ആശക്കൊത്തുയരാതെ വാഹന വിപണി , ആര്‍ബിഐ എംപിസി ഇന്നു മുതല്‍ ; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്

  • യുഎസ് ഓഹരി വിപണികളില്‍ കടുത്ത ഇടിവ്
  • ഗിഫ്റ്റ് സിറ്റി ഇടിവോടെ തുടങ്ങി
  • വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച അഞ്ചു മാസത്തിലെ താഴ്ചയില്‍

Update: 2023-10-04 02:33 GMT

വാരാന്ത്യവും ഗാന്ധിജയന്തിയും കഴിഞ്ഞ് ഇന്നലെ ആഭ്യന്തര ഓഹരി വിപണികള്‍ പുതിയ വാരത്തിന് തുടക്കമിട്ടത് ചുവപ്പില്‍. വിദേശ നിക്ഷേപകരുടെ പിന്‍വലിയലിനും ആഗോള തലത്തിലെ നെഗറ്റിവ് പ്രവണതയ്ക്കും ഒപ്പം ആഭ്യന്തര തലത്തില്‍ പുറത്തുവന്ന ഡാറ്റകളും നിക്ഷേപകരുടെ വികാരത്തിന് തിരിച്ചടിയായി. ബിഎസ്‌ഇ സെൻസെക്‌സ് 316 പോയിന്റ് താഴ്ന്ന് 65,512ലും നിഫ്റ്റി 110 പോയിന്റ് താഴ്ന്ന് 19,529ലും എത്തി.

സെപ്റ്റംബറിലെ കണക്കുകള്‍

സെപ്റ്റംബറിലെ വാഹന വില്‍പ്പന സംബന്ധിച്ച് അത്ര ആശാവഹമല്ലാത്ത കണക്കുകളാണ് ഇന്നലെ പുറത്തുവന്നിട്ടുള്ളത്. മാരുതി സുസുക്കിയുടെ മൊത്തം വാഹന ഉല്‍പ്പാദനത്തില്‍ 1 ശതമാനം ഇടിവുണ്ടായി.1 .8 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ മാസം നടത്തിയത്. ഇത് അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്ന 1 .87 ലക്ഷത്തെ അപേക്ഷിച്ച് കുറവാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ട്രാക്റ്റര്‍ വില്‍പ്പനയും ബജാജ് ഓട്ടോയുടെ ടൂവീലര്‍ വില്‍പ്പനയും ഇടിവ് രേഖപ്പെടുത്തി.

സമ്മിശ്രമായ കണക്കുകള്‍ പുറത്തുവന്നതോടെ ഇന്നലെ പ്രമുഖ ഓട്ടൊമൊബൈല്‍ കമ്പനികളുടെയെല്ലാം ഓഹരികള്‍ ഇടിവിലേക്ക് നീങ്ങി. ഉല്‍സവ സീസണിന് മുന്നോടിയായി രാജ്യത്തെ ഉപഭോഗ അന്തരീക്ഷത്തെ കുറിച്ചുള്ള സൂചന കൂടിയായി നിക്ഷേപകര്‍ ഇതിനെ കണക്കാക്കുന്നു. 

സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ചയില്‍ നേരിയ ഇടിവുണ്ടായതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് ( പിഎംഐ) സൂചിപ്പിക്കുന്നു. സെപ്റ്റംബറിലെ പിഎംഐ 57.5 പോയിന്റായി കുറഞ്ഞു. ഓഗസ്റ്റിലിത് 58.6 പോയിന്റായിരുന്നു. അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന പിഎംഐ പോയിന്റാണിത്. എങ്കിലും പുതിയ ഓര്‍ഡറുകളും ഉല്‍പ്പാദനവും ശക്തമായ നിലയില്‍ തന്നെ തുടരുകയാണ്. 

ആര്‍ബിഐ യോഗം ഇന്ന് മുതല്‍

റിസര്‍വ് ബാങ്കിന്‍റെ  മൂന്നു ദിവസത്തെ ധനനയ സമിതി യോഗം ഇന്ന് ആരംഭിക്കുകയാണ്. അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെങ്കിലും രാജ്യത്തെ സാമ്പത്തിക അന്തരീക്ഷം സംബന്ധിച്ച കേന്ദ്ര ബാങ്കിന്‍റെ വീക്ഷണം നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്.

പണപ്പെരുപ്പം ജൂലൈയിലും ഓഗസ്റ്റിലും ആര്‍ബിഐ-യുടെ സഹനപരിധിയായ 6 ശതമാനത്തിന് മുകളില്‍ ആയിരുന്നതിനാല്‍ ഉയര്‍ന്ന പലിശ നിരക്കുകളില്‍ വെട്ടിക്കുറയ്ക്കലുകള്‍ നടത്തുന്നത് വൈകിയേക്കും. സെപ്റ്റംബറിലെ വിലക്കയറ്റ തോത് സംബന്ധിച്ച കണക്കുകള്‍ അടുത്തയാഴ്ച പുറത്തുവരാനിരിക്കുകയാണ്. 

