ധനനയം 10 മണിയോടെ , ഏഷ്യന്‍ വിപണികളില്‍ അനിശ്ചിതത്വം; വിപണി തുറക്കുമ്പോള്‍ അറിയേണ്ടത്
- ഗിഫ്റ്റ് സിറ്റിയിലെ വ്യാപാരം ഇടിവില്‍ തുടങ്ങി
- എഫ്‍ഐഐകള്‍ ഇന്നലെ വാങ്ങലിലേക്ക് തിരിഞ്ഞു
- യുഎസ് പണപ്പെരുപ്പ ഡാറ്റ നാളെ
റിസര്‍വ് ബാങ്ക് അടുത്ത രണ്ട് മാസത്തേക്കുള്ള ധനനയം ഇന്ന് രാവിലെ 10 മണിയോടെ പ്രഖ്യാപിക്കും. അടിസ്ഥാന പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരില്‍ ഭൂരിഭാഗവും വിലയിരുത്തിയിട്ടുള്ളത്. എങ്കിലും പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ കാഴ്ചപ്പാട് എന്താണ് എന്നത് വിപണികളില്‍ സ്വാധീനം ചെലുത്തും. ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, റിയൽ എസ്റ്റേറ്റ്, ഓട്ടോ മേഖലകൾ എന്നീ മേഖലകളിലെ ഓഹരികള്‍ അതുകൊണ്ട് തന്നെ ഇന്ന് ശ്രദ്ധ നേടുന്നുണ്ട്.
രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഉപഭോഗം ഇടിവ് രേഖപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. യുഎസ് പണപ്പെരുപ്പം സംബന്ധിച്ച ഡാറ്റയും നാളെ എത്തും. ചൈന ജൂലൈയില്‍ പണച്ചുരുക്കത്തിലേക്ക് നീങ്ങിയെന്ന വാര്‍ത്ത ഇന്നലെ ഏഷ്യന്‍ വിപണികളിലെ നിക്ഷേപക വികാരത്തെ തളര്‍ത്തിയിരുന്നു. കോര്‍പ്പറേറ്റ് വരുമാന ഫലങ്ങളുടെ വിശകലനങ്ങള്‍ മേഖലകള്‍ തിരിച്ചുള്ള വില്‍പ്പനകളിലേക്കും വാങ്ങലുകളിലേക്കും നിക്ഷേപകരെ നയിക്കുന്നുണ്ട്.
ഏഷ്യന്‍ വിപണികളുടെ തുടക്കം
ഇന്ന് ഏഷ്യന്‍ വിപണികള്‍ സമ്മിശ്രമായ തലത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ഹോംഗ്കോംഗ്, ഷാങ്ഹായ്, തായ്വാന്‍ വിപണികള്‍ നഷ്ടത്തില്‍ തുടങ്ങിയപ്പോള്‍ ഓസ്ട്രേലിയ, ടോക്കിയോ വിപണികള്‍ നേട്ടത്തില്‍ തുടങ്ങി. വിപണികളില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഷാങ്ഹായ് വിപണി പിന്നീട് നേട്ടത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.
യുഎസ് വിപണികളായ ഡൌ ജോണ്‍സ്, നാസ്‍ഡാഖ് , എസ്‍& പി 500 എന്നിവ ബുധനാഴ്ച ഗണ്യമായ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ പൊതുവേ നേട്ടത്തിലായിരുന്നു.
ഗിഫ്റ്റ് സിറ്റിയില്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ആഭ്യന്തര ഓഹരി വിപണികളുടെ തുടക്കം ഇടിവില്‍ ആയിരിക്കുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
തുടർ പ്രവർത്തനങ്ങളിൽ നിന്നുള്ള ലാഭം ആദ്യ പാദത്തില്‍ 97 ശതമാനം ഇടിഞ്ഞ് 3.87 കോടി രൂപയായെന്നാണ് സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രവർത്തന വരുമാനം 7.6 ശതമാനം വർധിച്ച് 1,984 കോടി രൂപയായി.
മരുന്ന് നിർമ്മാതാക്കളായ അബോട്ട് ഇന്ത്യ ലിമിറ്റഡ് ആദ്യ പാദത്തിലെ അറ്റാദായത്തിൽ 41.2 ശതമാനം വർധനയോടെ 290 കോടി രൂപയിലെത്തി. അവലോകന കാലയളവിലെ മൊത്തം വരുമാനം 1,479 കോടി രൂപയായിരുന്നു, മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 1,304.1 കോടി രൂപയിൽ നിന്ന് 13.4 ശതമാനം വർധിച്ചു. ടാറ്റ പവർ കമ്പനി 972.5 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി, 22.4 ശതമാനം ഉയർച്ചയാണിത്. വരുമാനം 5 ശതമാനം വർധിച്ച് 15,213.3 കോടി രൂപയായി.
