ഏഷ്യൻ വിപണികളിൽ മുന്നേറ്റം, ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തിൽ, ഇന്ത്യൻ സൂചികകൾ ഉയർന്നേക്കും
- യുഎസ് ഓഹരി വിപണി സമ്മിശ്രമായി അവസാനിച്ചു
- ട്രംപിന്റെ നികുതി, ചെലവ് ബിൽ പ്രതിനിധി സഭ പാസാക്കി
- ജപ്പാന്റെ ഉപഭോക്തൃ പണപ്പെരുപ്പം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
.
ആഗോള വിപണികളിൽ നിന്നുള്ള പോസിറ്റീവ് സൂചനകളെ തുടർന്ന് ആഭ്യന്തര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച ഉയർന്ന നിലയിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി നേട്ടത്തോടെ തുറന്നു. ഏഷ്യൻ വിപണികൾ കൂടുതലും ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. യുഎസ് പ്രതിനിധി സഭ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി ബിൽ ഒരു വോട്ടിന് പാസാക്കിയതിനെത്തുടർന്ന് യുഎസ് ഓഹരി വിപണി സമ്മിശ്രമായി അവസാനിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 24,690 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 38 പോയിന്റിന്റെ പ്രീമിയം. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് നേരിയ പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ കൂടുതലും ഉയർന്ന നിലയിൽ വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 0.48% നേട്ടമുണ്ടാക്കിയപ്പോൾ ടോപ്പിക്സ് 0.5% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്പി 0.36% നേട്ടമുണ്ടാക്കി. സ്മോൾ ക്യാപ് കോസ്ഡാക്ക് 0.34% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി, ചെലവ് ബിൽ പ്രതിനിധി സഭ പാസാക്കിയതിനെത്തുടർന്ന് വ്യാഴാഴ്ച യുഎസ് ഓഹരി വിപണി അസ്ഥിരമായി അവസാനിച്ചു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 1.35 പോയിന്റ് കുറഞ്ഞ് 41,859.09 ലെത്തി. എസ് ആൻറ് പി 2.60 പോയിന്റ് അഥവാ 0.04% ഇടിഞ്ഞ് 5,842.01 ലെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 53.09 പോയിന്റ് അഥവാ 0.28% ഉയർന്ന് 18,925.74 ൽ ക്ലോസ് ചെയ്തു.
എൻവിഡിയ ഓഹരി വില 0.78%, ആമസോൺ ഓഹരികൾ 0.98%, ടെസ്‌ല ഓഹരി വില 1.92% ഉയർന്നു. ആൽഫബെറ്റ് ഓഹരി വില 1.3% വർദ്ധിച്ചപ്പോൾ ആപ്പിൾ ഓഹരികൾ 0.36% കുറഞ്ഞു. സ്നോഫ്ലേക്ക് ഓഹരി വില 13.47% ഉയർന്നു. അനലോഗ് ഡിവൈസസ് ഓഹരികൾ 4.6% ഇടിഞ്ഞു. ഫസ്റ്റ് സോളാർ ഓഹരികൾ 4.3% ഇടിഞ്ഞു.
ഇന്ത്യൻ വിപണി
ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 645 പോയിന്റ് അഥവാ 0.79 ശതമാനം ഇടിഞ്ഞ് 80,951.99 ലും നിഫ്റ്റി 204 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 24,609.70 ലും ക്ലോസ് ചെയ്തു. സെൻസെക്സ് കമ്പനികളിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി എന്നിവയാണ് ഏറ്റവും പിന്നിലായത്. ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, അൾട്രാടെക് സിമന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. സെക്ടര്‍ സൂചികയിൽ നിഫ്റ്റി നിഫ്റ്റി ഐടിയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സൂചിക 1.11 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33 ശതമാനം ഇടിഞ്ഞെങ്കിലും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.17 ശതമാനം ഉയർന്നു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,708, 24,773, 24,878
പിന്തുണ: 24,498, 24,433, 24,328
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 54,998, 55,097, 55,258
പിന്തുണ: 54,678, 54,579, 54,419
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മെയ് 22 ന് മുൻ സെഷനിലെ 0.81 ൽ നിന്ന് 0.94 ആയി വർദ്ധിച്ചു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, മൂന്ന് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം 1.65 ശതമാനം ഇടിഞ്ഞ് 17.26 ആയി.