ആഗോള വിപണികളില്‍ ഇന്ന്

ഏഷ്യന്‍ വിപണികള്‍ ഇന്ന് പൊതുവില്‍ ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയയുടെ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് തുടങ്ങിയ വിപണികളെല്ലാം ഇടിവിലാണ്. അതേസമയം ചൈനയുടെ ഷാങ്ഹായ് വിപണിയില്‍ പോസിറ്റിവ് ട്രെന്‍ഡാണ് പ്രകടമാകുന്നത്. 

യുഎസ് വിപണികള്‍ ഇന്നലെ കടുത്ത ഇടിവാണ് നേരിട്ടത്. 2023ലെ മൊത്തം കണക്കില്‍ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജിനെ നെഗറ്റീവ് മേഖലയിലേക്ക് എത്തിക്കുന്ന തരത്തിലായിരുന്നു ഇടിവ്. ഡൗവിന് 1.3 ശതമാനം നഷ്ടം സംഭവിച്ചു, മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം സെഷനായി ഇത് മാറി. എസ് & പി 500 1.4 ശതമാനം ഇടിഞ്ഞു. നാസ്ഡാക്ക് കോമ്പോസിറ്റ് 1.9 ശതമാനം താഴ്ന്നു.

ചൊവ്വാഴ്ച രാത്രി വ്യാപാരത്തില്‍ യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടില്ല.തൊഴിൽ വിപണി ഇപ്പോഴും ശക്തമാണെന്ന് തൊഴിൽ അവസരങ്ങളുടെ ഡാറ്റ സൂചിപ്പിച്ചതിന്‍റെയും ബോണ്ട് ആദായം ഉയർന്ന നിലയിലേക്ക് നീങ്ങിയതിന്‍റെയും ഫലമാണ് വാൾസ്ട്രീറ്റിലെ ഈ നഷ്‌ട കണക്കുകള്‍. യൂറോപ്യന്‍ വിപണികളും ഇന്നലെ പൊതുവില്‍ നഷ്ടത്തിലായിരുന്നു. 

ഗിഫ്റ്റ് നിഫ്റ്റി 10-ന്റെ നഷ്ടത്തോടെ വിശാലമായ സൂചികയുടെ നേരിയ തോതിലുള്ള നെഗറ്റീവ് ആരംഭത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി ഫ്യൂച്ചറുകൾ 19,454 പോയിന്റ് ഉയർന്നതിന് ശേഷം 19,444 പോയിന്റിലേക്ക് ഇറങ്ങി.

നിഫ്റ്റിയുടെ സപ്പോര്‍ട്ടും റെസിസ്റ്റന്‍സും

പൈവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 19,489-ലും തുടർന്ന് 19,455-ലും 19,400-ലും സപ്പോര്‍ട്ട് നേടുമെന്നാണ്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,599 പെട്ടെന്നുള്ള റെസിസ്‍റ്റന്‍സ് ആകാം, തുടർന്ന് 19,633ഉം 19,687ഉം.

ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍

മാരുതി സുസുക്കി ഇന്ത്യ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിക്ക് 2019- 20 സാമ്പത്തിക വർഷത്തേക്കുള്ള ഡ്രാഫ്റ്റ് അസസ്‌മെന്റ് ഓർഡർ ലഭിച്ചു. പ്രസ്തുത ഉത്തരവിൽ, 2,159.7 കോടി രൂപയുടെ നികുതി ബാധ്യത കൂടി ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. തർക്ക പരിഹാര പാനലിന് മുമ്പാകെ കമ്പനി എതിർപ്പുകൾ ഫയൽ ചെയ്യും.

എച്ച്‌ഡിഎഫ്‌സി ബാങ്ക്: അരവിന്ദ് കപിൽ ഇനി മോർട്ട്ഗേജ് ബിസിനസിന് നേതൃത്വം നൽകും,അരവിന്ദ് വോറ റീട്ടെയിൽ അസറ്റുകളുടെ ഗ്രൂപ്പ് തലവനായി മാറും. പരാഗ് റാവുവിന് മാർക്കറ്റിംഗ്, ബാധ്യതാ ഉൽപ്പന്ന ഗ്രൂപ്പിന്റെ അധിക ചുമതല നല്‍കി. സ്മിത ഭഗതും സമ്പത്ത് കുമാറും രണ്ട് പുതിയ റീട്ടെയിൽ ബ്രാഞ്ച് ബാങ്കിംഗ് മേധാവികളായിരിക്കും. നിലവിൽ സിഐഒ ആയ രമേഷ് ലക്ഷ്മിനാരായണൻ ഐടി & ഡിജിറ്റൽ പ്രവർത്തനത്തിന് നേതൃത്വം നൽകും, അതേസമയം  രാകേഷ് സിംഗ് 'ബാങ്കിംഗ് ആസ് എ സര്‍വീസ് (BaaS)' സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകും.

