശ്രദ്ധ നേടുന്ന ഡാറ്റകള്‍
നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ധനക്കമ്മി 4 .51 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിലേക്ക് മൊത്തമായി സര്‍ക്കാര്‍ കണക്കുകൂട്ടിയിട്ടുള്ള ധനക്കമ്മിയുടെ 25 .3 ശതമാനമാണിത്. ജൂലൈയിലെ മാനുഫാക്ചറിംഗ്, സേവന മേഖല എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച ഡാറ്റയും വാഹന വില്‍പ്പന സംബന്ധിച്ച ഡാറ്റകളും ഇന്നും അടുത്ത ദിവസങ്ങളിലുമായി പുറത്തുവരും.
റിയല്‍ എസ്റ്റേറ്റ് വില്‍പ്പന, മുഖ്യ വ്യവസായങ്ങളുടെ പ്രകടനം എന്നിങ്ങനെ വിവിധ മേഖകളുമായി ബന്ധപ്പെട്ട ഡാറ്റകളും വരാനിരിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്‍റെ ധനനയ അവലോവന യോഗം അടുത്തവാരത്തില്‍ നടക്കുന്നുണ്ട്. പലിശ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത് എങ്കിലും ജൂലൈയില്‍ പണപ്പെരുപ്പം ആശങ്ക ഉയര്‍ത്തുന്ന വിധം വളര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പം സംബന്ധിച്ച ഡാറ്റയും ഓഗസ്റ്റ് പകുതിയോടെ എത്തും.
ആഭ്യന്തര ക്രൂഡ് ഓയിലിന്‍റെ വിൻഡ് ഫാൾ നികുതി കേന്ദ്ര സർക്കാർ ഇന്ന് മുതൽ വർധിപ്പിച്ചു. ക്രൂഡ് പെട്രോളിയത്തിന്‍റെ സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED) ടണ്ണിന് 1600 രൂപ ആയിരുന്നത് 4250 രൂപയായി വർദ്ധിപ്പിച്ചു. തിങ്കളാഴ്ചത്തെ സർക്കാർ വിജ്ഞാപനമനുസരിച്ച്, ഡീസലിന്റെ വിൻഡ് ഫാൾ ടാക്സ് ലിറ്ററിന് ഒരു രൂപയാണ്. ഇതുവരെ ഡീസലിന് ഈ നികുതി ഉണ്ടായിരുന്നില്ല.
ചൈനയുടെ ഫാക്റ്ററി ഉല്‍പ്പാദനം തുടര്‍ച്ചയായ നാലാം മാസവും ഇടിവിലാണെന്ന് വ്യക്തമാക്കുന്ന ഡാറ്റ ഇന്നലെ പുറത്തുവന്നിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ തിരിച്ചുവരവില്‍ നേരിടുന്ന പ്രതിസന്ധി തുടരുന്നത് വിപണികളില്‍ സ്വാധീനം ചെലുത്തും.
വിദേശ ഫണ്ടിന്‍റെ വരവ്
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 701.17 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 2,488.07 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.
1252.35 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയിട്ടുള്ളത്. 385.65 കോടി രൂപയുടെ അറ്റ നിക്ഷേപം ഡെറ്റുകളിലും എഫ്‍പിഐകള്‍ നടത്തി.
സ്വര്‍ണവും എണ്ണയും
ആഗോള വിപണിയില്‍ തിങ്കളാഴ്ച സ്വർണ വില ഉയർന്നു, സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.6 ശതമാനം ഉയർച്ചയോടെ 1,971.27 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.5 ശതമാനം ഉയർന്ന് 1,971.10 ഡോളറിലെത്തി.
എണ്ണവില തിങ്കളാഴ്ച മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു, ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയതിന്‍റെയും ആവശ്യകത ഉയരുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്.
ഒക്ടോബർ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.02 ഡോളർ അഥവാ 1.2 ശതമാനം ഉയർന്ന് ബാരലിന് 85.43 ഡോളറിലെത്തി.യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 1.22 ഡോളർ അഥവാ 1.5 ശതമാനം ഉയർന്ന് ബാരലിന് 81.80 ഡോളറായി.
