വാഹന വില്‍പ്പന, വിദേശ ഫണ്ട്, ആഗോള സൂചനകള്‍; വരും വാരത്തില്‍ ദലാല്‍ തെരുവ് കാതോര്‍ക്കുന്നത്
- ഡിസംബറില്‍ 2023ലെ ഏറ്റവും ഉയര്‍ന്ന എഫ്‍പിഐ വരവ്
- വിപണിയില്‍ കണ്‍സോളിഡേഷന്‍ ദൃശ്യമായേക്കുമെന്ന് വിദഗ്ധര്‍
- തിങ്കളാഴ്ച യുഎസ് വിപണികള്‍ക്ക് അവധി
2023ന്‍റെ അവസാനം വാരം 2 ശതമാനം നേട്ടവുമായാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ അവസാനിപ്പിച്ചത്. സെന്‍സെക്സും നിഫ്റ്റിയും പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട വാരത്തിനു ശേഷം നിക്ഷേപകരില്‍ ഒരു വിഭാഗം ലാഭമെടുക്കലിലേക്ക് നീങ്ങാനുള്ള സാധ്യത വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നു. നവംബര്‍ മുതലുള്ള തുടര്‍ച്ചയായ എട്ടുവാരങ്ങളില്‍ ഏഴിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച നേട്ടം രേഖപ്പെടുത്തി. തുടര്‍ച്ചയായ മുന്നേറ്റം വിപണികളെ 'അമിത വാങ്ങല്‍' എന്ന അവസ്ഥയിലേക്ക് എത്തിച്ചതാണ് വിലയിരുത്തല്‍.
21500 -22000 ശ്രേണിയിലുള്ള കണ്‍സോളിഡേഷന്‍ വരുന്ന വാരത്തില്‍ കാണാനായേക്കുമെന്നാണ് എസ്‍ബിഐ സെക്യൂരിറ്റീസിലെ സുദീപ് ഷാ വിലയിരുത്തുന്നത്.
ഡിസംബറിലെ വാഹന വില്‍പ്പന കണക്കുകള്‍, പിഎംഐ കണക്കുകള്‍, വിദേശ നിക്ഷേപങ്ങളുടെ വരവ്, ആഗോള സൂചനകള്‍ എന്നിവയെല്ലാമാകും പുതിയ വാരത്തില്‍ വിപണിയുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങള്‍.
വാഹന വില്‍പ്പന
ഓട്ടൊമൊബൈല്‍ കമ്പനികൾ ഡിസംബറിലെ വിൽപ്പന കണക്കുകൾ തിങ്കളാഴ്ച മുതല്‍ പുറത്തുവിടും. ഉപഭോക്തൃ ഡിമാൻഡിനെക്കുറിച്ചും വ്യവസായത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ഈ കണക്കുകള്‍ മൂല്യവത്തായ ഉൾക്കാഴ്ചകൾ നൽകും, ഇത് വാഹന മേഖലയുമായി ബന്ധപ്പെട്ട ഓഹരികളുടെ പ്രകടനത്തില്‍ പ്രത്യക്ഷമായ സ്വാധീനം ചെലുത്തും.
ഉൽസവ കാലയളവിലെ വിൽപ്പനയിൽ കമ്പനികൾ ശക്തമായ വളർച്ച രേഖപ്പെടുത്തി. ജനുവരിയില്‍ വില വര്‍ധന പ്രമുഖ കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡിസംബറിലെ വില്‍പ്പനയില്‍ ഇത് പ്രതിഫലിച്ചേക്കും.
ആഗോള സൂചനകള്‍
ആഗോള തലത്തിലെ പ്രമുഖ വിപണികള്‍ക്ക് 2024-ന്റെ ആദ്യ ദിനത്തില്‍ അവധിയായിരിക്കും. എന്നിരുന്നാലും, കാര്യമായ ആഭ്യന്തര ഘടകങ്ങളുടെ അഭാവത്തിൽ, ആഴ്‌ചയിലെ ശേഷിക്കുന്ന ദിനങ്ങള്‍ ആഭ്യന്തര ഇക്വിറ്റികൾ യുഎസ് വിപണികളില്‍ നിന്നും പ്രധാന ഏഷ്യന്‍ വിപണികളില്‍ നിന്നും സൂചനകൾ എടുക്കും.
ഡിസംബറിലെ ഫെഡ് റിസര്‍വ് യോഗത്തിന്‍റെ മിനുറ്റ്സ് ഈ വാരത്തില്‍ പുറത്തിറങ്ങും. അടുത്ത വര്‍ഷം 3 പലിശ നിരക്കിളവുകള്‍ ഉണ്ടാകുമെന്ന് ഈ യോഗത്തിലാണ് യുഎസ് കേന്ദ്രബാങ്ക് വിലയിരുത്തിയത്. അതിനാല്‍ മിനുറ്റ്സില്‍ നിന്ന് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ സ്വന്തമാക്കാന്‍ വിപണി പങ്കാളികള്‍ ശ്രമിക്കും.
ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലും ക്രൂഡ് ഓയില്‍ വിലയിലും ഉണ്ടാകുന്ന ചലനങ്ങളിലും നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇവയിലുണ്ടാകുന്ന കാര്യമായ ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപങ്ങളെ സ്വാധീനിക്കും.
വിദേശ നിക്ഷേപങ്ങള്‍
ഡിസംബറിൽ വിദേശ മൂലധന വരവ് കുത്തനെ ഉയർന്നു, എഫ്‍പിഐകൾ 6.9 ബില്യൺ ഡോളറിന്‍റെ അറ്റവാങ്ങല്‍ ഇക്വിറ്റികളില്‍ നടത്തി. 2023 ലെ ഒരു മാസത്തെ ഏറ്റവും ഉയർന്ന പ്രതിമാസ വാങ്ങലാണിത്. "യുഎസ് ബോണ്ട് വരുമാനത്തിലെ സ്ഥിരമായ ഇടിവ് എഫ്പിഐകളുടെ തന്ത്രത്തിൽ പെട്ടെന്നുള്ള ഈ മാറ്റത്തിന് കാരണമായി," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഡിസംബറിൽ, എഫ്പിഐകൾ ധനകാര്യ സേവനങ്ങളിൽ വലിയ വാങ്ങലുകാരായിരുന്നു, ഇത് ഈ വിഭാഗത്തിന്റെ പ്രതിരോധം വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ, മൂലധന ഉല്‍പ്പന്നങ്ങള്‍, ടെലികോം തുടങ്ങിയ മേഖലകളിലും എഫ്‍പിഐകള്‍ വലിയ വാങ്ങല്‍ താല്‍പ്പര്യം പ്രകടമാക്കി.