അദാനി എന്റർപ്രൈസസ്: അബുദാബിയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ (ഐഎച്ച്‌സി) അനുബന്ധ സ്ഥാപനമായ ഗ്രീൻ വിറ്റാലിറ്റി ആർഎസ്‌സി, ഒക്‌ടോബർ 3 ന് പൊതുവിപണി ഇടപാടുകൾ വഴി അദാനി എന്റർപ്രൈസസിൽ പെയ്ഡ്-അപ്പ് ഇക്വിറ്റിയുടെ 0.06 ശതമാനത്തിന് തുല്യമായ 6.43 ലക്ഷം ഓഹരികൾ വാങ്ങി. ഇതോടെ കമ്പനിയിലെ ഐഎച്ച്‌സിയുടെ ഓഹരി പങ്കാളിത്തം 4.98 ശതമാനത്തിൽ നിന്ന് 5.04 ശതമാനമായി ഉയർന്നു.

അവന്യൂ സൂപ്പർമാർട്ട്‌സ്: ഡി-മാർട്ട് ഓപ്പറേറ്ററായ കമ്പനി സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ    പ്രവർത്തനങ്ങളിൽ നിന്നുള്ള സ്റ്റാൻഡ്‌ലോൺ വരുമാനം 24  12,308 കോടി രൂപയായി റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 10,385 കോടിയേക്കാൾ 18.5 ശതമാനം വർധന. 

സൗത്ത് ഇന്ത്യൻ ബാങ്ക്: സെപ്തംബറിൽ അവസാനിച്ച പാദത്തിൽ മൊത്തം വായ്പാ വിതരണം മുൻവർഷം സമാനപാദത്തിലെ  74,975 കോടി രൂപയില്‍ നിന്ന് 10.3 ശതമാനം ഉയർന്ന് 74,975 കോടി രൂപയായി. താൽക്കാലിക ഡാറ്റ പ്രകാരം കാസ 2.01 ശതമാനം വർധിച്ച് 31,162 കോടി രൂപയായി.

ഹീറോ മോട്ടോകോര്‍പ്: തങ്ങളുടെ ഹാർലി-ഡേവിഡ്‌സൺ X440 എന്ന പ്രീമിയം മോട്ടോർസൈക്കിളിന്റെ ഡെലിവറി ഒക്ടോബർ 15-ന് കമ്പനി ആരംഭിക്കും. ഹീറോ മോട്ടോകോര്‍പ് ആദ്യമായി പങ്കാളിത്തത്തിലൂടെ വികസിപ്പിച്ചെടുത്ത മോഡലാണിത്. 

ക്രൂഡ് ഓയിലും സ്വര്‍ണവും

ചൊവ്വാഴ്ച എണ്ണവില മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ബാരലിന് 10 സെൻറ് കുറഞ്ഞ് 90.61 ഡോളറിലെത്തി. സെപ്‌റ്റംബർ 8 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായ 89.50 ഡോളറിലെത്തിയ ശേഷം തിരികെ കയറുകയായിരുന്നു.യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും, വിതരണം കർശനമാകുമെന്ന ആഗോള സൂചനകളും നിക്ഷേപകര്‍ കണക്കിലെടുത്തു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 37 സെൻറ് ഉയർന്ന് 89.19 ഡോളറിലെത്തി. നേരത്തെ സെഷനിൽ, വില  സെപ്റ്റംബർ 12 ന് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയായ 87.76 ഡോളറിലേക്ക് എത്തിയിരുന്നു.

ചൊവ്വാഴ്ച സ്വർണവില ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, ശക്തമായ ഡോളറും ബോണ്ട് യീൽഡും സ്വര്‍ണത്തിന്‍റെ താഴോട്ടേക്കുള്ള ആക്കം വർധിപ്പിച്ചു. സ്‌പോട്ട് ഗോൾഡ് 0.3 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,822.42 ഡോളറിലെത്തി, മാർച്ച് ആദ്യം മുതലുള്ള ഏറ്റവും താഴ്ന്ന നില. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.4 ശതമാനം ഇടിഞ്ഞ് ഔൺസിന് 1,840.00 ഡോളറിലെത്തി. 

വിദേശ നിക്ഷേപങ്ങളുടെ ഗതി

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഓഹരികളില്‍ ഇന്നലെ 2,034.14 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തി. അതേ സമയം, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ (ഡിഐഐ) 1,361.02 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്നും എൻഎസ്‌ഇ-യുടെ താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.

 വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്‍പിഐ) 2867.76 കോടി രൂപയുടെ അറ്റ വില്‍പ്പന ഇക്വിറ്റികളില്‍ നടത്തി. അതേസമയം ഡെറ്റ് വിപണിയില്‍ എഫ്‍പിഐകള്‍ 859.19 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്.

മുന്‍ദിവസങ്ങളിലെ അവലോകനം ഇവിടെ വായിക്കാം

നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.

വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം



Tags:    

Similar News