അഗ്രോ-കെമിക്കൽസ് നിർമ്മാതാക്കളായ പിഐ ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ അറ്റാദായം 46.2 ശതമാനം വർധിച്ച് 382.9 കോടി രൂപയായി. മൊത്തം വരുമാനം 1,910.4 കോടി രൂപയായി, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 1,543 കോടി രൂപയിൽ നിന്ന് 23.8 ശതമാനം വർധിച്ചു.ബോംബേ സ്റ്റേക്ക് എക്സ്ചേഞ്ച് 442.66 കോടി രൂപയുടെ ഏകീകൃത ലാഭം രേഖപ്പെടുത്തി, മുൻവർഷം ആദ്യപാദത്തിലെ 44 കോടി രൂപയെ അപേക്ഷിച്ച് 10 മടങ്ങ് വർധന.
പാദരക്ഷകളുടെ കമ്പനിയായ ബാറ്റ ഇന്ത്യ 106.9 കോടി രൂപയുടെ ഏകീകൃത ലാഭം റിപ്പോർട്ട് ചെയ്തു, മുൻവർഷത്തെ അപേക്ഷിച്ച് 10.5 ശതമാനം ഇടിവ്. പ്രവർത്തന വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 1.6 ശതമാനം വർധിച്ച് 958.15 കോടി രൂപയായി. പൊതുമേഖലാ കമ്പനിയായ ഐആര്‍സിടിസി-യുടെ ലാഭം 231 കോടി രൂപയായി, 7 ശതമാനം ഇടിവ്. പ്രവർത്തന വരുമാനം 17.5 ശതമാനം ഉയർന്ന് 1,001.8 കോടി രൂപയായി.
മുന്‍ഗണനാ ഓഹരികളിലൂടെ മാക്‌സ് ലൈഫിൽ 1,612 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്താന്‍ ആക്‌സിസ് ബാങ്കിന് ബോർഡ് അനുമതി ലഭിച്ചു. ഈ മൂലധന സമാഹരണത്തോടെ, മാക്സ് ലൈഫിലെ ആക്സിസ് ബാങ്കിന്റെ നേരിട്ടുള്ള ഓഹരി 16.22 ശതമാനമായും ആക്സിസ് എന്റിറ്റികളുടെ കൂട്ടായ ഓഹരി 19.02 ശതമാനമായും ഉയരും.
വിദേശ ഫണ്ടുകളുടെ വരവ്
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) കഴിഞ്ഞ 10 സെഷനുകള്‍ക്കിടെ ആദ്യമായി ഇന്ത്യൻ ഇക്വിറ്റികളിലെ പണ വിഭാഗത്തില്‍ വാങ്ങലിലേക്ക് നീങ്ങി ഇന്നലെ 644.11 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 597.88 കോടി രൂപയുടെ ഓഹരികൾ വിറ്റുവെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള താൽക്കാലിക ഡാറ്റ കാണിക്കുന്നു.
വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 67.81 കോടി രൂപയുടെ അറ്റ വാങ്ങല്‍ ഇക്വിറ്റികളില്‍ ഇന്നലെ നടത്തി. ഡെറ്റ് വിപണിയില്‍ 26.63 കോടി രൂപയുടെ വാങ്ങലാണ് എഫ്‍പിഐ-കള്‍ നടത്തിയത്.
ക്രൂഡ് ഓയിലും സ്വര്‍ണവും
സൗദിയുടെയും റഷ്യയുടെയും ഉൽപ്പാദനം വെട്ടിച്ചുരുക്കല്‍ മൂലം ബ്രെന്റ് ക്രൂഡ് ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന വില ബുധനാഴ്ച രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് വില 1.00 ഡോളർ അഥവാ 1.2 ശതമാനം ഉയർന്ന് 87.24 ഡോളറിലെത്തി, ഇത് ഏപ്രിൽ 13 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) ക്രൂഡ് 80 സെൻറ് അഥവാ 1.0 ശതമാനം ഉയർന്ന് 83.72 ഡോളറിലെത്തി. യുഎസ് ബെഞ്ച്മാർക്ക് 84.11 ഡോളറിലെത്തി, 2022 നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
യുഎസ് പണപ്പെരുപ്പ ഡാറ്റ വരുന്നതിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാല്‍ ബുധനാഴ്ച സ്വർണവില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,924.39 ഡോളറായിരുന്നു, നേരത്തെ വ്യാപാര സെഷനിൽ ജൂലൈ 10 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വര്‍ണം താഴ്ന്നിരുന്നു.