സ്വർണ്ണ വില
സ്‌പോട്ട് സ്വർണ്ണ വില 0.2% ഉയർന്ന് ഔൺസിന് 3,299.79 ഡോളറിലെത്തി. ഈ ആഴ്ച ഇതുവരെ ബുള്ളിയൻ ഏകദേശം 3% ഉയർന്ന് ഏപ്രിൽ ആദ്യം മുതലുള്ള ഏറ്റവും മികച്ച പ്രതിവാര പ്രകടനത്തിന്റെ പാതയിലാണ്. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2% ഉയർന്ന് 3,299.60 ഡോളറിലെത്തി.
എണ്ണ വില
അസംസ്കൃത എണ്ണ വില മൂന്ന് ആഴ്ചകളിലെ ആദ്യത്തെ ഇടിവിലേക്ക് നീങ്ങി. ഒപെക്കിന്റെ മറ്റൊരു ബമ്പർ ഉൽപാദന വർദ്ധനവ് ഇതിനെ ബാധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.42% കുറഞ്ഞ് ബാരലിന് 64.17 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ 0.52% കുറഞ്ഞ് 60.88 ഡോളറിലെത്തി.
ജപ്പാൻ പണപ്പെരുപ്പം
ഏപ്രിലിൽ ജപ്പാന്റെ ഉപഭോക്തൃ പണപ്പെരുപ്പം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഉപഭോക്തൃ വില സൂചിക (സിപിഐ) ഏപ്രിലിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 3.5% ഉയർന്നു. ഇത് 3.4% നേട്ടമെന്നുള്ള വിപണി പ്രവചനങ്ങളെ മറികടന്നു.
സെൻസെക്സ് മാറ്റം
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ട്രെന്റും സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സും 30 ഓഹരികളുള്ള സെൻസെക്സിൽ നെസ്‌ലെ ഇന്ത്യയെയും ഇൻഡസ്ഇൻഡ് ബാങ്കിനെയും മാറ്റിസ്ഥാപിക്കും. ജൂൺ 23 ന് വ്യാപാരം ആരംഭിക്കുന്ന സമയം മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് ബിഎസ്ഇ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
സൺ ഫാർമ
കമ്പനിയുടെ വരുമാനം മുൻ വർഷത്തെ 11,982.9 കോടി രൂപയിൽ നിന്ന് 8.1% വർധിച്ച് 12,958.8 കോടിയിലെത്തി. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ അറ്റാദായം 2,153.9 കോടിയായി. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിലെ 2,658.7 കോടിയിൽ നിന്ന് 19% കുറവ്.
റാംകോ സിമന്റ്സ്
തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനി 2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ (YoY) 74.5% ഇടിവ് രേഖപ്പെടുത്തി. ഇത് 31 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ, രാംകോ സിമന്റ്സ് 121.4 കോടി അറ്റാദായം നേടിയിരുന്നു.
ഹിന്ദുസ്ഥാൻ കോപ്പർ
മെയ് 27 ന് നടക്കാനിരിക്കുന്ന ബോർഡ് മീറ്റിംഗിൽ നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകൾ (എൻസിഡി) അല്ലെങ്കിൽ സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 500 കോടി രൂപ സമാഹരിക്കുന്നത് പരിഗണിക്കുമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.
കോൺകോർ
2025 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 1.6% കുറഞ്ഞ് 298.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 303.3 കോടിയായിരുന്നു.
വീഡോൾ കോർപ്പ്
ആൻഡ്രൂ യൂൾ ആൻഡ് കമ്പനി ലിമിറ്റഡ്, വീഡോൾ കോർപ്പറേഷനിലെ തങ്ങളുടെ ഓഹരിയുടെ 2% വരെ ഓഫർ ഫോർ സെയിൽ (OFS) വഴി വിൽക്കാൻ ഒരുങ്ങുന്നു, ഇത് 3.48 ലക്ഷം ഓഹരികളാണ്. മെയ് 23 ന് റീട്ടെയിൽ ഇതര നിക്ഷേപകർക്കായി ഓഫർ ഫോർ സെയിൽ തുറക്കും. റീട്ടെയിൽ നിക്ഷേപകർക്ക് മെയ് 26 ന് പങ്കെടുക്കാം. അടിസ്ഥാന വില ഒരു ഷെയറിന് 1,566 രൂപ ആയി നിശ്ചയിച്ചിട്ടുണ്ട്.
