റിട്ടേണുകളുടെ ശരാശരി പ്രോസസിംഗ് സമയം 10 ദിവസമായി ചുരുങ്ങി: സിബിഡിടി
- റീഫണ്ട് ക്രെഡിറ്റ് ചെയ്യേണ്ട ബാങ്ക് അക്കൗണ്ട് സ്ഥിരീകരിക്കാത്തനിനാല്‍ ചില റീഫണ്ടുകള്‍ മുടങ്ങിക്കിടക്കുന്നു
- വെരിഫിക്കേഷന്‍ പൂര്‍ത്തിയായ 88 ശതമാനം റിട്ടേണുകളുടെ പ്രോസസിംഗ് പൂര്‍ത്തിയായി
നികുതിദായകർ പരിശോധിച്ചുറപ്പിച്ചതിന് ശേഷം ആദായനികുതി റിട്ടേണുകൾ(ഐടിആര്‍) പ്രോസസ് ചെയ്യുന്നതിന് എടുക്കുന്ന ശരാശരി സമയം 10 ദിവസമായി കുറച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പ്രസ്താവനയിൽ പറഞ്ഞു. 2019-20ല്‍ ശരാശരി 82 ദിവസവും 2021 -22 ല്‍ 16 ദിവസവും ആയിരുന്നു പ്രോസസിംഗിന് എടുത്തിരുന്നത്. നികുതിദായകർക്ക് തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ സേവനങ്ങൾ നൽകാനുള്ള നികുതി വകുപ്പിന്റെ ശ്രമങ്ങൾ തുടർച്ചയായി ശക്തിപ്പെടുത്തുകയാണെന്നും സിബിഡിടി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബർ 5 വരെ, 2023-24 ലെ 6.98 കോടി ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തു. അതിൽ 6.84 കോടിയുടെ സ്ഥിരീകരണം പൂര്‍ത്തിയായി. വെരിഫിക്കേഷന്‍ പൂര്‍ത്തിയായവയുടെ 88 ശതമാനം അഥവാ 6 കോടിയിലധികം റിട്ടേണുകളുടെ പ്രോസസിംഗ് പൂര്‍ത്തിയായി. നിലവിലെ മൂല്യനിർണ്ണയ വർഷത്തേക്കുള്ള 2.45 കോടിയിലധികം റീഫണ്ടുകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
നികുതിദായകരിൽ നിന്ന് ലഭിക്കേണ്ട വിവരങ്ങളോ നടപടികളോ ഇല്ലാത്തതിനാൽ ചില നികുതി റിട്ടേണുകൾ പ്രോസസ്സ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നും സിബിഡിടി പറഞ്ഞു. 2023-24 ലെ ഏകദേശം 14 ലക്ഷം ഐടിആറുകളില്‍ നികുതിദായകര്‍ ഇതുവരെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. 12 ലക്ഷത്തോളം ഐടിആറുകൾ പരിശോധിച്ചു, അവയിൽ കൂടുതൽ വിവരങ്ങൾ വകുപ്പ് തേടിയിട്ടുണ്ട്. അത്തരം ആശയവിനിമയങ്ങളോട് വേഗത്തിൽ പ്രതികരിക്കാൻ നികുതിദായകരോട് അഭ്യർത്ഥിക്കുന്നതായും സിബിഡിടി പറഞ്ഞു.
ഐടിആറുകൾ പ്രോസസ്സ് ചെയ്യുകയും റീഫണ്ടുകൾ നിർണ്ണയിക്കുകയും ചെയ്‌ത നിരവധി കേസുകളില്‍, നികുതിദായകർ റീഫണ്ട് ക്രെഡിറ്റ് ചെയ്യേണ്ട അവരുടെ ബാങ്ക് അക്കൗണ്ട് ഇതുവരെ സ്ഥിരീകരിക്കാത്തതിനാല്‍ റീഫണ്ട് നല്‍കാനാകുന്നില്ല. ഇ-ഫയലിംഗ് പോർട്ടൽ വഴി നികുതിദായകരോട് അവരുടെ ബാങ്ക് അക്കൗണ്ടുകൾ സ്ഥിരീകരിക്കാന്‍ സിബിഡിടി അഭ്യർത്ഥിച്ചു.
