പ്രധാന പണപ്പെരുപ്പ ഡാറ്റകള്‍ വരുന്നു; വിപണികളിലെ ഇന്നത്തെ പ്രതീക്ഷ

  • ഗിഫ്റ്റ്സിറ്റിയില്‍ നഷ്ടത്തോടെ തുടക്കം
  • ആര്‍ബിഐ ധനനയ യോഗം ഇന്ന് തുടങ്ങും
  • ചൈനയുടെ വ്യാപാര കണക്കുകള്‍ ഇന്ന്

Update: 2023-08-08 02:12 GMT

തുടര്‍ച്ചയായ രണ്ടാം സെഷനിലും ആഭ്യന്തര ഓഹരി വിപണികള്‍ നേട്ടത്തില്‍ നിലയുറപ്പിക്കുന്നതാണ് ഇന്നലെ കണ്ടത്. വാരാന്ത്യത്തില്‍ പുറത്തുവന്ന ആദ്യപാദ ഫലങ്ങളും യുഎസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നതിന് മുന്നോടിയായി ആഗോള വിപണികളില്‍ പ്രകടമായ പോസിറ്റിവ് പ്രവണതയും നിക്ഷേപകരെ സ്വാധീനിച്ചു. ഏഷ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായ തലത്തിലായിരുന്നു. 

റിസര്‍വ് ബാങ്കിന്‍റെ ധനനയ അവലോകന യോഗം ഇന്ന് ആരംഭിക്കുകയാണ്. ഇതു സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും നിക്ഷേപകരെ സ്വാധീനിക്കും. അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും പലിശ നിരക്ക് ഏറ്റവുമധികം ബാധിക്കുന്ന മേഖലകളിലെ ഓഹരികളില്‍ നിക്ഷേപകരുടെ ജാഗ്രത പ്രകടമായേക്കാം. 

ഇന്ന് ഏഷ്യന്‍ വിപണികളിലെ തുടക്കം

ഏഷ്യന്‍ വിപണികളില്‍ ഇന്ന് പൊതുവ സമ്മിശ്ര തലത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, നിക്കെയ് 225, തായ്വാന്‍ എന്നീ വിപണികള്‍ നേട്ടത്തിലാണ്. ഹോംഗ്കോംഗ് , ഷാങ്ഹായ് വിപണികള്‍ നഷ്ടത്തിലാണ് തുടങ്ങിയിട്ടുള്ളത്. തായ്വാന്‍ വിപണി പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി. 

വ്യാപാര മിച്ചവും പണപ്പെരുപ്പവും സംബന്ധിച്ച കണക്കുകള്‍ യഥാക്രമം ഇന്നും നാളെയുമായി ചൈന പുറത്തുവിടുന്നുണ്ട്. ജപ്പാനിലെ കുടുംബങ്ങളുടെ ചെലവിടല്‍ തുടര്‍ച്ചയായ നാലാം മാസവും ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇവയെല്ലാം ഇന്ന് ഏഷ്യന്‍ വിപണികളിലെ ചലനങ്ങളില്‍ സ്വാധീനം ചെലുത്താം 

യുഎസ് വിപണികളായ ഡൗ ജോണ്‍സ്, നാസ്‍ഡാഖ് , എസ് & പി 500  എന്നിവ മികച്ച നേട്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് ഇടിവ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയാണ് യുഎസ് നിക്ഷേപകര്‍ക്കുള്ളത്. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായ തലത്തിലായിരുന്നു. നേരിയ നേട്ടവും നേരിയ നഷ്ടവും മാത്രമാണ് പ്രധാന വിപണികളില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഉള്ളത്.

ഗിഫ്റ്റ് സിറ്റിയില്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ഓഹരി വിപണികളുടെയും തുടക്കം ഇടിവ് രേഖപ്പെടുത്തിക്കൊണ്ടാകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

എഫ്എംസിജി കമ്പനിയായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സിന്‍റെ  ആദ്യപാദത്തിലെ ഏകീകൃത ലാഭം 7.6 ശതമാനം ഇടിവോടെ 318.8 കോടി രൂപയിലെത്തി. റെയ്മണ്ട് കൺസ്യൂമർ കെയര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും മറ്റു പുനഃക്രമീകരണങ്ങളുമായി ബന്ധപ്പെട്ടും ഉണ്ടായ 81.78 കോടി രൂപയുടെ നഷ്ടമാണ് ലാഭം കുറയാന്‍ ഇടയാക്കിയത്. 

