അരവിന്ദ് ഷിപ്പിംഗ് 77% പ്രീമിയത്തോടെ ലിസ്റ്റിംഗ്
- ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയർ ഇഷ്യൂ ആരംഭിച്ചു
- 50 കമ്പനികളുടെ പാദഫലം ഇന്ന്
അരവിന്ദ് ആൻഡ് ഷിപ്പിംഗ് കമ്പനി ഓഹരികൾ 77 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്ന 45 രൂപയേക്കാള്‍ 35 രൂപ മെച്ചപ്പെട്ട് 80 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യു വഴി 14.74 കോടി രൂപ കമ്പനി സ്വരൂപിച്ചു. ഇഷ്യൂ തുക കമ്പനിയുടെ മൂലധനച്ചെലവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
1987 സെപ്റ്റംബറിൽ സ്ഥാപിതമായ കമ്പനി കാർഗോ ബാർജുകൾ, ഫ്ലാറ്റ് ടോപ്പ് ബാർജുകൾ, ക്രെയിൻ മൗണ്ടഡ് ബാർജുകൾ, ഹോപ്പർ ബാർജുകൾ, സ്പഡ് ബാർജുകൾ, കാർഗോയ്ക്കുള്ള ടഗ്ഗുകൾ തുടങ്ങിയ കപ്പൽ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ മേഖലയിലാണ് പ്രവർത്തിക്കുന്നത്. മറൈൻ വെസലുകളുമായും അനുബന്ധ ഉപകരണങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങളും നല്കുന്നു. നിരവധി മൾട്ടിനാഷണൽ കമ്പനികള്‍ക്ക് അരവിന്ദ് ആൻഡ് ഷിപ്പിംഗ് കമ്പനി ഉപകരണങ്ങള്‍ നല്‍കുന്നുണ്ട്.
ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയർ
ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റ്, എപിഐ എന്നിവയുടെ വികസനം, ഉത്പാദനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്ലൂ ജെറ്റ് ഹെല്‍ത്ത്കെയറിന്റെ കന്നി പബ്ളിക് ഇഷ്യു ഒക്ടോബര്‍ 25-ന് ആരംഭിച്ച് 27-ന് അവസാനിക്കും. ഇഷ്യു വഴി 840 കോടി രൂപയോളം സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതിനായി രണ്ടു രൂപ മുഖവിലയുള്ള 2.5 കോടിയോളം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ നടത്തും. ഓഹരി പ്രൈസ് ബാന്‍ഡ് 325-346 രൂപയാണ്. റീട്ടെയില്‍ വിഭാഗത്തില്‍ 35 ശതമാനം ഓഹരികള്‍ മാറ്റി വച്ചിട്ടുണ്ട്.
പാദ ഫലങ്ങൾ
ഏകദേശം 50 കമ്പനികൾ അവരുടെ സെപ്റ്റംബർ പാദ ഫലങ്ങൾ ഒക്ടോബർ 25 -ന് പ്രസിദ്ധീകരിക്കും. ടെക് മഹീന്ദ്ര , ആക്സിസ് ബാങ്ക് , ജൂബിലന്റ് ഫുഡ് വർക്ക്സ് , വെൽസ്പൺ ഇന്ത്യ ലിമിറ്റഡ്, നെറ്റ്‌വർക്ക് 18 മീഡിയ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് , ഇൻഡസ് ടവേഴ്‌സ് തുടങ്ങിയ പ്രമുഖ കമ്പനികളിലാണ് നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
