രാജ്യത്തെ ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വളരേ നേരിയ നഷ്ടത്തില്‍. ദൃഢമായ ആഗോള വിപണി പ്രവണതകളുടെയും ഐടി ഓഹരികളിലെ വാങ്ങലുകളുടെയും ഫലമായ നേട്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഇടിവിലേക്ക് നീങ്ങുകയായിരുന്നു. ചാഞ്ചാട്ടം തുടര്‍ന്ന് വിപണി പിന്നീട് ഇടിവില്‍ നിന്നും വലിയ അളവില്‍ കരകയറി.
30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 68.36 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 66,459.31ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 20.25 പോയിന്റ് അഥവാ 0.10 ശതമാനം ഇടിഞ്ഞ് 19,733.55ൽ എത്തി.
സെൻസെക്സ് പാക്കിൽ എൻടിപിസി, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. ഐടിസി, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, മാരുതി, ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ് നഷ്ടത്തില്‍.
ഏഷ്യന്‍ വിപണികള്‍ പൊതുവേ ഇന്ന് സമ്മിശ്ര തലത്തിലായിരുന്നു. ഷാങ്ഹായ്, ഹോംഗ്കോംഗ് വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഓസ്ട്രേലിയ, ജപ്പാന്‍, തായ്വാന്‍ വിപണികള്‍ നേട്ടത്തിലാണ്.
ഇന്നലെ സെൻസെക്‌സ് 347.95 പോയിന്റ് അഥവാ 0.53 ശതമാനം ഉയര്‍ന്ന് 66,508.15ല്‍ എത്തി. എൻഎസ്ഇ നിഫ്റ്റി 94.85 പോയിന്റ് അഥവാ 0.48 ശതമാനം വളര്‍ച്ചയോടെ 19,740.90ൽ എത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) 701.17 കോടി രൂപയുടെ ഓഹരികൾ ഇന്നലെ വിറ്റു, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 2,488.07 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.
1252.35 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) ഇന്നലെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നടത്തിയിട്ടുള്ളത്. 385.65 കോടി രൂപയുടെ അറ്റ നിക്ഷേപം ഡെറ്റുകളിലും എഫ്‍പിഐകള്‍ നടത്തി.