ടൊറന്‍റ് ഫാർമസ്യൂട്ടിക്കല്‍സിന്‍റെ ഏകീകൃത ലാഭം ആദ്യപാദത്തില്‍ 6.8 ശതമാനം വർധിച്ച് 378 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനം 10.4 ശതമാനം വർധിച്ച് 2,591 കോടി രൂപയായി. ഇന്ത്യൻ ബിസിനസ് 15 ശതമാനം ഉയർന്നപ്പോള്‍ യുഎസ് ബിസിനസ്സ് 2 ശതമാനം ഇടിഞ്ഞു. 

പോളിസി ബസാറിന്‍റെ മാതൃകമ്പനിയായ പിബി ഫിന്‍ടെകിന്‍റെ നഷ്ടം 94 ശതമാനം കുറഞ്ഞ് ആദ്യ പാദത്തില്‍ 12 കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്. വരുമാനത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. ആദ്യമായ ലാഭം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ തങ്ങളുടെ പ്ലാറ്റ്‍ഫോമിലെ എല്ലാ ഓര്‍ഡറുകള്‍ക്കും 2 രൂപ ഫീസ് ഏര്‍പ്പെടുത്തിന് സൊമാറ്റോ തയാറെടുക്കുകയാണ്. ചില ഉപഭോക്താക്കളിലും വിപണികളിലും ഇത് നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.  

ടാറ്റ കെമിക്കൽസിന്‍റെ ഏകീകൃത ലാഭം  11.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.  പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5.6 ശതമാനം വർധിച്ചെങ്കിലും കുറഞ്ഞ പ്രവർത്തന മാർജിന്‍ ഇടിവിന് കാരണമായി. ഗ്ലാന്‍ഡ് ഫാര്‍മ 15 ശതമാനം ഇടിവ് ലാഭത്തില്‍ രേഖപ്പെടുത്തി.  പ്രവർത്തന മാർജിനിൽ ഗണ്യമായ ഇടിവുണ്ടായി. അതേസമയം വരുമാനം 41 ശതമാനം വർധിച്ചിട്ടുണ്ട്. ആഗോള ബിസിനസിലെ വളര്‍ച്ചയാണ് ഇതിലെ പ്രധാന ഘടകം.

ഇന്ന് വരുന്ന റിസള്‍ട്ടുകള്‍

കോൾ ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ്, ഓയിൽ ഇന്ത്യ, സീമെൻസ്, 63 മൂൺസ് ടെക്നോളജീസ്, ആരതി ഇൻഡസ്ട്രീസ്, ഇഐഎച്ച്, ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസ്, ഹിക്കൽ, ഐഡിയഫോർജ് ടെക്നോളജി, ഇർക്കോൺ ഇന്റർനാഷണൽ, ഫീനിക്സ് മിൽസ്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്ട്സ്, സുഷാൻഡു പ്രൊജക്ടുകൾ , ടാൽബ്രോസ് എഞ്ചിനീയറിംഗ്, തിലക്നഗർ ഇൻഡസ്ട്രീസ്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്, വിൻഡ്‌ലാസ് ബയോടെക് തുടങ്ങിയ കമ്പനികളുടെ ആദ്യപാദ വരുമാന ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിലും സ്വര്‍ണവും

സൗദി അറേബ്യയും റഷ്യയും ഉൽപ്പാദനം വെട്ടിക്കുറച്ചതിനെത്തുടർന്ന് വിതരണത്തെക്കുറിച്ച് ഉയര്‍ന്ന ആശങ്കകൾ ക്രൂഡ് ഓയിൽ വിലവര്‍ധനയ്ക്ക് ഇടയാക്കി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.27% ഉയർന്ന് 85.57 ഡോളറിലെത്തി, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 0.34% ഉയർന്ന് ബാരലിന് 82.22 ഡോളറിലെത്തി.

തിങ്കളാഴ്ച സ്വർണവില പിന്നോട്ട് പോയി. 09:56 am EDT (1356 GMT) ആയപ്പോഴേക്കും സ്‌പോട്ട് ഗോൾഡ് 0.3% കുറഞ്ഞ് ഔൺസിന് 1,935.39 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.3% കുറഞ്ഞ് $1,970.60 ആയി.

വിദേശ ഫണ്ടിന്‍റെ വരവ്

വിദേശ നിക്ഷേപക സ്ഥാപന (എഫ്‌ഐഐ) 1,892.77 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,080.80 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 66.39 കോടി രൂപയുടെ അറ്റ നിക്ഷേപം ഇന്നലെ ഇക്വിറ്റികളില്‍ നടത്തി. ഡെറ്റ് വിപണിയില്‍ 400.44 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്‍പിഐകളില്‍ നിന്ന് ഉണ്ടായത്. 

Tags:    

Similar News