ഏഷ്യന്‍ വിപണികളില്‍ നേട്ടം, സുസ്ഥിര തിരിച്ചുവരവ് വൈകുമെന്ന് വിദഗ്ധര്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • ക്രൂഡ് ഓയില്‍ വില 90 ഡോളറിന് താഴെ
  • ഗിഫ്റ്റി നിഫ്റ്റിയിലെ തുടക്കം നേട്ടത്തോടെ

Update: 2023-10-27 02:27 GMT

തുടര്‍ച്ചയായ ആറാം ദിനത്തിലും ഇടിവ് തുടര്‍ന്നുകൊണ്ടാണ് ആഭ്യന്തര വിപണി സൂചികകള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്റ്റി 264.90 പോയിന്റ് അഥവാ 1.39 ശതമാനം ഇടിഞ്ഞ് 18,857.25 ലെത്തി. ബിഎസ്ഇ  സെൻസെക്‌സ് 1.41 ശതമാനം അഥവാ 900.91 പോയിന്റ് ഇടിഞ്ഞ് 63,148.15 ലെത്തി. നിക്ഷേപകരുടെ മനോനിലയും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍, അടുത്ത ദിവസങ്ങളില്‍ സ്ഥിരതയുള്ള ഒരു തിരിച്ചുവരവ് ഉണ്ടാകാനിടയില്ല എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 

യുഎസില്‍ നിന്നുള്ള ആവശ്യകത പരിമിതമായേക്കും എന്ന വിലയിരുത്തലില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 90 ഡോളറിന് താഴേക്ക് ഇറങ്ങിയിട്ടുണ്ട്. ഇത് വിപണികള്‍ക്ക് ആശ്വാസമായേക്കും. ഉയര്‍ന്നു നില്‍ക്കുന്ന യുഎസ് ട്രഷറി ആദായവും ഇസ്രയേല്‍-പലസ്തീന്‍ യുദ്ധ സാഹചര്യവും വെല്ലുവിളികളായി തുടരുകയാണ്.

നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും

നിഫ്റ്റിക്ക് 18,834-ലും തുടർന്ന് 18,786-ലും 18,708-ലും സപ്പോര്‍ട്ട് ലഭിച്ചേക്കാം എന്നാണ് വിലയിരുത്തുന്നത്. ഉയർച്ചയുടെ സാഹര്യത്തില്‍ 18,990 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,038ഉം 19,116ഉം.

ആഗോള വിപണികളില്‍ ഇന്ന് 

വ്യാഴാഴ്ച വ്യാപാരത്തില്‍ യുഎസിലെ മൂന്ന് വിപണികളും ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സമ്മിശ്രമായ കോര്‍പ്പറേറ്റ് വരുമാന പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ടെക്, ടെക് അധിഷ്ഠിത മേഖലകളിലെ ഓഹരികള്‍ കനത്ത ഇടിവ് പ്രകടമാക്കി. ഉയര്‍ന്ന പലിശ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നിലനിര്‍ത്താന്‍ ഫെഡ് റിസര്‍വ് തയാറായേക്കും എന്ന ആശങ്കയും പുതിയ സാമ്പത്തിക ഡാറ്റകള്‍ നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. 

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ്  0.76 ശതമാനവും എസ് & പി 500 1.18 ശതമാനവും നാസ്ഡാക്ക് കോമ്പോസിറ്റ് 1.76 ശതമാനവും ഇടിഞ്ഞു. 

ഏഷ്യ-പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ, ചൈന, ഹോംഗ്കോംഗ്, ജപ്പാന്‍ എന്നിവിടങ്ങളിലെ വിപണികള്‍ പച്ചയില്‍ വ്യാപാരം തുടരുന്നു. യൂറോപ്യന്‍ വിപണികള്‍ പൊതുവില്‍ ഇന്നലെ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. 

ഇന്ന് ഗിഫ്റ്റ് നിഫ്റ്റി 44.50 പോയിന്റ് അഥവാ 0.23 ശതമാനം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്. 

ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍

കോൾഗേറ്റ് പാമോലിവ്:  രണ്ടാം പാദത്തിലെ ലാഭം 22.3 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി, 340 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 6 ശതമാനം വർധിച്ച് 1,471 കോടി രൂപയായി.

ലെമൺ ട്രീ ഹോട്ടൽസ്: റെഡ് ഫോക്സ് ഹോട്ടൽസ് എന്ന ബ്രാൻഡിന് കീഴിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 50 മുറികളുള്ള പ്രോപ്പർട്ടിക്കായി കമ്പനി ലൈസൻസ് കരാർ ഒപ്പിട്ടു. 2026 സാമ്പത്തിക വർഷത്തോടെ ഹോട്ടൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കാമത്ത് ഹോട്ടൽസ്: മുംബൈയിലെ തങ്ങളുടെ ഹോട്ടല്‍ യൂണിറ്റ് 125 കോടി രൂപയ്ക്ക് ലാറ്ററൽ ഹോസ്പിറ്റാലിറ്റിക്ക് വിൽക്കാൻ കമ്പനി തീരുമാനിച്ചു.

എൻ‌എൽ‌സി ഇന്ത്യ: കൽക്കരി ഖനന കമ്പനിയുടെ രണ്ടാം പാദത്തിലെ ഏകീകൃത ലാഭം 1,085 കോടി രൂപയാണ്. 166 ശതമാനത്തിന്‍റെ വര്‍ധനയാണിത്. ഒറ്റത്തവണ വരുമാനമായി 1,278.5 കോടി ലഭിച്ചതിന്‍റെ ഫലമാണിത്.  പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.66 ശതമാനം ഇടിഞ്ഞ് 2,978 കോടി രൂപയായി.

കർണാടക ബാങ്ക്: എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്, ക്വാണ്ട് എംഎഫ്, ഭാരതി ആക്സ ലൈഫ് ഇൻഷുറൻസ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് എന്നിവയ്ക്ക് മുൻഗണനാടിസ്ഥാനത്തിൽ 800 കോടി രൂപയുടെ ഓഹരികൾ അനുവദിക്കുന്നതിന് ബോർഡ് അംഗീകാരം നൽകിയതായി ബാങ്ക് അറിയിച്ചു.

റിലയന്‍സ് ഇന്‍റസ്ട്രീസ്: റിലയന്‍സ് ഇന്‍റസ്ട്രീസിന്‍റെ പാദഫലം ഇന്ന് പുറത്തുവരും പെട്രോകെമിക്കൽസ് വിഭാഗത്തിലെ ചില ദുര്‍ബലാവസ്ഥകള്‍ മാറ്റിനിര്‍ത്തിയാല്‍, എല്ലാ വിഭാഗങ്ങളിലും ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ക്രൂഡ് ഓയിലും സ്വര്‍ണവും

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ അമേരിക്കയില്‍ ഡിമാൻഡ് കുറയുന്നതിന്റെ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെഷനിൽ ബാരലിന് 2 ഡോളറിലധികം ഇടിഞ്ഞതിന് ശേഷം എണ്ണ വില വെള്ളിയാഴ്ച ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 45 സെൻറ് അഥവാ 0.5% ഉയർന്ന് ബാരലിന് 88.38 ഡോളറിലെത്തി, യു.എസ്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ബാരലിന് 42 സെൻറ് അഥവാ 0.5% ഉയർന്ന് 83.63 ഡോളറിലെത്തി.

വ്യാഴാഴ്ച സ്വർണം അൽപ്പം ഉയർന്നു. സ്പോട്ട് ഗോൾഡ് 0.3 ശതമാനം ഉയർന്ന് ഔൺസിന് 1,986.29 ഡോളറിലെത്തി.  യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകൾ 0.1% ഉയർന്ന് 1,996.40 ഡോളര്‍ ആയി.

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്നലെ 7,702.53 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തരനിക്ഷേപക സ്ഥാപനങ്ങള്‍  6,558.45 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള  കണക്കുകൾ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം ദവിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം

Tags:    

Similar News